കേരള കാർഷിക വകുപ്പിൻ്റെ നേതൃത്വത്തിൽ കേരള ഗ്രോ എന്ന പേരിൽ കഴിഞ്ഞ വർഷം പ്രഖ്യാപിക്കപ്പെട്ടിരുന്ന പുതിയ ബ്രാൻഡിൻ്റെ പ്രീമിയം ഔട്ട്ലെറ്റ് തിരുവനന്തപുരം ജില്ലയിലെ ഉള്ളൂരിൽ പ്രവർത്തനമാരംഭിക്കും. സംസ്ഥാനത്തെ ഫാമുകളിൽ നിന്നും പ്രാദേശിക കർഷകരിൽ നിന്നും കാർഷിക വിഭവങ്ങൾ ശേഖരിച്ച് കേരള ഗ്രോ എന്ന ഒറ്റ ബ്രാൻഡിന് കീഴിൽ വിപണി കണ്ടെത്തുകയാണ് ലക്ഷ്യം. കേരളത്തിലുടനീളം 14 ജില്ലകളിലും കേരള ഗ്രോ യുടെ പ്രീമിയം ഔട്ട്ലെറ്റുകൾ അധികം വൈകാതെ സാധ്യമാകുമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. കൃഷിവകുപ്പിനു കീഴിലുള്ള ഫാമുകൾ,കൃഷികൂട്ടങ്ങൾ ,പൊതുമേഖലാ സ്ഥാപനങ്ങൾ , കാർഷിക ഉത്പാദന സംഘങ്ങൾ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ടാണ് ഇത് സാധ്യമാക്കുക.
കേരളത്തിലെ കർഷകർക്ക് മികച്ച വരുമാനവും ഉപഭോക്താക്കൾക്ക് പോഷക മൂല്യമുള്ള വസ്തുക്കളും ലഭ്യമാക്കാൻ കേരള ഗ്രോ ബ്രാൻഡ് സഹായിക്കും. മൂല്യ വർധിത ഉൽപ്പന്നങ്ങളും, ചെടികളും, കേരളം കാർഷിക സർവ്വകലാശാല പ്രസിദ്ധീകരിച്ച പുസ്തകങ്ങളുമടക്കം നിരവധി കാർഷിക അനുബന്ധ വസ്തുക്കളാണ് കേരള ഗ്രോ ബ്രാൻഡിന് കീഴിലുള്ളത്. കഴിഞ്ഞ വര്ഷം മുതൽ തന്നെ ഇവയെല്ലാം ഓൺലൈൻ വഴി വിറ്റഴിക്കപ്പെടുന്നുണ്ട് .ഇതുവരെ കാർഷിക വകുപ്പിൻ്റെ ഫാമുകളിൽ 205 ഉല്പന്നങ്ങളാണ് വിറ്റഴിക്കപ്പെട്ടത്.