ഒരു സ്വയം തൊഴില്‍ സംരംഭം ആരംഭിക്കാനായി വായ്പാ പദ്ധതികൾ അന്വഷിക്കുന്നവർക്ക് സന്തോഷവാർത്ത! സംസ്ഥാനത്ത് എംപ്ലോയ്‌മെന്റ എക്‌സ്‌ചേഞ്ചുകള്‍ വഴി നടപ്പാക്കിവരുന്നു 5 സ്വയംതൊഴില്‍ വായ്പാ പദ്ധതികളെക്കുറിച്ച് മനസിലാക്കാം
കെഇഎസ്ആര്‍യു (KESRU)
എംപ്ലോയ്‌മെന്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായ വ്യക്തികള്‍ക്കുള്ള സ്വയം തൊഴില്‍ വായ്പാ പദ്ധതിയാണ് കെഇഎസ്ആര്‍യു. പരമാവധി 1 ലക്ഷം രൂപ വരെയാണ് പദ്ധതിയ്ക്ക് കീഴില്‍ വായ്പയായി ലഭിക്കുക. 21 വയസ്സിനും 50 വയസ്സിനും ഇടയിലായിരിക്കണം അപേക്ഷകന്റെ പ്രായം. ഗ്രൂപ്പ് സംരംഭങ്ങള്‍ക്കും ഇതുവഴി ധനസഹായം ലഭിക്കും. ഒരു അംഗത്തിന് ഒരു ലക്ഷം രൂപ എന്ന നിരക്കിലായിരിക്കും ഗ്രൂപ്പ് സംരഭങ്ങള്‍ക്കും വായ്പ ലഭിക്കുന്നത്. 10% തുകയായിരിക്കും സംരഭവിഹിതമായി കരുതേണ്ടത്.
മള്‍ട്ടി പര്‍പ്പസ് ജോബ് ക്ലബ്ബ് (Multi-purpose Job Club)
ഈ പദ്ധതി വഴി ഗ്രൂപ്പ് സംരംഭങ്ങള്‍ക്കാണ് വായ്പ അനുവദിക്കുന്നത്. 2 മുതല്‍ മുതല്‍ 5 വരെ പേര്‍ അംഗങ്ങളടങ്ങുന്ന ഗ്രൂപ്പുകള്‍ക്കാണ് വായ്പ ലഭിക്കുക. അംഗങ്ങള്‍ ഒരേ കുടുംബത്തിലെ വ്യക്തികള്‍ ആകരുതെന്ന് നിബന്ധനയുണ്ട്. 21 വയസ്സനും 40 വയസ്സിനും ഇടയിലായിരിക്കണം അപേക്ഷകന്റെ പ്രായം. പദ്ധതിച്ചെലവ് 10 ലക്ഷം രൂപയിലധികമാകാത്ത എല്ലാത്തരം ബിസിനസ് സംരംഭങ്ങള്‍ക്കും മള്‍ട്ടി പര്‍പ്പസ് ജോബ് ക്ലബ്ബ് വായ്പ ലഭിക്കും. പദ്ധതിച്ചെലവിന്റെ 25 ശതമാനമാണ് സര്‍ക്കാര്‍ സബ്‌സിഡി. പരമാവധി 2 ലക്ഷം രൂപവരെയാണ് സബ്‌സിഡിയായി ലഭിക്കുക. 10 ശതമാനമായിരിക്കും സംരഭക വിഹിതം.
ശരണ്യ പദ്ധതി
വിധവകള്‍, വിവാഹമോചനം നേടിയ സ്ത്രീകള്‍, ഭര്‍ത്താവിനെ കാണാതെപോയ സ്ത്രീകള്‍, പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളിലെ അവിവാഹിതരായ അമ്മമാര്‍, 30 വയസ്സിന് മേല്‍ പ്രായമുള്ള അവിവാഹിതരായ സ്ത്രീകള്‍ എന്നിവരെയാണ് ശരണ്യ പദ്ധതിയ്ക്ക് കീഴില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്വയം തൊഴില്‍ വായ്പാ പദ്ധതി എന്നതിന് പുറമേ ഒരു സാമൂഹിക സുരക്ഷാ പദ്ധതിയും കൂടിയാണിത്. 50,000 രൂപ വരെയാണ് പദ്ധതിയ്ക്ക് കീഴില്‍ സ്വയം തൊഴില്‍ സംരഭങ്ങള്‍ ആരംഭിക്കുന്നതിനായി വായ്പ ലഭിക്കുക. 50% സബ്‌സിഡിയായി 25,000 രൂപ വരെ ലഭിക്കും. 18 വയസ്സ് മുതല്‍ 55 വയസ്സ് വരെയാണ് അപേക്ഷകരുടെ പ്രായ പരിധി. 10% തുകയാണ് സംരഭക വിഹിതം. പലിശയില്ലാതെ മൂന്ന് മാസത്തവണകളായി തുക തിരിച്ചടച്ചാല്‍ മതി.
കൈവല്യ
ഭിന്നശേഷിക്കാരായ തൊഴില്‍രഹിതര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനായി വായ്പ നല്‍കുന്ന പദ്ധതിയാണ് കൈവല്യ. 50,000 രൂപ വരെയാണ് വായ്പ ലഭിക്കുക. 21 മുതല്‍ 55 വയസ്സ് വരെയാണ് അപേക്ഷകര്‍ക്കുള്ള പ്രായ പരിധി. ചില സാഹചര്യങ്ങളില്‍ 1 ലക്ഷം രൂപ വരെ ലഭിക്കും. പദ്ധതിയ്ക്ക് കീഴില്‍ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം, കപ്പാസിറ്റി ബില്‍ഡിങ് പ്രോഗ്രാം, മത്സര പരീക്ഷാ പരിശീലനം തുടങ്ങിയവയും നടത്തുന്നു. ഗ്രൂപ്പ് സംരംഭങ്ങള്‍ക്കും പദ്ധതി വഴി വായ്പ അനുവദിക്കും. ഓരോ അംഗത്തിനും പരമാവധി 50000 രൂപ എന്ന നിരക്കിലായിരിക്കും വായ്പ അനുവദിക്കുക. 50% സബ്‌സിഡിയും ലഭിക്കും. 10% മാണ് സംരഭക വിഹിതം.
നവജീവന്‍
വളരെയേറെ വര്‍ഷങ്ങളായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് റജിസ്റ്റര്‍ ചെയ്തിട്ടും സ്ഥിരം ജോലി ലഭിക്കാതെ പോയ വ്യക്തികള്‍ക്ക് നല്‍കുന്ന വായ്പാ പദ്ധതിയാണ് നവജീവന്‍. 50 മുതല്‍ 65 വയസ്സ് വരെയാണ് പ്രായ പരിധി. 50000 രൂപ വരെയാണ് പദ്ധതിയ്ക്ക് കീഴില്‍ വായ്പയായി ലഭിക്കുക. പരമാവധി 12,500 രൂപ സബ്‌സിഡിയായി ലഭിക്കും. സംയുക്ത സംരംഭങ്ങള്‍ക്കും വായ്പ അനുവദിക്കും.
25% സ്ത്രീകള്‍ക്കായും 25% ബിപിഎല്‍ വിഭാഗങ്ങള്‍ക്കായും സംവരണം ചെയ്തിട്ടുണ്ട്. ധനകാര്യ സ്ഥാപനങ്ങള്‍ മുഖേനയാണ് വായ്പ ലഭ്യമാക്കുക.