വിദ്യാഭ്യാസ മേഖലയുൾപ്പെടെ കേരളത്തിന്റെ പശ്ചാത്തല വികസന മേഖലയിൽ കിഫ്ബി യുടെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവകേരളം കർമ്മപദ്ധതി രണ്ട് വിദ്യാകിരണം മിഷന്റെ ഭാഗമായി കിഫ്ബി, പ്ലാൻ ഫണ്ട്, മറ്റ് ഫണ്ടുകൾ എന്നിവ ഉപയോഗിച്ച് സംസ്ഥാനത്ത് പുതുതായി നിർമ്മിച്ച 97 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഴപ്പിലങ്ങാട് ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കഴിഞ്ഞ ഏഴ് വർഷത്തെ കണക്കെടുത്താൽ കേരളത്തിൽ 80,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കിഫ്ബി സംസ്ഥാനത്ത് നടത്തിയത്. വിദ്യാഭ്യാസ മേഖലയിൽ വിനിയോഗിച്ച 3800 കോടി രൂപയിൽ 2300 കോടി രൂപ കിഫ്ബി മുഖേനയാണ് ലഭ്യമാക്കിയത്. 1500 കോടി രൂപ പ്ലാൻ ഫണ്ട് വഴി ലഭ്യമാക്കി. 2300 സ്‌കൂളുകൾക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. ദേശീയപാത വികസനത്തിനായി സ്ഥലമെടുപ്പിന് 5,500 കോടി രൂപയാണ് കിഫ്ബി വഴി ലഭ്യമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അധ്യയന വർഷാരംഭത്തിന് മുന്നോടിയായി ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഊർജിതമാക്കണം. നിശ്ചിത എണ്ണം കുട്ടികൾക്ക് മെന്ററായി ഒരു ടീച്ചർ ഉണ്ടാവണം. കുട്ടികൾ ലഹരിക്കടിപ്പെടുന്നത് ആ ഒരു കുടുംബത്തിന്റെ മാത്രം പ്രശ്‌നമല്ല നാടിന്റെ ഭാവിയുടെ പ്രശ്‌നമാണെന്ന് കാണാൻ കഴിയണം. എല്ലാതരം ആളുകളും കയറി വരേണ്ട ഇടമായി സ്‌കൂളുകളെ മാറ്റേണ്ടതില്ല. ലഹരി മാഫിയക്കെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊലീസും ജാഗ്രത പാലിക്കണം-മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനതലത്തിൽ മൂന്ന് ടിങ്കറിംഗ് ലാബുകളുടെ ഉദ്ഘാടനവും 12 പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ തറക്കല്ലിടലും മുഖ്യമന്ത്രി നിർവ്വഹിച്ചു.
മുഴപ്പിലങ്ങാട് ജിഎച്ച്എച്ച്എസിൽ പുതുതായി നിർമ്മിച്ച മൂന്നുനില കെട്ടിടവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.ഉദ്ഘാടനം ചെയ്ത 97 സ്‌കൂൾ കെട്ടിടങ്ങളിൽ കിഫ്ബിയുടെ അഞ്ച് കോടി ധനസഹായത്തോടെയുള്ള ഒരു സ്‌കൂൾ കെട്ടിടവും മൂന്ന് കോടി ധനസഹായത്തോടെയുള്ള 12 സ്‌കൂൾ കെട്ടിടങ്ങളും ഒരു കോടി ധനസഹായത്തോടെയുള്ള 48 സ്‌കൂൾ കെട്ടിടങ്ങളും പ്ലാൻ ഫണ്ടും മറ്റ് ഫണ്ടുകളും പ്രയോജനപ്പെടുത്തിയുള്ള 36 സ്‌കൂൾ കെട്ടിടങ്ങളും ഉൾപ്പെടുന്നു.
ഇതിൽ കണ്ണൂർ ജില്ലയിൽ മൂന്ന് കോടി കിഫ്ബി ധനസഹായത്തോടെ നിർമ്മിച്ച കണ്ണാടിപ്പറമ്പ് ജിഎച്ച്എസ്എസ്, ഒരു കോടി ധനസഹായത്തോടെ നിർമ്മിച്ച ജിവിഎച്ച്എസ്എസ് കാർത്തികപുരം, പ്ലാൻഫണ്ട്, മറ്റു ഫണ്ടുകൾ എന്നിവയിൽ നിർമ്മിച്ച ജിഎച്ച്എസ്എസ് ആറളം ഫാം, ജിയുപിഎസ് വയക്കര, ജിഎച്ച്എസ്എസ് മുഴപ്പിലങ്ങാട്, ജിഎച്ച്എസ്എസ് പാലയാട്, ജിഎൽപിഎസ് നരിക്കോട് മല എന്നിവ ഉൾപ്പെടുന്നു.പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.
ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. ഇന്ത്യക്ക് തന്നെ മാതൃകയാണ് കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല. കൃത്യമായ ആസൂത്രണമാണ് ഇതിന് കാരണം. ഭൗതികമായ വികസനത്തിനൊപ്പം അക്കാദമികമായ വികസനവുമാണ് സർക്കാർ ലക്ഷ്യമിടുന്നത്-അദ്ദേഹം പറഞ്ഞു. കുട്ടികളുടെ അഭ്യർത്ഥന മാനിച്ച് മുഴപ്പിലങ്ങാട് ജിഎച്ച്എച്ച്എസിൽ ലിറ്റിൽ കൈറ്റ്‌സ് യൂനിറ്റ് അനുവദിച്ചതായി മന്ത്രി ശിവൻകുട്ടി അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: പുതിയ അധ്യയന വർഷത്തിൽ പുത്തൻ പള്ളിക്കൂടങ്ങൾ :97 സ്കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു