കൊല്ലം: ക്ഷീരോത്പാദനത്തില്‍ കേരളം ഉടന്‍ സ്വയംപര്യാപ്തത കൈവരിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷീരകര്‍ഷകരുടെ വീട്ടുപടിക്കല്‍ സേവനങ്ങള്‍ എത്തിക്കുന്ന പദ്ധതികളുമായാണ് സര്‍ക്കാരിനൊപ്പം മില്‍മയും മുന്നോട്ടു പോകുന്നത്. മില്‍മ ഉത്പ്പന്നങ്ങളുടെ വിപണന ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൊല്ലം കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ ആരംഭിച് മില്‍മ ഫുഡ് ട്രക്കിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കട്ടപ്പുറത്തിരിക്കുന്ന കെ എസ് ആര്‍ ടി സി വാഹനങ്ങള്‍ നവീകരിച്ച് മില്‍മ ഫുഡ് ട്രക്കാക്കി ഉപയോഗിക്കുന്നതാണ് പദ്ധതി. യാത്രക്കാര്‍ക്ക് വിശ്വാസയോഗ്യമായ ഉത്പന്നങ്ങള്‍ കഴിക്കുവാന്‍ ഇതിലൂടെ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മില്‍മയെ ഉപയോഗിച്ച് ലഹരിക്കെതിരെയുള്ള ക്യാമ്പയിനുകളും സംഘടിപ്പിക്കും. സ്‌കൂള്‍ അറ്റ് മില്‍മ എന്ന പദ്ധതിയിലൂടെ കുട്ടികള്‍ ലഹരിക്ക് പുറകെ പോകാതെ മില്‍മ ഉത്പ്പന്നങ്ങള്‍ കഴിക്കുവാന്‍ കാരണമാവുന്നുണ്ട്.
മില്‍മയിലൂടെ ലഭിക്കുന്ന ലാഭത്തിന്റെ 80 ശതമാനവും ക്ഷീരകര്‍ഷകരെ സഹായിക്കുന്നതിന് വേണ്ടിയുള്ളതായിരിക്കും. കെ എസ് ആര്‍ ടി സി-യെ കൂടി സഹായിക്കുകയാണ് മില്‍മ ഫുഡ് ട്രക്ക് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിലെ പ്രധാനപ്പെട്ട ബസ് സ്റ്റാന്‍ഡുകളില്‍ ഉടന്‍ മില്‍മ ഫുഡ് ട്രക്കുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. പ്രതിദിനം ഏകദേശം 16 ലക്ഷം ലിറ്റര്‍ പാലാണ് കേരളത്തിന് ആവശ്യമായി വരുന്നത് അതില്‍ 14 ലക്ഷം ലിറ്റര്‍ പാല്‍ കേരളത്തില്‍ സംഭരിച്ചു വരികയാണ്. പാല്‍ കൊണ്ട് നിര്‍മിക്കുന്ന 50 ലധികം ഉത്പ്പന്നങ്ങള്‍ മില്‍മ ലഭ്യമാക്കും.
ബന്ധപ്പെട്ട വാർത്തകൾ: പശുക്കളിലും മറ്റു കന്നുകാലികളിലും ഉള്ള അകിടുവീക്കം തടയാൻ മഞ്ഞൾ
വ്യത്യസ്തയിനം മണത്തോടും രുചിയോടും കൂടിയ ഐസ്‌ക്രീമുകള്‍ മില്‍മ പുറത്തിറക്കുന്നുണ്ട്. അധിക പാല് പൊടിയാക്കുന്നതിനുള്ള സംവിധാനങ്ങള്‍ നടപ്പിലാക്കി വരുകയാണ്. അതിദരിദ്രര്‍ക്ക് 90 ശതമാനം സബ്‌സിഡിയോടുകൂടി പശുക്കളെ വിതരണം ചെയ്യും. ക്ഷീര ഗ്രാമം പദ്ധതി 50 ഓളം പഞ്ചായത്തുകളില്‍ നടപ്പിലാക്കാനുള്ള പരിശ്രമത്തിലാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ മില്‍മ തിരുവനന്തപുരം യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍ ഭാസുരാംഗന്‍ അധ്യക്ഷത വഹിച്ചു. മില്‍മ തിരുവനന്തപുരം യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി മെമ്പര്‍ കെ ആര്‍ മോഹനന്‍ പിള്ള, മില്‍മ തിരുവനന്തപുരം യൂണിയന്‍ മാനേജിംഗ് ഡയറക് ടര്‍ ഡി എസ് കോണ്ട, കൊല്ലം കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, കൗണ്‍സിലര്‍ ഹണി ബെഞ്ചമിന്‍, മില്‍മ തിരുവനന്തപുരം യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി മെമ്പര്‍ വിഎസ് പത്മകുമാര്‍, കൊല്ലം കെ എസ് ആര്‍ ടി സി -ഡി ടി ഒ എ അബ് ദുല്‍ നിഷാര്‍, കൊല്ലം ഡയറി മാനേജര്‍ സി എ മുഹമ്മദ് അന്‍സാരി തുടങ്ങിയവര്‍ സംസാരിച്ചു.