കടുത്ത വേനലിൽ കേരളത്തിൻ്റെ ക്ഷീരോത്പാദക മേഖല പ്രതിസന്ധിയിൽ. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി നിരവധി കർഷകരാണ് ജലക്ഷാമവും കാലിത്തീറ്റ വിലവർധനയും കാരണം ബുദ്ധിമുട്ടിലായിരിക്കുന്നത്. വേനൽ ചൂട് ക്രമാതീതമായി ഉയർന്നതോടെ പച്ചപ്പുല്ല് പാടെ കരിഞ്ഞ അവസ്ഥയിലാണ്. ഇതോടെ കച്ചിയെ പൂർണ്ണമായി ആശ്രയിക്കേണ്ട അവസ്ഥയിലാണ് കർഷകർ.
പറമ്പുകളിലെ പുല്ലുകൾ മുഴുവനായും വാടിക്കരിയുകയും പ്രദേശങ്ങളിലെ ജലസ്രോതസ്സുകളിലെ വെള്ളം വറ്റാൻ തുടങ്ങിയതും ക്ഷീരമേഖലക്ക് തിരിച്ചടിയാണ്. കന്നുകാലികൾക്ക് ശുദ്ധജലം ലഭ്യമാക്കാനും ഇവയെ കുളിപ്പിക്കുന്നതിനും മറ്റും ജലം പണം കൊടുത്ത വാങ്ങേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഒരു വർഷത്തിനിടെ 30 ശതമാനത്തോളമാണ് കാലിതീറ്റയുടെ വില ഉയർന്നത്. വന്യമൃഗശല്യം നേരിടുന്ന പ്രദേശങ്ങളിൽ തീറ്റപ്പുല്ല് ശേഖരിക്കാനും കന്നുകാലികളെ മേയ്ക്കാൻ വിടാനും കർഷകർക്ക് ഭയമാണ്.
ക്ഷീരസംഘങ്ങൾ വഴി പാൽ വിപണനം നടത്തുന്ന കർഷകർക്ക് ഒരു ലിറ്റർ പാലിന് 48 രൂപവരെ ലഭിക്കുമ്പോൾ ഇടനിലക്കാരില്ലാതെ പാൽ വിപണനം നടത്തുന്നവർക്ക് 52 രൂപ വരെയാണ് ലിറ്ററിന് ലഭിക്കുക. എന്നാൽ ഉത്പാദനചെലവ് വലിയ രീതിയിൽ ഉയർന്നത് കർഷകരെ ഒന്നാകെ വലയ്ക്കുന്നുണ്ട്.
വേനൽക്കാലത്ത് കന്നുകാലികൾക്കും മതിയായ സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ട്.
തൊഴുത്തുകളിൽ മേൽക്കൂരയുടെ ഉയരണം വർദ്ധിപ്പിക്കുന്നതിലൂടെ വായുസഞ്ചാരം ഉറപ്പാക്കാനാകും. അതോടൊപ്പം ഇടക്കിടെ കന്നുകാലികളുടെ ദേഹം തണുത്ത വെള്ളത്തിൽ തുടച്ചു കൊടുക്കുകയും മേൽക്കൂരയിൽ ഓലകൾ നിരത്തി വെയിലേൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. ഇടക്കിടെ ശുദ്ധജലം ലഭ്യമാക്കി കൊടുക്കുകയും കൊഴുപ്പുകൂടിയ തേങ്ങാപിണ്ണാക്ക്, കടല പിണ്ണാക്ക് എന്നിവഎന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുകയും വേണം.