1. News

പുനർ​ഗേഹം പദ്ധതി: മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷിത ഭവനമൊരുങ്ങി..കൃഷിവാർത്തകൾ അറിയാം

പുനർ​ഗേഹം പദ്ധതിയുടെ ഭാഗമായി കൊല്ലം പള്ളിത്തോട്ടം മത്സ്യ​ഗ്രാമത്തിൽ നിർമിച്ച ഫ്ലാറ്റ് സമുച്ചയം ഗുണഭോക്താക്കൾക്ക് കൈമാറി

Darsana J

1. രാജ്യത്ത് 5ജി സേവനങ്ങൾക്ക് തുടക്കം. ഡൽഹിയിൽ ഇന്ത്യൻ മൊബൈൽ കോൺഗ്രസിന്റെ ഉദ്ഘാടന വേദിയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി 5ജി സേവനങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. ആദ്യഘട്ടത്തിൽ ഇന്ത്യയിലെ 13 പ്രമുഖ നഗരങ്ങളിൽ സേവനങ്ങൾ ലഭിക്കും. അടുത്ത രണ്ട് വർഷത്തിനുള്ളിൽ രാജ്യം മുഴുവൻ 5G സേവനം ലഭ്യമാക്കുമെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം അറിയിച്ചു. അഹമ്മദാബാദ്, ബെംഗളുരു, ഛണ്ഡിഗഡ്, ചെന്നൈ, ഡൽഹി, ഗാന്ധിനഗർ, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗർ, കൊൽക്കത്ത, ലക്നൗ, മുംബൈ, പൂനെ എന്നിവിടങ്ങളിലാണ് 5G ലഭ്യമാക്കുക. 2024 മാർച്ചോടെ പ്രധാന ഗ്രാമീണ മേഖലകളിലും ദീപാവലിയോടെ മെട്രോകളിലും 5ജി സേവനങ്ങൾ ലഭ്യമാക്കുമെന്നാണ് കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്യുന്നത്. ചികിത്സാരംഗത്തും 5ജി ഏറെ നിർണായകമാണെന്നാണ് വിലയിരുത്തൽ. ഡിജിറ്റൽ ഇന്ത്യ വെറുമൊരു പേരല്ലെന്നും സാധാരണക്കാരിലേക്ക് സാങ്കേതിക വിദ്യയുടെ ഉപയോഗം എത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ചടങ്ങിൽ പ്രധാനമന്ത്രി പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: ദേശീയ റാങ്കിംഗ്: കേന്ദ്ര സമുദ്രമത്സ്യഗവേഷണ സ്ഥാപനം ഒന്നാമത്..കൂടുതൽ കാർഷിക വാർത്തകൾ

2. പുനർ​ഗേഹം പദ്ധതിയുടെ ഭാഗമായി കൊല്ലം പള്ളിത്തോട്ടം മത്സ്യ​ഗ്രാമത്തിൽ നിർമിച്ച ഫ്ലാറ്റ് സമുച്ചയം ഗുണഭോക്താക്കൾക്ക് കൈമാറി. 13.51 കോടി രൂപ ചെലവിട്ട് 114 ഫ്ലാറ്റുകളാണ് സംസ്ഥാന സർക്കാർ തീരദേശ വികസന കോർപ്പറേഷൻ വഴി നിർമിച്ചത്. രാജ്യത്ത് തീരദേശവാസികളുടെ സുരക്ഷിതത്വം ഉറപ്പാക്കി നടപ്പാക്കുന്ന ആദ്യത്തെ പുനരധിവാസ പദ്ധതിയാണ് പുനർഗേഹം. തീരപ്രദേശത്തിന്റെ 50 മീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്ന മുഴുവൻ ജനങ്ങൾക്കും സുരക്ഷിതമായ ഭവനം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ പദ്ധതി നടപ്പാക്കുന്നത്.

3. ഗുണനിലവാരം ഉറപ്പാക്കിയ ഏലത്തിന്റെ ഇ-ലേലം നടത്തുമെന്ന് സ്പൈസസ് ബോർഡ്. പരീക്ഷണാടിസ്ഥാനത്തിലാണ് പ്രത്യേക ഇ-ലേലം ആരംഭിക്കുന്നത്. ആദ്യ ഇ-ലേലം ഇടുക്കി ജില്ലയിലെ പുറ്റടിയിലുള്ള ഇ-ലേല കേന്ദ്രത്തിൽ ഈ മാസം 22ന് നടക്കും. കയറ്റുമതി വിപണിയിൽ മികച്ച ഗുണനിലവാരമുള്ള ഏലം ലഭ്യമാക്കുക, കയറ്റുമതി എളുപ്പത്തിലാക്കുക, മികച്ച വില ലഭ്യമാക്കുക എന്നിവയാണ് പ്രത്യേക ഇ-ലേലത്തിന്റെ ലക്ഷ്യം. കീടനാശിനിയുടെയും കൃത്രിമ നിറങ്ങളുടെയും സാന്നിധ്യമില്ലെന്ന് പരിശോധിച്ച് ഉറപ്പാക്കിയ ഏലം മാത്രമാണ് പ്രത്യേക ഇ-ലേലത്തിൽ പരിഗണിക്കുക.

4. കുടുംബശ്രീ ആരംഭിച്ച പാഷൻഫ്രൂട്ട് തോട്ടങ്ങൾ വിളവെടുപ്പിനൊരുങ്ങുന്നു. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടുംബശ്രീ യൂണിറ്റുകൾ ആരംഭിച്ച പാഷൻഫ്രൂട്ട് തോട്ടങ്ങളിൽ വിളവെടുപ്പ് ഉടൻ ആരംഭിക്കും. ജില്ലയിൽ തെരഞ്ഞെടുത്ത നൂറ് ഗ്രൂപ്പുകളാണ് തോട്ടം പരിപാലിച്ചത്. അഞ്ച് ബ്ലോക്കുകളിലെ 13 പഞ്ചായത്തുകളിലാണ് കൃഷി നടന്നത്. എല്ലാ യൂണിറ്റുകൾക്കും തൈകൾ സൗജന്യമായി ജില്ലാ പഞ്ചായത്ത് നൽകിയിരുന്നു. ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം, ദേശീയ ഭക്ഷ്യ മന്ത്രാലയം എന്നിവിടങ്ങളിലെ വിദഗ്ധർ ഗ്രൂപ്പുകൾക്ക് പരിശീലനം നൽകിയിരുന്നു. പാഷൻ ഫ്രൂട്ട് കൃഷി വളരെ ചെലവ് കുറവാണെന്നും വിളവിന്റെ നല്ലൊരുഭാഗം മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാൻ ഉപയോഗിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പറഞ്ഞു.

5. പൈനാപ്പിളിന് വളമിടാനും കീടരോഗ നിയന്ത്രണത്തിനും ഡ്രോണ്‍ സംവിധാനവുമായി മൂവാറ്റുപുഴ കൃഷിവകുപ്പ്. സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന സബ് മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഡ്രോണുകളുടെ പ്രദര്‍ശനവും പ്രവര്‍ത്തിപരിചയവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. ഡ്രോണ്‍ പോലെയുള്ള പുതിയ സാങ്കേതിക വിദ്യകള്‍ കാര്‍ഷിക രംഗത്ത് പുത്തനുണര്‍വ് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. മൂവാറ്റുപുഴ ബ്ലോക്കിലെ ഏഴ് ഏക്കര്‍ പൈനാപ്പിള്‍ തോട്ടത്തിലാണ് ഡ്രോൺ പ്രദര്‍ശനം നടന്നത്. കാര്‍ഷിക മേഖലയിലെ പുത്തന്‍ സാങ്കേതിക വിദ്യകളെക്കുറിച്ച് ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ പരിഹരിക്കുകയാണ് ഇത്തരം പരിപാടികളുടെ ലക്ഷ്യം.

6. റബ്ബര്‍കൃഷിയില്‍ ചെറുകിടകര്‍ഷകര്‍ക്ക് പരിശീലനം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങാണ് പരിശീലനം നല്‍കുക. ഈ മാസം 10 മുതല്‍ 14 വരെ പരിശീലനം നടക്കും. കോട്ടയം NIRTയില്‍ വച്ച് നടക്കുന്ന പരിശീലനത്തില്‍ നൂതന നടീല്‍വസ്തുക്കള്‍, നടീല്‍രീതികള്‍, വളപ്രയോഗ ശുപര്‍ശകള്‍, കീട-രോഗനിയന്ത്രണം, ടാപ്പിങ് തുടങ്ങിയ വിഷയങ്ങളിൽ ക്സാസുകൾ ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2353127 എന്ന നമ്പരിലോ 04812351313 എന്ന വാട്ട്‌സ്ആപ്പ് നമ്പരിലോ training@rubberboard.org.in എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടുക. 

7. സംസ്ഥാനത്തെ ആയുഷ് മേഖലയിൽ 97.77 കോടിയുടെ വികസന പദ്ധതികൾ ഈ വർഷം നടപ്പിലാക്കുമെന്ന്, ആരോഗ്യമന്ത്രി വീണാ ജോർജ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ആയുർവേദം, ഹോമിയോപതി ഉൾപ്പെടെയുള്ള മേഖലകളിൽ മൂന്നിരട്ടിയോളം പദ്ധതികൾ വർധിപ്പിച്ചതായും 280 ആയുഷ് ഡിസ്പെൻസറികളെ ‘ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളായി’ ഉയർത്തുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ രണ്ട് സർക്കാർ ആയുർവേദ മെഡിക്കൽ കോളേജ്, രണ്ട് ഹോമിയോപതി സർക്കാർ മെഡിക്കൽ കോളേജ് എന്നിവ രോഗീ സൗഹൃദമാക്കുന്നതിനായി 5.25 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം നൽകിയതായും കുറഞ്ഞ ചെലവിൽ ലാബ് പരിശോധനകൾ ലഭ്യമാക്കാൻ അഞ്ച് ജില്ലകളിൽ ആയുഷ് ലബോറട്ടറികൾ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

8. റബ്ബർ പാലിൽ നിന്നും ഉൽപന്നങ്ങൾ നിർമിക്കാൻ പരിശീലനം. വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള ചങ്ങനാശേരി കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്ററില്‍, ഒക്ടോബര്‍ 12, 13 തീയതികളില്‍ പരിശീലനം നടക്കും. വിശദവിവരങ്ങൾക്ക് 481 2720311, 9744665687, 9846797000 എന്ന നമ്പറുകളിൽ ബന്ധപ്പെടുക. 

9. ഐ.ആം ഫോർ ആലപ്പി പദ്ധതിയുടെ ഭാഗമായി ആലപ്പുഴയിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. കോവിഡ് മൂലം രക്ഷകർത്താക്കൾ നഷ്ടപ്പെട്ട ജില്ലയിലെ 268 കുട്ടികൾക്കാണ് കിറ്റുകൾ നൽകിയത്. ജില്ല കളക്ടർ വി. ആർ കൃഷ്ണതേജ പരിപാടി ഉദ്ഘാടനം ചെയ്തു. നെസ്ലെ ഇൻഡ്യ കമ്പനിയാണ് കുട്ടികൾക്ക് കിറ്റുകൾ സ്പോൺസർ ചെയ്തത്. ഒരു കിറ്റിൽ 5 കിലോ പച്ചരി, 5 കിലോ ചാക്കരി, കടല, പരിപ്പ്, ഗ്രീൻപിസ്, മല്ലി, മഞ്ഞൾ, ഉപ്പ്, മുളക്, എണ്ണ എന്നീ സാധനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ തുടർച്ചയായി കുട്ടികൾക്ക് സ്പോൺസർമാരെ കണ്ടെത്തുമെന്നും കളക്ടർ അറിയിച്ചു.

10. വയനാട്ടിലെ കാപ്പിച്ചെടികൾ ഇനി അബുദാബിയിൽ വളരും. 2,500 കാപ്പിച്ചെടികളാണ് യുവകർഷകൻ റോയിയുടെ തോട്ടത്തിൽ നിന്നും അബുദാബി മണ്ണിലേയ്ക്ക് കുടിയേറുന്നത്. അബുദാബി രാജകുടുംബത്തിന്റെ ആവശ്യം അറിയിച്ചതിനെ തുടർന്നാണ് 8 വർഷം പ്രായമായ കാപ്പിച്ചെടികൾ അയയ്ക്കുന്നത്. അറബിക്ക ഇനം ബ്രാൻഡ് ആയ റോയീസ് കാപ്പി റോയി സ്വന്തമായി വികസിപ്പിച്ചെടുത്തതാണ്. രാജകുടുംബത്തിലെ കൃഷി ശാസ്ത്രജ്ഞൻമാർ റോയിയുടെ തോട്ടം സന്ദർശിച്ചിരുന്നു.

11. കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യുനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല.

English Summary: Fishermen have a safe house in Kollam v abdurahiman more agriculture news

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds