തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട് അറവ് മാലിന്യസംസ്‌കരണം കാര്യക്ഷമമാക്കാനുള്ള നടപടികള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ജില്ലാ ശുചിത്വമിഷന്‍ കോഡിനേറ്റര്‍ക്കും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. പൊതുജന പങ്കാളിത്തം കൂടി ഉള്‍പ്പെടുത്തി അറവ് മാലിന്യ സംസ്‌കരണം എങ്ങനെ പ്രായോഗികമായി നടത്തണമെന്നതിനെ കുറിച്ചാണ് ആലോചിച്ചു വരുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: വികസനത്തിൻ്റെ കാര്യത്തിൽ സർക്കാരിന് തുറന്ന സമീപനം; മന്ത്രി റോഷി അഗസ്റ്റിന്‍
തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോളിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്തില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തിലായിരുന്നു നിര്‍ദേശം.
തെരുവുനായ ആക്രമണം; വാക്‌സിനേഷന്‍, ലൈസന്‍സിങ് ഊര്‍ജിതമാക്കണമെന്ന് ജില്ലാ കലക്ടര്‍
ചിപ്പ് സംവിധാനവും ആലോചനയില്‍
തെരുവുനായ ആക്രമണം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി നായ്ക്കളിലെ വാക്‌സിനേഷന്‍, ലൈസന്‍സിങ് ഊര്‍ജിതമാക്കാന്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ഒപ്പം തന്നെ വാക്‌സിനേഷന് വിധേയമായ നായകളെ പ്രത്യേകം തിരിച്ചറിയാന്‍ മെറ്റല്‍ ചിപ്പ് സംവിധാനം നടപ്പാക്കുന്നത് സംബന്ധിച്ചും നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. നമ്പര്‍ രേഖപ്പെടുത്തിയ ചെറിയ മെറ്റല്‍ ചിപ്പ് നായക്കളുടെ ശരീരത്തില്‍ ഘടിപ്പിക്കും. ഇതുവഴി നായക്കളുടെ വാക്‌സിനേഷന്‍, ലൈസന്‍സ് തുടങ്ങിയ വിവരങ്ങളെല്ലാം മനസിലാക്കാന്‍ സാധിക്കും.
വീടുകളില്‍ നിന്നും മറ്റും ഉപേക്ഷിക്കപ്പെടുന്ന നായകളെ തിരിച്ചറിയാനും ഈ സംവിധാനം സഹായിക്കും. ഇതുവരെ പതിനായിരത്തില്‍ പരം വളര്‍ത്തുനായ്ക്കള്‍ക്ക് ജില്ലയില്‍ വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ട്.
വാക്‌സിനേഷന്‍ യജ്ഞം ഊര്‍ജ്ജിതമാക്കുന്നതോടൊപ്പം എല്ലാ ബ്ലോക്കുകളിലും എ.ബി.സി സെന്റര്‍ സ്ഥാപിക്കാന്‍ സ്ഥലം കണ്ടെത്തണമെന്നും എ.ബി.സി പദ്ധതിക്കായി എല്ലാ പഞ്ചായത്തുകളും ഫണ്ട് മാറ്റി വെയ്ക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. നിലവില്‍ 35 പഞ്ചായത്തുകളാണ് എ.ബി.സി പദ്ധതിക്കായി ഫണ്ട് മാറ്റിവെച്ചിരിക്കുന്നത്. അക്രമാസക്തവും അപകടകാരികളുമായ തെരുവുനായ്ക്കള്‍ക്കായി എല്ലാ പഞ്ചായത്തുകളിലും ഷെല്‍ട്ടര്‍ സജ്ജികരിക്കാനും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.
വളര്‍ത്തുനായ്ക്കള്‍ക്ക് നിര്‍ബന്ധമായും വാക്സിനേഷനും
വളര്‍ത്തുനായ്ക്കള്‍ക്ക് നിര്‍ബന്ധമായും വാക്സിനേഷനും ലൈസന്‍സും എടുക്കാന്‍ ഉടമകള്‍ ശ്രദ്ധിക്കണമെന്നും ഇതില്‍ പഞ്ചായത്ത് അധികൃതര്‍ കര്‍ശന നിരീക്ഷണം നടത്തുമെന്നും ലൈസന്‍സ് എടുക്കാത്തപക്ഷം നടപടി എടുക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. തെരുവുനായക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ അവയ്ക്ക് വാക്സിനേഷന്‍ നല്‍കുന്നതിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ നടന്ന യോഗത്തില്‍ സബ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ, അസിസ്റ്റന്റ് കലക്ടര്‍ ഡി. രഞ്ജിത്ത്, ജില്ലാ മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്‍. ഗുണതീത, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ഗോപിനാഥന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി. റീത്ത, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം ഡയറക്ടര്‍ കെ.പി. വേലായുധന്‍, ചീഫ് വെറ്റിനറി ഓഫീസര്‍ സെല്‍വ മുരുകന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.