Updated on: 18 August, 2023 12:02 PM IST
Kerala Agro Business Company formed; NABARD to take stake in KABCO

കേരളത്തിന്റെ കാർഷിക ഉൽപ്പന്നങ്ങൾക്ക് പരമാവധി വില ലഭ്യമാക്കുക, വിവിധ കാർഷികോൽപ്പന്നങ്ങളുടെ സംഭരണത്തിനും സംസ്‌കരണത്തിനും മൂല്യവർധനവിനും ദേശീയ അന്തർദേശീയ വിപണനത്തിനും പുത്തൻ മാർഗം കണ്ടെത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്‌കോ), ചിങ്ങം ഒന്നിന് സംസ്ഥാനതല കർഷക ദിനാഘോഷ വേദിയിൽ രൂപീകരിച്ചു. കാബ്‌കോ രൂപീകൃതമായ അന്ന് തന്നെ കമ്പനിയിൽ ഓഹരി എടുക്കാൻ തയാറായി നബാർഡ് മുന്നോട്ടുവന്നതായി സംസ്ഥാന കൃഷി മന്ത്രി പി. പ്രസാദ് അറിയിച്ചു.

തിരുവനന്തപുരം കനകക്കുന്നിൽ നടന്ന പ്രൗഢ പരിപാടിയിൽ കർഷക ദിനാഘോഷം, കർഷക അവാർഡ് വിതരണം, കാബ്‌കോ ഉദ്ഘാടനം, പച്ചക്കറിക്കും ചെറുധാന്യങ്ങൾക്കും മുൻഗണന നൽകി സ്വയംപര്യാപ്തമായ ആരോഗ്യ ഭക്ഷണം ലക്ഷ്യംവെച്ച് കൃഷിവകുപ്പ് ആരംഭിക്കുന്ന പോഷക സമൃദ്ധി മിഷന്റെ പ്രഖ്യാപനം എന്നിവ കൃഷി മന്ത്രി നിർവഹിച്ചു. പി.പി.പി മാതൃകയിൽ രൂപീകരിച്ച കാബ്‌കോയിൽ നിലവിൽ 33 ശതമാനം സർക്കാർ, 24 ശതമാനം കർഷകർ, 25 ശതമാനം കൃഷികൂട്ടങ്ങൾ, എഫ്.ബി.ഒകൾ, കാർഷിക സഹകരണ സംഘങ്ങൾ, 13 ശതമാനം പൊതുവിപണി, 5 ശതമാനം ധനകാര്യസ്ഥാപനങ്ങൾ എന്നിങ്ങനെയാണ് ഓഹരികൾ നിശ്ചയിച്ചിട്ടുള്ളത്. നബാർഡ് കൂടി ചേരുന്നതോടെ മികച്ച രീതിയിൽ തന്നെ കാബ്‌കോയ്ക്കു മുന്നോട്ടു പോകാൻ സാധിക്കുമെന്ന് മന്ത്രി പ്രസാദ് പറഞ്ഞു.

കാബ്‌കോയ്ക്കു ലഭിക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം കർഷകർക്ക് നൽകും. നിലവിൽ കേരളത്തിലെ കാർഷിക ഉൽപ്പന്നങ്ങൾ 'കേരള ഗ്രോ' എന്ന ബ്രാൻഡിൽ വിപണിയിൽ ലഭ്യമാണ്. ഇത്തരത്തിൽ 195 ഉൽപ്പന്നങ്ങൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി ലഭ്യമാക്കിയിട്ടുണ്ട്. ഈ വർഷത്തോടെ സംസ്ഥാനത്തെ എല്ലാ കൃഷിഭവനുകളുടെയും കേരള ഗ്രോ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കും. ഈ വർഷം 500 കോടിയുടെ അന്താരാഷ്ട്ര വിപണിയാണ് കേരളം ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

സുരക്ഷിതമായ ഭക്ഷണം എന്നതിന് മുൻഗണന നൽകിക്കൊണ്ടാണ് പോഷക സമൃദ്ധി മിഷൻ രൂപീകരിച്ചത്. ശരീരത്തിന് വേണ്ട അളവിൽ മലയാളികൾ പച്ചക്കറി കഴിക്കുന്നില്ല എന്നാണ് കണക്കൾ വ്യക്തമാക്കുന്നതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ജീവിതശൈലി രോഗങ്ങൾ ഉൾപ്പെടെ വർധിക്കുകയാണ്. 20.23 ലക്ഷം ടൺ പച്ചക്കറി കേരളത്തിൽ ആവശ്യമാണ്. എന്നാൽ നമ്മൾ 17.1 ലക്ഷം ടൺ മാത്രമേ ഉൽപ്പാദിപ്പിക്കുന്നുള്ളൂ. എങ്കിലും 2015-16 കാലത്തെ 6.28 ലക്ഷം ടൺ പച്ചക്കറി എന്നതിൽ നിന്നാണ് ഇപ്പോൾ 17.12 ലക്ഷം ടണ്ണിലേക്ക് വർധിച്ചിരിക്കുന്നത്. ഈ വർഷം 25 ലക്ഷം കുടുംബങ്ങളെ പോഷക സമൃദ്ധി മിഷന്റെ ഭാഗമാക്കുക എന്ന ദൗത്യമാണ് കൃഷി വകുപ്പ് ഏറ്റെടുത്തിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. 2026 ഓടെ കേരളത്തിലെ എല്ലാ കുടുംബങ്ങളെയും മിഷന്റെ ഭാഗമാക്കും.

ചെറുധാന്യങ്ങൾക്കും പച്ചക്കറിക്കും മുൻഗണന നൽകിക്കൊണ്ടാണ് സുരക്ഷിത ഭക്ഷണം എന്ന മുദ്രാവാക്യവുമായി പോഷക സമൃദ്ധി മിഷൻ പ്രവർത്തിക്കുക. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ആറ് പുതിയ ചെറുധാന്യ സംസ്‌കരണ കേന്ദ്രങ്ങൾ തുടങ്ങും. ചെറുധാന്യങ്ങളുടെ ഉത്പാദനം 3000 ടണ്ണായി വർധിപ്പിക്കും. ഏറെ പ്രോട്ടീൻ ഉള്ള പയർ വർഗ്ഗങ്ങളുടെ ഉല്പാദനവും ഉപഭോഗവും പ്രോത്സാഹിപ്പിക്കും. നിലവിൽ 1421 ടൺ ഉള്ള പയറുവർഗങ്ങളുടെ ഉൽപാദനം 10,000 ടൺ ആക്കും. ആത്മയുടെ നേതൃത്വത്തിൽ 100 ഫാം സ്‌കൂളുകൾ സ്ഥാപിക്കും. മൂന്നുവർഷംകൊണ്ട് പോഷക സമൃദ്ധി മിഷൻ അതിന്റെ ലക്ഷങ്ങൾ കൈവരിക്കുമെന്നാണ് കരുതുന്നത്.

മിഷൻ ലക്ഷ്യത്തിലെത്തിക്കാൻ സജീവ പ്രവർത്തനങ്ങൾ നടത്തുന്ന കൃഷി ഉദ്യോഗസ്ഥർ, കാർഷിക കൂട്ടായ്മകൾ, കർഷകർ എന്നിവർക്ക് വിവിധ അവാർഡുകളും പ്രോത്സാഹനങ്ങളും നൽകും. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള വരൾച്ച, വെള്ളപ്പൊക്കം എന്നിവയെല്ലാം പരിഗണിച്ച് കൂടുതൽ വിളകളെ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്താനുള്ള നടപടി അന്തിമഘട്ടത്തിലാണെന്ന് മന്ത്രി അറിയിച്ചു. നിലവിൽ കാലാവസ്ഥാ മാറ്റം കാരണം വിളകൾ മുഴുവൻ നശിച്ചാൽ മാത്രമേ ഇൻഷുറൻസ് തുക ലഭിക്കുകയുള്ളൂ. ഇത് മാറ്റി വരൾച്ച മൂലമോ വെള്ളപ്പൊക്കം മൂലമോ ഉൽപാദനം കുറഞ്ഞാലും നഷ്ടപരിഹാരം ലഭ്യമാകുന്ന രീതിയിലായിരിക്കും പുതിയ ഇൻഷുറൻസ് പദ്ധതി നടപ്പിൽ വരിക.

ചടങ്ങിൽ കാബ്‌കോ ലോഗോ കൃഷി മന്ത്രി പ്രകാശനം ചെയ്തു. പൊതുവിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുത്ത വിളകൾ നട്ടുകൊണ്ട് മന്ത്രിമാരായ പി പ്രസാദ്, വി ശിവൻകുട്ടി, ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആർ അനിൽ, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവർ പോഷക സമൃദ്ധി മിഷൻ പ്രഖ്യാപനം നടത്തി.ഫാം ഇൻഫർമേഷൻ ബ്യൂറോ തയ്യാറാക്കിയ ‘ഹരിതഗാഥ’ പുസ്തകം കൃഷി മന്ത്രിക്ക് നൽകി ഗതാഗതമന്ത്രി പ്രകാശനം ചെയ്തു. ഇതിന് ശേഷം കർഷക അവാർഡുകൾ മന്ത്രിമാർ വിതരണം ചെയ്തു.

ബന്ധപ്പെട്ട വാർത്തകൾ: നിയുക്തി 2023 തൊഴിൽ മേള ഓഗസ്റ്റ് 19-ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു.

English Summary: Kerala Agro Business Company formed; NABARD to take stake in KABCO
Published on: 18 August 2023, 12:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now