Updated on: 3 October, 2022 5:59 PM IST

1. പ്രകൃതി വാതകവില കുത്തനെ ഉയർത്തി കേന്ദ്രസർക്കാർ. ഒറ്റയടിക്ക് 40 ശതമാനമാണ് വർധിപ്പിച്ചത്. ഇതോടെ പ്രകൃതി വാതകത്തിന്റെ വില റെക്കോർഡ് നിലവാരത്തിലെത്തി. 2019 ഏപ്രിലിന് ശേഷം ഇത് മൂന്നാംതവണയാണ് പ്രകൃതി വാതകത്തിന് വില വർധിപ്പിക്കുന്നത്. ഇതോടെ പൈപ്പ് വഴി വിതരണം ചെയ്യുന്ന പാചകവാതകത്തിന്റെയും സിഎൻജിയുടെയും വില വർധിക്കാൻ സാധ്യതയുണ്ട്. ആഗോളതലത്തിൽ പ്രകൃതിവാതകത്തിന്റെ വില വർധിച്ചതോടെയാണ് രാജ്യത്തെ വില വർധന. പ്രകൃതി വാതകം ഉപയോഗിച്ചുള്ള വൈദ്യുത ഉൽപാദനത്തിന്റെ ചെലവ് കൂടാൻ സാധ്യതയുണ്ടെങ്കിലും ഇത് സാധാരണക്കാരെ ബാധിക്കില്ല.

ബന്ധപ്പെട്ട വാർത്തകൾ: പുനർ​ഗേഹം പദ്ധതി: മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷിത ഭവനമൊരുങ്ങി..കൃഷിവാർത്തകൾ അറിയാം

2. 13,288 പേർക്ക് തൊഴിൽ ലഭ്യമാക്കി കേരള നോളജ് എക്കണോമി മിഷൻ. കേരളത്തിലെ തൊഴിലന്വേഷകർക്ക് നൈപുണ്യ പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കാനാണ് സർക്കാർ കേരള നോളജ് എക്കണോമി മിഷൻ ആരംഭിച്ചത്. പദ്ധതി ആദ്യ വർഷത്തിന്റെ പകുതി പിന്നിട്ടു കഴിഞ്ഞു. ഒരു വർഷം കൊണ്ട് 30,000 പേർക്ക് തൊഴിൽ ലഭ്യമാക്കുകയാണ് മിഷന്റെ ലക്ഷ്യം. 17 തൊഴിൽ മേളകളിലൂടെ 2,742 പേർക്ക് തൊഴിൽ ലഭിച്ചു. എന്റെ തൊഴിൽ എന്റെ അഭിമാനം പ്രചാരണ പരിപാടിയുടെ ഭാഗമായി 53 ലക്ഷത്തിലധികം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരമാവധി തൊഴിലവസരങ്ങൾ ഏകോപിപ്പിക്കാനും കേരളത്തിലെ 18നും 59 വയസിനും ഇടയിൽ പ്രായമുള്ളവരെ തൊഴിലിന് അനുയോജ്യമായ രീതിയിൽ സജ്ജമാക്കുകയുമാണ് മിഷന്റെ ശ്രമം.

3. കുടുംബശ്രീ ഉൽപന്നങ്ങൾ ഇനി ഒരു കുടക്കീഴിൽ ലഭിക്കും, ബാലുശ്ശേരിയിലെ കുടുംബശ്രീ ബസാറിലൂടെ. കുടുംബശ്രീ ഉൽപന്നങ്ങൾക്ക് സുസ്ഥിര വിപണി കണ്ടെത്താൻ കുടുംബശ്രീ ബസാറിന് തുടക്കം കുറിച്ചു. കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കുടുംബശ്രീ മുഖാന്തരം ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾ കുടുംബശ്രീ ബസാറിൽ നിന്നും വാങ്ങാം. പ്രാദേശിക സാമ്പത്തിക വികസനം മുന്നിൽ കണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ബാലുശ്ശേരി പഞ്ചായത്ത് ബസ് സ്റ്റാന്റിലെ കെട്ടിടത്തിൽ ആരംഭിച്ച ബസാർ കെ.എം സച്ചിൻ ദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. രുചിയും ഗുണമേന്മയും ഉറപ്പുവരുത്തിയ ഉൽപന്നങ്ങളാണ് ബസാർ വഴി ലഭ്യമാക്കുക. അറുപതോളം ഉൽപന്നങ്ങളാണ് കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിലുള്ള ജില്ലാതല ബസാറിൽ വിൽക്കുന്നത്. അടുത്തഘട്ടത്തിൽ സൂപ്പർ മാർക്കറ്റായി ബസാർ ഉയർത്താനാണ്‌ ലക്ഷ്യം.

4. കിഴുവിലം പാടത്ത്‌ കൊയ്‌ത്തുത്സവം. തിരുവനന്തപുരത്തെ കിഴുവിലം പാടശേഖര സമിതി 25 ഹെക്ടറിൽ നടത്തിയ നെൽക്കൃഷിയുടെ ഒന്നാംവിള കൊയ്ത്തുത്സവമാണ് നടന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ഷൈലജാ ബീഗം കൊയ്ത്തുത്സവം ഉദ്‌ഘാടനം ചെയ്‌തു. വനിതാ കർഷക കൂട്ടായ്മയ്ക്ക് ജില്ലാ പഞ്ചായത്ത് നൽകിയ കൊയ്ത്തുമെതി യന്ത്രത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. തരിശായി കിടന്ന കിഴുവിലം പാടശേഖരത്തിൽ കഴിഞ്ഞ ജൂണിലാണ് കൃഷി ആരംഭിച്ചത്. ഒന്നാം വിളയിൽ ഉമ ഇനം വിത്താണ് ഉപയോഗിച്ചത്. രണ്ടാം വിള കൃഷിയിൽ ജൈവ വിത്തായ ഗന്ധകശാല വിതയ്ക്കാനാണ് തീരുമാനം.

5. ശൂരനാട് തെക്ക് കൃഷിഭവനിൽ കേര രക്ഷാവാരം ആചരിച്ചു. ആത്മ പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. സംയോജിത നാളികേര കൃഷി എന്ന വിഷയത്തിൽ കായംകുളം കെ.വി.കെ സോയിൽ സയൻസ് വിഭാഗത്തിലെ ഡോ. സജിന നാഥ് കർഷകർക്ക് പരിശീലനം നൽകി. കൃഷി ഓഫീസർ പ്രദീപ് പി.വിയുടെ നേതൃത്വത്തിൽ നടന്ന പരിശീലന പരിപാടിയിൽ നിരവധി കർഷകർ പങ്കെടുത്തു.

6. രാജാക്കാട് ഗ്രാമപഞ്ചായത്തില്‍ ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്ലിക്കേഷന്‍ പദ്ധതിയ്ക്ക് തുടക്കം. അജൈവ മാലിന്യ ശേഖരണവും സംസ്‌കരണവും കാര്യക്ഷമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പഞ്ചായത്ത് പ്രസിഡന്റ് എം.എസ് സതി പദ്ധതി ഉദ്ഘാടനം ചെയ്തു. ഹരിതകേരളം മിഷനും ശുചിത്വമിഷനും ചേർന്ന് മോണിറ്ററിംഗ് നടത്തും. കെല്‍ട്രോണിന്റെ സഹകരണത്തോടെ തയ്യാറാക്കിയ മൊബൈല്‍ ആപ്പിലൂടെ വീടുകളിലും സ്ഥാപനങ്ങളിലും ഹരിത കര്‍മ്മസേന നടപ്പിലാക്കുന്ന അജൈവ മാലിന്യ ശേഖരണം നിരീക്ഷിക്കാൻ സാധിക്കും. ഇതിന്റെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും ക്യൂആര്‍ കോഡ് പതിക്കും.

7. അടിമാലിയില്‍ ലോണ്‍-ലൈസന്‍സ്-സബ്‌സിഡി മേള സംഘടിപ്പിച്ചു. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും, അടിമാലി ഗ്രാമ പഞ്ചായത്തിന്റെയും, ദേവികുളം താലൂക്ക് വ്യവസായ ഓഫീസിന്റെയും നേതൃത്വത്തിലാണ് മേള നടന്നത്. അടിമാലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സനിത സജി മേള ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ലൈസന്‍സ് വിതരണവും വായ്പാ വിതരണവും ഇ.ഡി.പി സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു. ‘നിങ്ങള്‍ക്കും സംരംഭകരാകാം, ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍’ പദ്ധതിയുടെ ഭാഗമായാണ് മേള സംഘടിപ്പിച്ചത്.

8. കോഴിക്കോട് കുയ്യിൽ പാടത്തെ രണ്ടേക്കറിൽ നെൽകൃഷിയിറക്കി ഹരിത ഫാർമേഴ്സ് ക്ലബ്‌. കൊടിയത്തൂർ സഹകരണ ബാങ്കിനുകീഴിലാണ് ഹരിത ഫാർമേഴ്സ് ക്ലബ് പ്രവർത്തിക്കുന്നത്. ക്ലബ്‌ പത്ത് വർഷമായി നെൽകൃഷി ചെയ്യുന്നുണ്ട്. നെല്ല് മുഴുവനായും ബാങ്ക് ഏറ്റെടുത്ത് അരി ഉൽപാദിപ്പിച്ച് വിതരണം ചെയ്യും. ബാങ്കിന്റെ വൈസ് പ്രസിഡന്റ്‌ സന്തോഷ് സെബാസ്റ്റ്യൻ ഞാറ് നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

9. കൃഷി ഓഫീസിൽ കാർഷിക ഉപകരണങ്ങൾ ഉപയോഗശൂന്യമായി കിടക്കുന്നുവെന്ന് റിപ്പോർട്ട്. ആലപ്പുഴ കളർകോട് കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഓഫിസിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. 2014-21 കാലയളവിൽ വാങ്ങിയ 52 കാർഷിക ഉപകരണങ്ങളാണ് ഓഫീസിൽ സൂക്ഷിക്കുന്നത്. ഇതിൽ 13 മെഷിനുകൾ ലേലം ചെയ്യാൻ മാറ്റി. 16 ട്രാക്ടറുകളിൽ 10 എണ്ണമാണ് പ്രവർത്തനക്ഷമം. ഇവയുടെ വില രേഖപ്പെടുത്തിയിട്ടില്ല.

10. വേ​ന​ൽ​ക്കാ​ല ഇ​ട​വേ​ള​യ്ക്ക്​ ശേ​ഷം ദുബായ് സ​ഫാ​രി പാ​ർ​ക്ക് തുറന്നു. ആ​ഫ്രി​ക്ക​ൻ വ​നം, ഏ​ഷ്യ​ൻ മൃ​ഗ​ങ്ങൾ, അ​റേ​ബ്യ​ൻ പാരമ്പര്യം എന്നിവ സ​ഫാ​രി പാ​ർ​ക്കിലെ പ്രത്യേകതകളാണ്. ഒമ്പത് പുതിയ കാഴ്ചകളോടെയാണ് പാർക്ക് ഇത്തവണ തുറന്നത്. ആഫ്രിക്ക​ൻ വ​ന​ങ്ങ​ളി​ൽ കാ​ണ​പ്പെ​ടു​ന്ന നീ​ണ്ട കൊ​മ്പു​ള്ള പ​ശു, അ​റേ​ബ്യ​ൻ ഒ​റി​ക്സ്, നൈ​ൽ ഇ​ന​ത്തി​ൽ​പെ​ട്ട മു​ത​ല, വാ​ട്ട​ർ ​ബ​ഫ​ല്ലോ എന്നിവയുടെ കുഞ്ഞുങ്ങളെ ഇത്തവണ പാർക്കിൽ കാണാം. കൂടാതെ വിനോദസഞ്ചാരികൾക്ക് മൃ​ഗ​സം​ര​ക്ഷ​ണ വി​ദ​ഗ്ദ​രു​മാ​യി സം​സാ​രി​ക്കാ​നു​ള്ള അവസരവും പാർക്ക് ഒരുക്കിയിട്ടുണ്ട്. മൂ​ന്ന്​ മ​ണി​ക്കൂറിലുള്ള ബസ് യാത്രയിലൂടെ​ മൃ​ഗ​ങ്ങ​ളു​ടെ ചി​ത്രങ്ങളെടുക്കാം. വ്യ​ക്​​തി​ക​ൾ​ക്കും ഗ്രൂപ്പുകൾക്കും പ്ര​ത്യേ​കം ഗൈ​ഡി​നെ അ​നു​വ​ദി​ക്കും. ട്രെ​യി​ൻ സ​ർ​വീ​സി​നൊ​പ്പം സൈ​ക്കി​ൾ, ഇ​ല​ക്​​ട്രി​ക്​ കാ​ർ, പ​രി​സ്ഥി​തി സൗ​ഹൃ​ദ വാ​ഹ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും സഞ്ചാരികൾക്ക് ആ​സ്വ​ദി​ക്കാം.

11. കേരളത്തിൽ കാലാവസ്ഥ മാറുന്നു. ഈ മാസം അഞ്ച് വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മലയോര മേഖലയിൽ മഴ ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്. ലക്ഷദ്വീപ് തീരങ്ങളില്‍ ഈ മാസം 4 വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള-കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.

English Summary: Kerala Knowledge Economy Mission provides employment to 13,288 people..more agriculture news
Published on: 03 October 2022, 05:32 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now