ലോക്ഡൗണ്‍ കാലത്ത് ജനങ്ങള്‍ക്ക് കൃഷിയോട് ഉണ്ടായിട്ടുള്ള അനുകൂല മനോഭാവം ഉപയോഗപ്പെടുത്തി പരമാവധി പേര്‍ക്ക് മികച്ച കാര്‍ഷികോത്പ്പന്നങ്ങളും, വിത്തുകളും എത്തിക്കുകയാണ് ലക്ഷ്യമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. പത്തനംതിട്ട ടൗണ്‍ ഹാളില്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് കൈത്താങ്ങായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും, കുടുംബശ്രീ സിഡിഎസും സംയുക്തമായി സംഘടിപ്പിച്ച റംസാന്‍ വിപണിയിലെ മൈനര്‍ ഇറിഗേഷന്‍ യൂണിറ്റിന്റെയും, പഴം, പച്ചക്കറി വിത്തുകളുടെയും വിപണന ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ.
ലോക്ഡൗണ്‍ കാലത്ത് കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് വിപണി ലഭിക്കാത്ത സാഹചര്യമുണ്ടാകരുത്. അവര്‍ക്ക് ഇടനിലക്കാരില്ലാതെ വില്‍പ്പന നടത്താന്‍ കഴിയണം. കുടുംബശ്രീ അംഗങ്ങള്‍ക്ക് ഇത് ഒരു വരുമാന മാര്‍ഗം കൂടിയാണ്. ലോക്ഡൗണ്‍ കാലത്തെ പ്രതിസന്ധികളെ അതിജീവിക്കുന്നതിന്റെ ഭാഗമായാണ് കാര്‍ഷിക വിപണി ആരംഭിച്ചതെന്നും എംഎല്‍എ പറഞ്ഞു. ഈ മാസം നാലിന് തുടങ്ങിയ റംസാന്‍ വിപണി 23 ന് സമാപിക്കും. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് പ്രവര്‍ത്തന സമയം. പത്തനംതിട്ട നഗരസഭ കുടുംബശ്രീ യൂണിറ്റുകളിലെ ജോയിന്റ് ലൈബലിറ്റി ഗ്രൂപ്പില്‍ നിന്നാണ് പച്ചക്കറികളും അവയ്ക്കാവശ്യമായ തൈകളും വിപണിയിലെത്തിക്കുന്നത്. അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റിംഗ് അസിസ്റ്റന്റ് ഡയറക്ടര്‍ എലിസബത്ത് തമ്പാന്‍, ഹോര്‍ട്ടികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സാറ ടി ജോണ്‍, കുടുംബശ്രീ ജില്ലാമിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ സെലീനാ സലീം, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ മോനി വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.