News

സ്വയംപര്യാപ്തത ലക്ഷ്യമിട്ട് കര്‍ഷക സൗഹൃദ പദ്ധതികളുമായി  ക്ഷീരവികസന വകുപ്പ്

കൊച്ചി: മികച്ച പദ്ധതി നിര്‍വ്വഹണങ്ങളിലൂടെ നേട്ടങ്ങള്‍ സ്വന്തമാക്കി മുന്നേറുകയാണ് ക്ഷീര വികസന വകുപ്പ്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ കാഴ്ചവെച്ച വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചും ക്ഷീരോത്പാദനത്തില്‍  സ്വയംപര്യാപ്തത എന്ന ലക്ഷ്യവുമായാണ് ക്ഷീര വികസന വകുപ്പിന്റെ പ്രവര്‍ത്തനം. സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷിക പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഈ മേഖലയിലേക്ക് നിര്‍ദ്ദേശിക്കുന്ന പദ്ധതി പ്രവര്‍ത്തനങ്ങള്‍, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, ആത്മ മുഖേനയുള്ള പ്രവര്‍ത്തനങ്ങള്‍, ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നിവയും വകുപ്പ് നടപ്പിലാക്കി വരുന്നു.

ആര്‍ഡിഇ ആന്റ് എഎസ് ഗ്രാമീണ വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  126 കര്‍ഷക സമ്പര്‍ക്ക പരിപാടികള്‍, 15 ഗുണഭോക്തൃ  മുഖാമുഖം പരിപാടി, 15 ഗുണനിലവാര ബോധവത്കരണ പരിപാടി, 13 ക്ഷീര സംഗമങ്ങള്‍, ഒരു ജില്ലാ ക്ഷീര സംഗമം എന്നിങ്ങനെ വിവിധ പദ്ധതികളാണ് 2017-18 സാമ്പത്തിക വര്‍ഷം നടപ്പാക്കിയത്. 19.77 ലക്ഷം രൂപ ഈ പദ്ധതികള്‍ക്കായി ചെലവഴിച്ചു.

തീറ്റപ്പുല്‍കൃഷി പദ്ധതി പ്രകാരം 120 ഹെക്ടര്‍ സ്ഥലത്ത് തീറ്റപ്പുല്‍കൃഷി നടത്തുകയും 255 കര്‍ഷകര്‍ക്ക് അസോള കിറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്തു. കൂടാതെ 8 ഹെക്ടര്‍ തരിശുഭൂമിയില്‍ പുല്‍കൃഷി നടപ്പിലാക്കുന്നുമുണ്ട്. ഏകദേശം 41.5 ലക്ഷം രൂപയാണ്  പദ്ധതിക്കായി വിനിയോഗിച്ചത്. 

എംഎസ്ഡിപി മില്‍ക്ക്‌ഷെഡ് ഡവലപ്പ്‌മെന്റ് പദ്ധതി പ്രകാരം മൂവാറ്റുപുഴ, കൂവപ്പടി, കോതമംഗലം ബ്ലോക്ക് പഞ്ചായത്തുകളെ  ഡയറി സോണുകളായി തെരഞ്ഞെടുത്ത് അവിടെ മാത്രമായി 129.08 ലക്ഷം രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. മറ്റ് ബ്ലോക്കുകളില്‍ 103.58 ലക്ഷം രൂപയുടെ പദ്ധതികളും നടന്നു വരുന്നു.  കൂടാതെ ഒരു പശു, 2 പശു, 5 പശു, 10 പശു, 10 കിടാരി, 5 കിടാരി, കാലിത്തൊഴുത്ത് നിര്‍മ്മാണം, മില്‍ക്കിംഗ് മെഷീന്‍, വെര്‍മി കമ്പോസ്റ്റ്, ടാങ്ക് സൈലോ എന്നീ പദ്ധതികളും നടപ്പാക്കുന്നു. ആകെ 232.67 ലക്ഷം രൂപയാണ് ചെലവഴിച്ചത്. 

ക്വാളിറ്റി കണ്‍ട്രോള്‍ ലാബുകളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ലാബുകള്‍ക്ക് ഒരു ലക്ഷം രൂപയുടെ ധനസഹായവും കര്‍ഷകര്‍ക്ക് ആവശ്യാധിഷ്ടിത പദ്ധതിയും സംഘങ്ങള്‍ക്ക് അഡ്വാന്‍സ്ഡ് മില്‍ക്ക് ടെസ്റ്റിംഗ് ഫെസിലിറ്റി  ധനസഹായവും നല്‍കി വരുന്നു. 6.02 ലക്ഷം രൂപയുടെ പദ്ധതികള്‍ ഇതിനു കീഴില്‍ നടപ്പാക്കി. മിനറല്‍ മിക്‌സ്ചര്‍ ഇനത്തില്‍ 8000 കിലോഗ്രാം കാള്‍സാഗര്‍ പ്ലസ്  കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. ഡയറക്ട് ബാങ്ക് ട്രാന്‍സാക്ഷന്‍ വഴി കാലിത്തീറ്റ സബ്‌സിഡി ഇനത്തില്‍ 2017 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളിലെ പാലളവിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് ലിറ്ററിന് ഒരു രൂപ നിരക്കില്‍ കാലിത്തീറ്റ സബ്‌സിഡിയായി 96.71 ലക്ഷം രൂപയും നല്‍കി. 

ക്ഷീര സംഘങ്ങളുടെ നവീകരണം പദ്ധതിയുടെ ഭാഗമായി 157.11 ലക്ഷം രൂപയുടെ ധനസഹായമാണ് ഓരോ  സംഘങ്ങള്‍ക്കും നല്‍കി വരുന്നത്. പദ്ധതി പ്രകാരം അഞ്ചു സംഘങ്ങളില്‍ ഹൈജിനിക് മില്‍ക്ക് കളക്ഷന്‍ റൂം സ്ഥാപിച്ചു വരികയാണ്. ആറു  സംഘങ്ങളില്‍ ഫാര്‍മേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്റര്‍ നിര്‍മ്മിച്ചു വരുന്നു. കൂടാതെ എഫ്.എസ്.എസ്.എ അസിസ്റ്റന്‍സ്, ആവശ്യാധിഷ്ഠിത പദ്ധതി, മില്‍മയുടെ മില്‍ക്ക് റൂട്ടിലേക്കുളള ധനസഹായം, പുതുതായി രൂപം കൊണ്ട സംഘങ്ങള്‍ക്കുള്ള ധനസഹായം, പുനരുജ്ജീവിപ്പിച്ച സംഘങ്ങള്‍ക്കുള്ള ധനസഹായം, സബ്‌സിഡൈസ്ഡ് ചീഫ് കമ്പോണന്റ്, പാല്‍ സംഭരണം കുറവുള്ള സംഘങ്ങളിലെ ജീവനക്കാര്‍ക്ക് ധനസഹായം എന്നീ പദ്ധതികള്‍ നടപ്പാക്കി വരുന്നു. 5.697 കോടി രൂപയാണ് സംസ്ഥാനാവിഷ്‌കൃത പദ്ധതികള്‍ക്കായി ചെലവഴിച്ചത്.

പ്രത്യേക കേന്ദ്ര സഹായ പദ്ധതിയില്‍ നിന്നുള്ള പ്രത്യേക ഘടക പദ്ധതി പ്രകാരം 2017-18 വര്‍ഷം 19.75 ലക്ഷം രൂപയുടെ 25 മിനി ഡയറി യൂണിറ്റുകള്‍ ആരംഭിച്ചു. ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകള്‍, ഗ്രാമപഞ്ചായത്തുകള്‍, നഗരസഭകള്‍ എന്നിവയിലൂടെ പാലുല്‍പാദനം വര്‍ധിപ്പിക്കുന്നതിനായി ക്ഷീര കര്‍ഷകര്‍ക്ക് അനുവദിച്ച ധനസഹായ പദ്ധതി പ്രകാരം 5.24 കോടി രൂപയും, ക്ഷീര കര്‍ഷകര്‍ക്ക് കറവപ്പശുവിനെ വാങ്ങുന്നതിന് പലിശരഹിത വായ്പ അനുവദിക്കുന്നതിലേക്ക് ജില്ലാ പഞ്ചായത്ത് വിഹിതമായി അനുവദിച്ച 1.88 കോടി രൂപയുമുള്‍പ്പെടെ 7.13 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി. 

2017-18 വര്‍ഷം 1356 പേര്‍ ക്ഷീരകര്‍ഷക ക്ഷേമനിധിയില്‍  അംഗത്വം എടുത്തിട്ടുണ്ട്. ഇതില്‍ 772 പേര്‍ക്ക് പെന്‍ഷനായി 1100 രൂപയും 28 പേര്‍ക്ക് കുടുംബ പെന്‍ഷനായി പ്രതിമാസം 150 രൂപയും നല്‍കി. ഇത് ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ പ്രകാരം ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കിവരുന്നു. കൂടാതെ വിവിധ പദ്ധതികള്‍ പ്രകാരമുള്ള ധനസഹായവും അംഗങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് മുഖേന നല്‍കുന്നു. പദ്ധതികളുടെ വിജയകരമായ നടത്തിപ്പിലൂടെ എറണാകുളം ജില്ലയിലെ പാല്‍ ഉല്‍പാദനം വര്‍ധിച്ചിട്ടുണ്ട്. സംഘങ്ങളിലൂടെയുള്ള പാല്‍ സംഭരണം 2017-18 വര്‍ഷം 445 ലക്ഷം ലിറ്റര്‍ ആയി വര്‍ധിച്ചു.


English Summary: Diary Development

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine