1. കാലാവസ്ഥാവ്യതിയാനം നേരിടുന്നതിനും അതിന് അനുസൃതമായ കൃഷിരീതി അവലംബിച്ചു കാർഷിക വരുമാനം വർദ്ധിപ്പിക്കുന്നതിനുമായി കൃഷിവകുപ്പ് സമർപ്പിച്ച കേര പദ്ധതിയ്ക്ക് ലോകബാങ്ക് സഹായം ലഭിച്ചതായി കൃഷി മന്ത്രി പി. പ്രസാദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരളാ ക്ലൈമറ്റ് റെസിലിയന്റ്റ് അഗ്രി-വാല്യൂ ചെയിൻ എന്നതാണ് 'കേര' പദ്ധതിയുടെ പൂർണരൂപം. ഒക്ടോബർ 31ന് കൂടിയ ലോക ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ യോഗം സംസ്ഥാന കൃഷി വകുപ്പ് സമർപ്പിച്ച 2,365.5 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകി. ആദ്യ ഗഡുവായി 1,655.85 കോടി രൂപ അനുവദിക്കുകയും ചെയ്തു. കേരളത്തിലെ കാർഷികമേഖലയിൽ അടുത്ത 5 വർഷം കൊണ്ട് പദ്ധതികൾ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. പദ്ധതി തുകയിൽ നിന്ന് 500 കോടി രൂപ മുതൽ മുടക്കി നെൽകൃഷി പ്രോത്സാഹിപ്പിക്കുമെന്നും സ്ത്രീകൾ നടത്തുന്ന ചെറുകിട, ഇടത്തരം കാർഷിക സംരംഭങ്ങൾക്കുള്ള വാണിജ്യ സഹായമായി 76 കോടി രൂപ പ്രത്യേക ധനസഹായവും ഉൾപ്പെടുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2. തിരുവനന്തപുരം, വെള്ളായണി കാര്‍ഷിക കോളജിലെ പോസ്റ്റ്ഹാര്‍വെസ്റ്റ് മാനേജ്മെന്‍റ് വിഭാഗത്തില്‍ വച്ച് ‘പഴം – പച്ചക്കറി സംസ്കരണം’ എന്ന വിഷയത്തില്‍ നവംബർ 7-ാം തീയതി ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 500/- രൂപയാണ് പരിശീലന ഫീസ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്കായിരിക്കും പരിശീലനത്തിന് അവസരം ലഭിക്കുക. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ പ്രവൃത്തി സമയങ്ങളില്‍ 9995766982 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
3. സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ അറിയിപ്പ്. തീവ്രമഴ കണക്കിലെടുത്ത് തിരുവനന്തപുരം ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായും തെക്കു കിഴക്കന്‍ അറബിക്കടലിലുമാണ് ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതും തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തെക്കന്‍ തമിഴ്നാട് വരെ ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നതിന്റെയും സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴയാണ് കേന്ദ്രകാലാവസ്ഥാവകുപ്പ് പ്രവചിച്ചിരിക്കുന്നത്.