1. ഉയർന്ന പലിശയ്ക്ക് വായ്പയെടുത്ത് കടക്കെണിയിലാകുന്ന കർഷകർക്ക് ആശ്വാസമാവുകയാണ് കിസാൻ ക്രെഡിറ്റ് കാർഡ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, നബാർഡ് എന്നിവയുമായി സഹകരിച്ച് 1998-ലാണ് കിസാൻ ക്രെഡിറ്റ് കാർഡ് ആരംഭിച്ചത്. കൃഷിയുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങൾക്കും കർഷകരെ പിന്തുണക്കുക എന്ന ലക്ഷ്യത്തോടെയാണ് വായ്പ നൽകുന്നത്. പദ്ധതി വഴി കർഷകർക്ക് 5 വർഷത്തെ സാധുത ലഭിക്കും. വായ്പ കാലയളവ് 12 മാസമാണ്. വായ്പയെടുക്കുന്ന തുകയുടെ കാലാവധി 4 വർഷമോ അതിൽ കൂടുതലോ നീട്ടി ലഭിക്കും.
വായ്പ പരിധി, കാലാവധി എന്നിവ കർഷകന്റെ ക്രെഡിറ്റ് സ്കോറിനെ ആശ്രയിച്ചിരിക്കും. പണം പിൻവലിക്കാൻ ബാങ്ക് പാസ്ബുക്ക്, 25,000 രൂപയുടെ ക്രെഡിറ്റ് ലിമിറ്റുള്ള ചെക്ക് ബുക്ക്, വിത്ത്, വളം, കാർഷിക ഉപകരണങ്ങൾ എന്നിവ വാങ്ങാം, കുറഞ്ഞ ബാങ്ക് പലിശ നിരക്ക്, 3 ലക്ഷം രൂപ വരെ പരമാവധി ക്രെഡിറ്റ് ലിമിറ്റ്, നല്ല ക്രെഡിറ്റ് സ്കോറുള്ള കർഷകർക്ക് ഉയർന്ന വായ്പ പരിധി, പലിശ നിരക്കിൽ സബ്സിഡികൾ എന്നിവയാണ് കാർഡിന്റെ പ്രധാന പ്രയോജനങ്ങൾ. ദേശസാൽകൃത, സഹകരണ, പ്രാദേശിക ബാങ്കുകളിൽ നിന്നും കർഷകർക്ക് കാർഡ് ലഭിക്കും.
2. ഈറ്റ് റൈറ്റ് സ്റ്റേഷൻ അംഗീകാരം നേടി കേരളത്തിലെ 21 റെയിൽവേ സ്റ്റേഷനുകൾ. യാത്രക്കാർക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിനായി ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ഈറ്റ് റൈറ്റ് ഇന്ത്യാ മൂവ്മെന്റിന് കീഴിലുള്ള സംരംഭങ്ങളിലൊന്നായ ഈറ്റ് റൈറ്റ് റെയിൽവേ സ്റ്റേഷൻ പദ്ധതിയിലാണ് അംഗീകാരം ലഭിച്ചത്. രാജ്യത്ത് 114 റെയിൽവേ സ്റ്റേഷനുകൾക്കാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്. അവയിൽ ഏറ്റവും കൂടുതൽ അംഗീകാരം ലഭിച്ചതും കേരളത്തിന് തന്നെ. കേരളം ഭക്ഷ്യസുരക്ഷാ രംഗത്ത് നടത്തുന്ന മികച്ച പ്രവർത്തനങ്ങൾക്കുള്ള മറ്റൊരു അംഗീകാരം കൂടിയാണിതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
കൂടുതൽ വാർത്തകൾ: കർഷകർക്ക് കുരുക്കാകുന്ന സിബിൽ സ്കോറും പിആർഎസും; സിബിൽ സ്കോർ എന്തിന് നിലനിർത്തണം?
3. മത്സ്യ സംരംഭകർക്ക് മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ വിപണന സാധ്യതയുമായി കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്‍. വിഷരഹിത മത്സ്യം, മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക, വിപണനം ഉറപ്പുവരുത്തുക, മത്സ്യകര്‍ഷകരുടെ സ്ഥിരവരുമാനം എന്നിവയാണ് മത്സ്യ സംഭരണി എന്ന പദ്ധതിയിലൂടെ കുടുംബശ്രീ ലക്ഷ്യമിടുന്നത്. സി.എഫ് മുഖേന സംരംഭകര്‍ക്ക് സാമ്പത്തിക സഹായവും പദ്ധതി നടപ്പാക്കേണ്ടതിനെ കുറിച്ച് പരിശീലന ക്ലാസുകളും നല്‍കും. യൂണിറ്റുകള്‍ക്ക് ആവശ്യമായ ഫണ്ട് പഞ്ചായത്തിന് നല്‍കാം. മീന്‍ അച്ചാറുകള്‍, മാരിനേറ്റഡ് ഫിഷ്, ഉണക്ക മത്സ്യം തുടങ്ങിയവ ഔട്ട്‌ലെറ്റുകൾ വഴി ലഭ്യമാക്കും.
4. ഹരിതം ചെറുതാഴം പദ്ധതിയുടെ ഭാഗമായി പുഴയോരത്ത് മുളകള്‍ വെച്ചുപിടിപ്പിച്ച് കണ്ണൂരിലെ ചെറുതാഴം ഗ്രാമ പഞ്ചായത്ത്. ചെറുതാഴം ബാംബു പ്ലാന്റേഷന്റെ ഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ അഡ്വ.എ.എന്‍ ഷംസീര്‍ നിര്‍വഹിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഹരിത കേരളം മിഷന്‍, കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തൃശ്ശൂര്‍ എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. 4.74 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. പദ്ധതിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കും തൈകളുടെ പരിപാലനത്തിനുമായി 15 ലക്ഷം രൂപ നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അറിയിച്ചു.