ഉയർന്ന വിപണന മൂല്യമുള്ള കടൽമത്സ്യമായ കറുത്ത ഏരിയുടെ വിത്തുത്പാദനം വിജയത്തിലേയ്ക്ക്. മൂന്ന് വർഷത്തെ പരിശ്രമത്തിനൊടുവിൽ CMFRI യുടെ കർണാടകത്തിലെ കാർവാർ ഗവേഷണ കേന്ദ്രമാണ് വിത്തുത്പാദന വിദ്യ വികസിപ്പിച്ചത്.
ഇവയുടെ കൃഷി രീതി ശാസ്ത്രീയമായി വികസിപ്പിക്കുകയാണ് സി. എം എഫ്. ആർ. ഐയുടെ അടുത്ത ലക്ഷ്യം. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ കറുത്ത ഏരിയുടേതടക്കം ഏഴ് കടൽമത്സ്യങ്ങളുടെ വിത്തുത്പാദന വിദ്യയാണ് സി. എം എഫ്. ആർ. ഐ. വികസിപ്പിച്ചത്. മോദ, വളവോടി വറ്റ, ആവോലി വറ്റ, കലവ, പുള്ളി വെളമീൻ, ജോൺ സ്‌നാപ്പർ എന്നിവ ഇതിൽപെടും. വാണിജ്യാടിസ്ഥാനത്തിൽ ഈ മത്സ്യങ്ങളുടെ വിത്തുത്പാദനം നടത്താൻ താല്പര്യമുള്ളവർക്ക് CMFRI സാങ്കേതികവിദ്യ കൈമാറും.
പ്രത്യേകതകൾ
കറുത്ത ഏരിക്ക് ആഭ്യന്തര വിപണിയിൽ കിലോയ്ക്ക് 450 രൂപ വരെ വിലയുണ്ട്. പെട്ടെന്നുള്ള വളർച്ചാനിരക്കും ഉയർന്ന വിപണി മൂല്യവുമുള്ള ഇതിന് പ്രതികൂല കാലാവസ്ഥയെ അതിജീവിക്കാനുള്ള കഴിവും മികച്ച രോഗപ്രതിരോധശേഷിയുമുണ്ട്.
വഴിത്തിരിവാകുന്ന നേട്ടം
സമുദ്ര കൃഷിരംഗത്ത് വഴിത്തിരിവായേക്കാവുന്ന നേട്ടമാണിത്. സമുദ്ര മത്സ്യകൃഷി വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായി വാണിജ്യ മൂല്യമുള്ള വിവിധ കടൽമത്സ്യങ്ങളുടെ വിത്തുത്പാദന സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് സി. എം എഫ്. ആർ. ഐ. ഊന്നൽ നൽകും