കുട്ടികൾക്ക് പോഷകാഹാരം ലഭ്യമാക്കുന്നതിൽ കേരളം ലോകത്തിന് മാതൃകയാണെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ. പോഷകാഹാര ലഭ്യതയിൽ കേരളത്തിന് 32.6 ശതമാനം വളർച്ച കൈവരിക്കാനായെന്നും മന്ത്രി പറഞ്ഞു. പോഷകാഹാര ലഭ്യതയിൽ ഇന്ത്യയുടെ വളർച്ച 6.4 ശതമാനം മാത്രമാണ്.
ബന്ധപ്പെട്ട വാർത്തകൾ: സാമൂഹിക വനവത്ക്കരണം ലക്ഷ്യമിട്ട് പറവൂർ ബ്ലോക്ക് പഞ്ചായത്ത് ഉത്പാദിപ്പിച്ചത് 13000 തൈകൾ
കുട്ടികൾക്ക് പോഷകാഹാരം ഉറപ്പാക്കുന്നതിനാണ് അംഗനവാടികളിലൂടെ പാലും മുട്ടയും നൽകുന്ന ‘പോഷക ബാല്യം’ പദ്ധതി നടപ്പിലാക്കിയതെന്നും മന്ത്രി വ്യക്തമാക്കി. പൂർണ ശിശുസൗഹൃദ സംസ്ഥാനം വാർത്തെടുക്കുകയാണ് സർക്കാർ ലക്ഷ്യം. കേരളത്തിലെ വിവിധ ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളേയും രക്ഷിതാക്കളേയും സംഘടിത വിഭാഗമായി ഉയർത്തിക്കൊണ്ടുവരികയാണ്. കുട്ടികൾ പരിമിതികളെ സാധ്യതകളായി കണ്ട് വളരേണ്ടത് അനിവാര്യമാണെന്ന് ‘പൊക്കമില്ലായ്മ ആണെന്റെ പൊക്കം’ എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികളെ ഉദ്ധരിച്ച് മന്ത്രി പറഞ്ഞു.
കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസവും സൗജന്യ ഭക്ഷണവും ഉറപ്പുവരുത്തേണ്ടതുണ്ട്. ദിശാബോധം നൽകി നല്ല തലമുറയായി കുട്ടികളെ വളർത്തിയെടുക്കണം. കുട്ടികളെ മികവുറ്റവരാക്കുന്നതിൽ വിദ്യാഭ്യാസ നയത്തിന് പ്രാധാന്യം ഉണ്ട്. അഭിരുചികൾ മനസിലാക്കി നിരന്തരം നവീകരണത്തിന് വിധേയരാകണം. ലോകം നേടിയ സർവതല സ്പർശിയായ നേട്ടങ്ങളെ കുട്ടികൾക്ക് ലഭ്യമാക്കി നവകേരളം സൃഷ്ടിക്കാനാകും. കുട്ടികളുടെ സർഗശേഷി പ്രദർശിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ‘ഹാപ്പിനെസ് ഫെസ്റ്റ്’ പോലുള്ള വേദികൾ ഇത്തരം കുട്ടികൾക്ക് ജീവിതകാലം മുഴുവൻ സന്തോഷത്തോടെ ജീവിക്കാനുള്ള കരുത്താണ് പകരുന്നതെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ വി.കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായിരുന്നു.
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ‘ഫെസ്റ്റ് ഓഫ് ഹാപ്പിനസ്’ ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ.വി മനോജ്കുമാർ, കമ്മീഷൻ അംഗങ്ങളായ സി വിജയകുമാർ, ശ്യാമളാദേവി, ബബിത ബി, മജീഷ്യൻ ഗോപിനാഥ് മുതുകാട് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തിലാണ് സംസ്ഥാനത്തെ വിവിധ ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളുടെ ദ്വിദിന കലാ കരകൗശലമേളയായ ‘ഫെസ്റ്റ് ഓഫ് ഹാപ്പിനസ്’ സംഘടിപ്പിക്കുന്നത്.
സർക്കാർ, സർക്കാരിതര ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് കലാ കരകൗശല മേളയിൽ പങ്കെടുക്കുന്നത്. ഓരോ ജില്ലയിൽ നിന്നും 20 കുട്ടികൾ വീതവും തിരുവനന്തപുരം ജില്ലയിൽ നിന്ന് 100 കുട്ടികളുമാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച് സമൂഹത്തിൽ കമ്മീഷൻ നടത്തുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് മേള സംഘടിപ്പിക്കുന്നത്.
ഇന്ന് കുട്ടികളുമായുള്ള സംവാദത്തിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, ഐഎംജി ഡയറക്ടർ കെ ജയകുമാർ, ചിത്രകാരൻ ബോസ് കൃഷ്ണമാചാരി തുടങ്ങിയവർ പങ്കെടുക്കും. മേളയുടെ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആരോഗ്യ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും.