കോട്ടയം: അതി ദരിദ്രർ ആരുമില്ലാത്ത ജില്ലയായി കോട്ടയം മാറിക്കഴിഞ്ഞുവെന്ന് സഹകരണ- രജിസ്ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള 'കരുതലും കൈത്താങ്ങും' താലൂക്കുതല അദാലത്തിനു ജില്ലയിൽ തുടക്കം കുറിച്ചു കൊണ്ടുള്ള കോട്ടയം താലൂക്ക് അദാലത്ത് ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു മന്ത്രി .
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ തീരുമാനം അതി ദരിദ്രർ ഇല്ലാത്ത നാടായി കേരളത്തെ മാറ്റുമെന്നായിരുന്നു. അതിദരിദ്രരെ ഇല്ലാതാക്കാനായി സംസ്ഥാന സർക്കാർ നടപ്പാക്കിയ ദത്തെടുക്കൽ ആദ്യം പൂർത്തിയാക്കിയ ജില്ലയായി കോട്ടയം മാറിയെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
പറയുന്നതെല്ലാം പ്രാവർത്തികമാക്കുന്ന സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. പ്രകടന പത്രികയിൽ പറഞ്ഞ 900 കാര്യങ്ങളിൽ 780 എണ്ണത്തിലേറെ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ജനകീയ പ്രശ്നങ്ങൾ പരിഹരിക്കാൻ യുദ്ധകാലടിസ്ഥാനത്തിലുള്ള നടപടികളാണ് സ്വീകരിക്കുന്നത്. എത്രകണ്ട് ജനങ്ങളിലേക്കിറങ്ങി പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താൻ കഴിയും എന്നാണ് സർക്കാർ പരിശ്രമിക്കുന്നത്. ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുന്ന പരാതികൾ പരിഹരിക്കാനാണ് അദാലത്തുകൾ സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ജനകീയ പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാ തലത്തിലുമുള്ള ഇടപെടലുകൾ നടക്കുമ്പോഴും ചെറിയ പ്രശ്നങ്ങൾ തുടരുന്നുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ആവുന്നത്ര പ്രശ്നങ്ങൾ പരിഹരിക്കാൻ ആണ് സർക്കാർ ശ്രമിക്കുന്നത്. ഫയലിൽ ഉറങ്ങുന്ന ജീവിതമല്ല. ചടുലമായ ജീവിതം സാധ്യമാകേണ്ട അവസ്ഥയാണ് സംജാതമാകേണ്ടതെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ, കോട്ടയം നഗരസഭാംഗം സിൻസി പാറയിൽ, ആർ.ഡി.ഒ. വിനോദ് രാജ്, എ.ഡി. എം. റെജി. പി. ജോസഫ്, കോട്ടയം തഹസീൽദാർ എസ്. എൻ. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
ചങ്ങനാശേരി താലൂക്കുതല അദാലത്ത് നാളെ ചങ്ങനാശേരി മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. കാഞ്ഞിരപ്പള്ളി താലൂക്കുതല അദാലത്ത് മേയ് ആറിന് പൊൻകുന്നം മഹാത്മാ ഗാന്ധി ടൗൺ ഹാളിലും മീനച്ചിൽ താലൂക്കുതല അദാലത്ത് മേയ് എട്ടിന് പാലാ മുനിസിപ്പൽ ടൗൺ ഹാളിലും വൈക്കം താലൂക്കുതല അദാലത്ത് മേയ് ഒമ്പതിന് വൈക്കം സീതാറാം ഓഡിറ്റോറിയത്തിലും നടക്കും.
ബന്ധപ്പെട്ട വാർത്തകൾ: കൈത്താങ്ങായി അദാലത്ത്; അതിഥിത്തൊഴിലാളി കുടുംബത്തിന് അതിവേഗം റേഷൻകാർഡ്