ആലപ്പുഴ: നാളികേര ഉത്പ്പാദനം ശാസ്ത്രീയമായി വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ രൂപം കൊടുത്ത കേരഗ്രാമം പദ്ധതി മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ജില്ലയില്‍ ആദ്യമായി പദ്ധതിക്ക് തുടക്കം കുറിച്ച ഭരണിക്കാവ്, വള്ളിക്കുന്നം പഞ്ചായത്തുകള്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി മുന്നോട്ട്.
പദ്ധതി മൂന്നാം ഘട്ടത്തിലേക്കെത്തുമ്പോള്‍ നാലായിരത്തിലേറെ കര്‍ഷകരാണ് പദ്ധതിയുടെ ഗുണഭോക്താക്കളായി രണ്ടു പഞ്ചായത്തുകളിലുമുള്ളത്. പദ്ധതിക്ക് പ്രവര്‍ത്തനം കുറിച്ച് ആദ്യഘട്ടത്തില്‍ 5,17,000 രൂപയുടെ പ്രവര്‍ത്തനങ്ങളാണ് നടന്നത്. പദ്ധതിയുടെ ഭാഗമായി ഗുണമേന്മയില്ലാത്തതും മണ്ഡരി തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചതുമായ തെങ്ങുകള്‍ വെട്ടിമാറ്റി. തെങ്ങിന് തടം എടുക്കുന്നതിന് തെങ്ങൊന്നിന് 75 രൂപ വിതം ധനസഹായമായി കര്‍ഷകര്‍ക്ക് നല്‍കി. സബ്‌സിഡി ഇനത്തില്‍ ഡോളോമൈറ്റ്, പൊട്ടാസ്യം, വളങ്ങള്‍ എന്നിവയും വിതരണം ചെയ്തു.
ജൈവമാലിന്യ കമ്പോസ്റ്റ് നിര്‍മ്മിക്കുന്നതിന് 80,000 രൂപ ധനസഹായവും തെങ്ങിന്‍ തോട്ടത്തില്‍ കുളം/ കുഴല്‍ കിണര്‍ നിര്‍മിക്കുന്നതിന് അഞ്ച് ലക്ഷം രൂപയും നല്‍കി. 2000 രൂപ സബ്‌സിഡിയോടെ രണ്ടു പഞ്ചായത്തുകളിലും 61 വീതം തെങ്ങുകയറ്റ യന്ത്രങ്ങളും വിതരണം ചെയ്തു. കഴിഞ്ഞ് രണ്ട് വര്‍ഷങ്ങളിലായി വാര്‍ഡ് തല കണ്‍വീനര്‍മാര്‍ വഴിയാണിത് നടപ്പാക്കുന്നത്.
പദ്ധതി മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ കര്‍ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു തുടങ്ങി. മൂന്നാം വര്‍ഷ പദ്ധതിയില്‍ തെങ്ങിന് തടം തുറന്ന് ജൈവവളം, പൊട്ടാഷ് എന്നിവ ഇട്ട കര്‍ഷകര്‍ക്ക് തെങ്ങൊന്നിന് പരമാവധി 15 രൂപ വരെ സബ്സിഡി നല്‍കും. മുന്‍ വര്‍ഷങ്ങളില്‍ പദ്ധതിയില്‍ ഉള്‍പ്പെടാത്തവര്‍ക്കും ഈ വര്‍ഷം അപേക്ഷിക്കാം. ജനകീയാസൂത്രണ പദ്ധതിയില്‍ സബ്സിഡി നിരക്കില്‍ നാടന്‍ തെങ്ങിന്‍ തൈകള്‍ ലഭ്യമാക്കുക, കീടരോഗബാധയേറ്റ് നശിച്ച തെങ്ങുകള്‍ മുറിച്ചു മാറ്റുക, വളക്കുഴികളില്‍ കൊമ്പന്‍ ചെല്ലി പുഴുക്കളെ നിയന്ത്രിക്കാന്‍ പച്ചക്കുമിള്‍ (മെറ്റാ റൈസിയം) പ്രയോഗിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷം നടത്തുക.
പദ്ധതിയിലൂടെ ഗുണമേന്മയില്ലാത്ത, രോഗം ബാധിച്ച തെങ്ങുകള്‍ മുറിച്ചു മാറ്റാനും ഇതുവഴി മറ്റ് തെങ്ങുകളിലേക്ക് രോഗം പടരുന്നത് തടയാനും സാധിച്ചു. കൂടുതല്‍ കര്‍ഷകരെ തെങ്ങ് കൃഷിയിലേക്ക് കൊണ്ടുവരാനും നാളികേരകൃഷി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞതായും വള്ളികുന്നം കൃഷി ഓഫീസര്‍ ഷാനിദ ബീവി, ഭരണിക്കാവ് കൃഷി ഓഫീസര്‍ പൂജ എന്നിവര്‍ പറഞ്ഞു.