കിട്ടാക്കടം തിരിച്ചുപിടിക്കാൻ കർമപദ്ധതിയും സേവനം ജനകീയമാക്കാനുള്ള നിക്ഷപപദ്ധതിയും നിർദേശിച്ച് കേരള ബാങ്കിന്റെ പ്രഥമ ഭരണസമിതിയോഗം. ഗോപി കോട്ടമുറിക്കലിനെ പ്രസിഡന്റായും എം.കെ. കണ്ണനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തതിനുശേഷമാണ് ബാങ്കിന്റെ ബിസിനസ് കാര്യങ്ങൾ പരിഗണിച്ചത്. വിദ്യാർഥികൾക്ക് ഗുണമാവുന്ന രീതിയിൽ ‘കുട്ടി നിക്ഷേപ’ പദ്ധതിക്ക് ബോർഡ് അനുമതിനൽകി.
വിദ്യാർഥി പന്ത്രണ്ടാംക്ലാസിൽ എത്തുന്നതുവരെ കാലാവധിയുള്ളതാകും ഈ നിക്ഷേപ സ്കീം. പ്ലസ് ടു കഴിയുമ്പോൾ നിക്ഷേപവും അതിന് ആനുപാതികമായ ബാങ്കുവിഹിതവും ചേർത്ത് തിരികെ ലഭിക്കും. കുടിശ്ശിക പിരിച്ചെടുക്കാൻ ‘സ്പെഷ്യൽ ഡ്രൈവ്’ നടത്താനും ആദ്യ ബോർഡ് യോഗം തീരുമാനിച്ചിട്ടുണ്ട്.