കേരളത്തിലെ പ്രമുഖ കഥകളി കലാകാരൻ , നാട്യാചാര്യൻ . നൃത്താധ്യാപകൻ .സർവ്വോപരി കഥകളിയുടെ കുലപതി പത്മശ്രീ . ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ നൂറ്റി അഞ്ചാമത്തെ വയസ്സിൽ അരങ്ങൊഴിഞ്ഞു . കൊയിലാണ്ടിയിൽ ചേലിയയിലെ സ്വവസതിയിലായിരുന്നു അന്ത്യം .
കഥകളിയുടെ കേരള ചരിത്രത്തിൽ സൂര്യതേജസ്സോടെ തെളിഞ്ഞുകത്തിയ കെടാവിളക്കായിരുന്നു ഗുരു ചേമഞ്ചേരി !
നൈസർഗ്ഗികമായ കഴിവുകൾകൾക്ക് പുറമെ നിരന്തര പരിശീലനങ്ങളിലൂടെയും ,സാധനകളിലൂടെയും നൃത്തം ,കഥകളി ,കേരള നടനം തുടങ്ങിയവയിലെല്ലാം അസാമാന്യപാടവം പ്രദർശിപ്പിച്ച ഗുരു ചേമഞ്ചേരി പിൽക്കാലത്ത് ലോക മാധ്യമങ്ങളിൽവരെ ഇടം നേടി കേരളത്തിൻറെ യശസ്സുയർത്തി.
മേപ്പയൂരിലെ രാധാകൃഷ്ണ കഥകളിയോഗത്തിൽ നാടകത്തോടെയായിരുന്നു ആദ്യത്തെ രംഗപ്രവേശം..
അരങ്ങിലെ ആദ്യ വേഷം കിരാതത്തിലെ പാഞ്ചാലി.
മലബാർ സുകുമാരൻ ഭാഗവതരോടൊപ്പം 1977 ൽ പൂക്കാട് കലാലയത്തിൻറെ പ്രവർത്തനമാരംഭിച്ച ഇദ്ദേഹം 1983 ൽ ചേലിയ കഥകളി വിദ്യാലയത്തിന് ശുഭാരംഭം കുറിച്ചു.
2017 ൽ രാജ്യം പദ്‌മശ്രീ ബഹുമതി നൽകി ആദരിച്ച ഗുരുവിന് ലഭിച്ച പുരസ്‌കാരങ്ങൾ എണ്ണിപ്പറയാനേറെ .നൃത്തത്തിന് സംഗീതനാടക അക്കാദമി അവാർഡ് ,കഥകളിക്കും നൃത്തത്തിനും കേരള സംഗീതനാടക അക്കാദമി ഫെല്ലോഷിപ്പ് ,കേരളകലാമണ്ഡലത്തിൻറെ വിശിഷ്ട സേവന പുരസ്കാരം -കലാ രത്നം അവാർഡ് .കേന്ദ്ര സാമൂഹ്യ നീതി വകുപ്പിൻറെ വയോശ്രേഷ്ഠപുരസ്‌കാരം തുടങ്ങി എണ്ണമറ്റ ബഹുമതികൾ .
പത്തുവർഷക്കാലം കേരളസർക്കാർ നടന ഭൂഷണം എക്‌സാമിനർ ,തിരുവനന്തപുരം ദൂരദർശൻ നൃത്തവിഭാഗത്തിൻറെ ഒഡീഷൻ കമ്മറ്റി അംഗമായി മൂന്ന് വർഷം സേവനമനുഷ്ടിച്ചതിനു പുറമെ സംഗീതനാടക അക്കാദമി കൗൺസിൽ അംഗമായും രണ്ടു വർഷം ഗുരു ചേമഞ്ചേരി സേവനമനുഷ്ഠിച്ചിട്ടുണ്ട് .
അനുഷ്ഠാനകലകളിലെ പ്രധാന അംശങ്ങളായ അഭിനയം സംഗീതം നാട്യം നൃത്തം സാഹിത്യം വാദ്യം തുടങ്ങിയവകളുടെ സമന്വയമാണ് കേരളത്തിന്റെ തനതായ ദൃശ്യകലാരൂപമായ കഥകളി .
ഗുരുചേമഞ്ചേരിയുടെ ജീവാത്മാവും പരമാത്മാവുമായിരുന്നു ചേലിയ കഥകളി വിദ്യാലയം .
കേരളത്തിൻറെ പലഭാങ്ങളിലായി പരന്നു കിടക്കുന്ന എണ്ണമറ്റ ശിഷ്യസമ്പത്തുതന്നെയാണ് ഗുരു ചേമഞ്ചേരി105 വയസ്സിനിടയിൽ സമ്പാദിച്ചെടുത്ത ഏറ്റവും വലുതും വിലപിടിപ്പുള്ളതുമായ സമ്പാദ്യം .
പൂക്കാട് കലാലയത്തിൻറെ നേതൃത്വത്തിൽ വിവിധ ക്ലാസിക്കൽ നാടോടി നൃത്തരൂപങ്ങൾ സമന്വയിപ്പിച്ചുകൊണ്ട് കാപ്പാട് കടലോരത്ത് ആയിരം നർത്തകികൾക്കൊപ്പം സഹസ്രമയുരം പരിപാടിയിൽ പ്രായം മറന്നു കൊണ്ട് ഗുരു ചേമഞ്ചേരി നൃത്തച്ചുവടുവെച്ച് പ്രേക്ഷകരെ വിസ്‌മപ്പിച്ചതും മങ്ങലേൽക്കാത്ത ഓർമ്മക്കാഴ്ച . സദാ ക്ഷീണഭാവമില്ലാത്ത സദാപുഞ്ചിരിക്കുന്ന മുഖം .
ഉത്‌ഘാടനച്ചടങ്ങിനായാലും സ്വീകരണത്തിനായാലും അനുഗ്രഹപ്രഭാഷണത്തിനായാലും ആരു വിളിച്ചാലും എതിരുപറയാതെ കൃത്യസമയത്തിനുതന്നെ അദ്ദേഹമെത്തും .
എളിമയും ലാളിത്യവും നിറഞ്ഞ ശുദ്ധ നാട്ടുമ്പുറത്തുകാരൻ എന്നുകൂടി പറഞ്ഞാൽ തെറ്റാവില്ല .
കഥകളി അരങ്ങിൽ കൂടുതലും കൃഷ്‌ണവേഷം കെട്ടിയാടിയ ഗുരൂ ചേമഞ്ചേരി ഭാരതീയ നൃത്ത കലാലയം എന്നപേരിൽ ഉത്തര കേരളത്തിലെ ആദ്യത്തെ നൃത്താലയം 1944 ൽ കണ്ണൂരിലാണ് സ്ഥാപിച്ചത് .പിൽക്കാലത്ത് ഭാരതീയ നാട്യകലാലയമായി ഈ സ്ഥാപനം മാറുകയാണുണ്ടായത്.
മഹാത്മാ ഗാന്ധിക്ക് സ്വന്തം കൈയ് യിലെ സ്വർണ്ണവളകൾ ഊരി സമർപ്പിച്ച രാജ്യസ്നേഹി യും കണ്ണൂർ ഗവ .ഗേൾസ് ഹൈസ്‌കൂൾ അദ്ധ്യാപികയുമായ കൌമുദി ടീച്ചർ ആയിരുന്നു ചേമഞ്ചേരി കുഞ്ഞിരാമൻ നായരെ നൃത്ത അധ്യാപന മേഖലയിലേയ്ക്ക് കൈപിടിച്ചുയർത്തിയതെന്നതും എറെ ശ്രദ്ധേയം .
കഥകളിആചാര്യൻ ഗുരു ചേമഞ്ചേരി യുടെ നൂറ്റി നാലാം പിറന്നാൾ ചേലിയ കഥകളി വിദ്യാലയത്തിൻറെ നേതൃത്വത്തിൽ 2019 മിഥുനമാസത്തിലെ കാർത്തിക നാളിലായിരുന്നു .
അദ്ദേഹത്തിൻറെ വീട്ടിൽ നടന്ന ആഘോഷച്ചടങ്ങിൽ നൂറ്റി നാലാം പിറന്നാൾ സദ്യ ഉണ്ടതിനുശേഷമാണ് ചേലിയ കഥകളി വിദ്യാലയത്തിലെ പൊതുപരിപാടിയിൽ അദ്ദേഹം സന്നിഹിതനായത് .
പഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരൻറെ അദ്ധ്യക്ഷതയിൽ പ്രമുഖചരിത്രകാരൻ ഡോ .എം.ആർ .രാഘവവാരിയർ ആയിരുന്നു ആഘോഷ പരിപാടിയുടെ മുഖ്യ ഇനമായ സമാദരണചടങ്ങിന് തിരി തെളിയിച്ചത് .
നിരവധി പ്രമുഖ വ്യക്തിത്വങ്ങൾക്കൊപ്പം ആരാധകരും ശിഷ്യഗണങ്ങളുമടങ്ങുന്ന പ്രൊഡഗംഭീരമായ സദസ്സിൽ ഗുരുവിനൊപ്പം നവാഗത ചലച്ചിത്ര സംവിധായകൻ മനു അശോകൻ , മുതിർന്ന കഥകളി കലാകാരൻ കലാനിലയം പദ്‌മനാഭൻ തുടങ്ങിയവരെ ആഘോഷച്ചടങ്ങിൽ ആദരിക്കുകയുണ്ടായി .വൈകുന്നേരം ഗുരുവിന് ഏറെ പ്രിയങ്കരമായ കുചേലവൃത്തം കഥകളി അരങ്ങേറ്റവുമുണ്ടായി .
കലാനിലയം രാഘവനാശാൻ ,കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ,കലാമണ്ഡലം പ്രേംകുമാർ ആർദ്രപ്രേം കോട്ടക്കൽ നാരായണൻ .കലാനിലയം ഹരി ,കലാനിലയം പദ്‌മനാഭൻ ,കലാമണ്ഡലം ശിവദാസ് ,കോട്ടക്കൽ ശബരീഷ് ,വി കെ ലിജീഷ് തുടങ്ങിയ കലാകാരന്മാർ അന്ന് നടന്ന കഥകളിയുടെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചു .ഡി ജി പി ലോക് നാഥ് ബെഹ്‌റ അന്ന് ടെലിഫോണിൽ ഗുരുവിനു ജന്മദിനാശംസകൾ അർപ്പിച്ചു .
മടൻകണ്ടി ചാത്തുക്കുട്ടി നായരുടേയും അമ്മുക്കുട്ടി അമ്മയുടെയും പുത്രനായി 1916 ജൂൺ 2 ന് ജനിച്ച ചേമഞ്ചേരി കുഞ്ഞിരാമനാനായർ എന്ന അത്ഭുത പ്രതിഭയുടെ വിവാഹം മുപ്പത്തി രണ്ടാമത്തെ വയസ്സിൽ .തലശ്ശേരി പുന്നോൽ സ്കൂളിലെ ജാനകിടീച്ചരായിരുന്നു സഹധർമ്മണി.മക്കൾ ഹേമലത ,പവിത്രൻ
https://www.youtube.com/watch?v=r6EGxLI5PJI
https://www.youtube.com/watch?v=3G3kgEBL5t4