ജൂൺ മാസത്തോടെ ശാസ്ത്രീയമായി നവീകരിച്ച ആയിരം സ്മാർട്ട് റേഷൻകടകൾ പ്രവർത്തനം തുടങ്ങുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ. ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ കീഴിൽ ഗോത്രവർഗ കോളനികളിൽ ആരംഭിച്ച സഞ്ചരിക്കുന്ന റേഷൻകടയുടെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ ജില്ലയിലെ ഇരിട്ടി കീഴ്പ്പള്ളിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ഗ്രാമീണ മേഖലകളിലേക്കടക്കം സ്മാർട്ട് റേഷൻകടകൾ വരും. ഒരു പഞ്ചായത്തിൽ ഒരു സ്മാർട്ട് റേഷൻകടകൾ സ്ഥാപിക്കണമെന്നാണ് സർക്കാർ ലക്ഷ്യമിടുന്നത്.
വിശാലമായ മുറികളിൽ മെച്ചപ്പെട്ട ഭക്ഷ്യധാന്യങ്ങൾ നൽകുന്നതോടൊപ്പം എടിഎം, അക്ഷയകേന്ദ്രങ്ങൾ പോലുള്ള ജനസേവന കേന്ദ്രങ്ങളും റേഷൻകടയിലൊരുക്കുന്നതാണ് സ്മാർട്ട് റേഷൻകട കൊണ്ട് ലക്ഷ്യമിടുന്നതെന്നും മന്ത്രി അനിൽ പറഞ്ഞു. സംസ്ഥാനത്തെ ഒരാൾ പോലും പട്ടിണി കിടക്കുന്ന സ്ഥിതിയുണ്ടാകരുത് എന്നാണ് സർക്കാരിന്റെ ലക്ഷ്യം. റേഷൻകടകളിൽ ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങൾ അതാത് പ്രദേശത്തെ ആവശ്യക്കാർക്ക് അനുസരിച്ച് ക്രമീകരിക്കും.
അർഹരായവർക്ക് മുൻഗണനാ റേഷൻകാർഡുകൾ വിതരണം ചെയ്യും. ഇതുവരെ 154000 മുൻഗണനാ റേഷൻകാർഡുകൾ അർഹതപ്പെട്ടവർക്ക് കൈമാറാനായി. 5625 കുടുംബങ്ങൾക്കു കൂടി മുൻഗണനാ റേഷൻ കാർഡുകൾ ഉടൻ വിതരണം ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.
അഡ്വ. സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് ബിനോയ് കുര്യൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ, ആറളം പഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജേഷ്, സ്ഥിരംസമിതി അധ്യക്ഷൻ ഇ സി രാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം ശോഭ, വാർഡ് അംഗം വൽസാ ജോസ്, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ ഡോ. ഡി സജിത്ത് ബാബു, ജില്ലാ സപ്ലൈ ഓഫീസർ കെ അജിത്കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സംസാരിച്ചു.
എന്താണ് സ്മാർട്ട് റേഷൻ കടകൾ? (What is smart ration shops?)
പൊതുവിതരണ വകുപ്പിന്റെ സഹായത്തോടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ആനുകൂല്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ഒരു മാർഗമാണ് റേഷൻ കടകൾ. ജനങ്ങൾക്ക് അവരുടെ റേഷൻ കാർഡുകൾ അനുസരിച്ച്, ഇത്തരം ആനുകൂല്യങ്ങൾ ലഭിക്കുന്നു. ദാരിദ്ര്യനിർമാർജന രേഖ അടിസ്ഥാനമാക്കി അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങളാണ് റേഷൻകടകൾ വഴി വിതരണം ചെയ്യുന്നത്.
എടിഎം ചിപ്പുകൾ ഘടിപ്പിച്ചുള്ള സ്മാർട്ട് റേഷൻ കാർഡുകളും കൂടാതെ റേഷൻ കടകളിൽ എടിഎം സൗകര്യം സജ്ജമാക്കുന്നതിനുമാണ് സർക്കാർ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഓരോ പഞ്ചായത്തിലും ഒരു സ്മാർട്ട് റേഷൻ കട എന്ന രീതിയിലാണ് റേഷൻകടകളിൽ എടിഎം മെഷീൻ കൊണ്ടുവരുന്നതിനായി തീരുമാനിച്ചിരുന്നത്. സ്മാർട്ട് റേഷൻ കാർഡുകളിൽ 5000 രൂപ വരെ നിക്ഷേപിക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും.
ബന്ധപ്പെട്ട വാർത്തകൾ: റേഷൻ കാർഡ് ഏറ്റവും പുതിയ അപ്ഡേറ്റ്! സർക്കാരിന്റെ വൻ പ്രഖ്യാപനം!
റേഷൻ കടകളിൽ എടിഎം കൗണ്ടറുകൾ സ്ഥാപിക്കുന്നതിന് രണ്ടു വാണിജ്യ ബാങ്കുകളുമായി സർക്കാർ ചർച്ച നടത്തിയിരുന്നു. ഇതുകൂടാതെ റേഷൻകടകളോട് ചേർന്ന് അക്ഷയ കേന്ദ്രങ്ങളും ആരംഭിക്കും. റേഷൻ ആനുകൂല്യങ്ങൾ സ്വീകരിക്കുന്നതിന് ബയോമെട്രിക് വിവരങ്ങൾ ആവശ്യമുള്ളതിനാൽ കൈവിരൽ അടയാളമാണ് ഈ പോസ്റ്റ് യന്ത്രത്തിൽ ഉപയോഗിക്കുന്നത്.