തൃശ്ശൂർ: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ 2022-23 വർഷത്തെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് ഒളരിക്കരയിൽ ആരംഭിച്ച മെഴുകുതിരി, വിളക്ക് തിരി, ചന്ദനത്തിരി നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ നിർവഹിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: Khadi: ആരോഗ്യപ്രവർത്തകർ ഇനിമുതൽ ഖാദി കോട്ട് ധരിക്കും..കൂടുതൽ കൃഷി വാർത്തകൾ
ഖാദി യൂണിറ്റുകളുടെ ഉത്പന്നങ്ങൾക്ക് മൊത്തമായി വിപണി കണ്ടെത്താനാകണമെന്നും പുതിയ യൂണിറ്റ് 60 പേർക്ക് തൊഴിൽ നൽകുന്ന സ്ഥാപനമായി വളരണമെന്നും പി ജയരാജൻ പറഞ്ഞു. ഖാദി ബോർഡ് യൂണിറ്റുകളുടെ നവീകരണത്തിന് ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിക്കുമെന്നും ഗ്രാമ വ്യവസായ യൂണിറ്റ് ആരംഭിക്കാൻ സഹായിക്കുമെന്നും ചടങ്ങിൽ അധ്യക്ഷനായ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഡേവിസ് മാസ്റ്റർ അറിയിച്ചു. എന്റെ ഗ്രാമം വായ്പാ പദ്ധതി വഴി ആറു പേർക്ക് നൽകുന്ന ഓട്ടോറിക്ഷയുടെ ഫ്ളാഗ് ഓഫും പി കെ ഡേവിസ് മാസ്റ്റർ നിർവഹിച്ചു.
7,10,000 രൂപ ചെലവിലാണ് നിലവിൽ മെഴുകുതിരി ചന്ദനത്തിരി, വിളക്ക്തിരി നിർമ്മാണ യൂണിറ്റ് ആരംഭിച്ചത്. ഖാദി ബോർഡ് വില്ലേജ് ഇൻഡസ്ട്രീസ് ഡയറക്ടർ കെ വി ഗിരീഷ് കുമാർ റിപ്പോർട്ട് അവതരണം നടത്തി. എൽത്തുരത്ത് ഡിവിഷൻ കൗൺസിലർ സജിത ഷിബു, ലീഡ് ബാങ്ക് സീനിയർ മാനേജർ പ്രവീൺ കുമാർ എന്നിവർ ആശംസകൾ നേർന്നു.
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് സെക്രട്ടറി ഡോ. കെ എ രതീഷ് സ്വാഗതവും പ്രോജക്ട് ഓഫിസർ എസ് സജീവ് നന്ദിയും പറഞ്ഞു.