കേരളത്തിലെ കർഷകരുമായി നേരിട്ട് സംവദിക്കാൻ അവസരമൊരുക്കി കൃഷി ദർശൻ. സംസ്ഥാന വ്യാപകമായി കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കൃഷിദർശൻ പരിപാടിക്ക് ഒല്ലൂക്കര ബ്ലോക്കിലാണ് തുടക്കമാകുന്നത്.
പരിപാടിയുടെ ഭാഗമായി കൃഷിമന്ത്രി നേരിട്ടെത്തി കർഷകരുടെ പ്രശ്നങ്ങൾ കേൾക്കുകയും പരിഹാരം നിർദേശിക്കുകയും ചെയ്യും. 'ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ കാർഷിക ബ്ലോക്കുകൾ കേന്ദ്രീകരിച്ചാണ് കൃഷിദർശൻ സംഘടിപ്പിക്കുന്നത്. കൃഷിമന്ത്രി പി പ്രസാദും കൃഷിവകുപ്പിലെ സംസ്ഥാനതല ഉദ്യോഗസ്ഥരും ചേർന്ന് കർഷകരോട് സംവദിച്ച് പ്രശ്‌നങ്ങൾ നേരിട്ട് മനസിലാക്കുകയും പരിഹരിക്കുകയും ചെയ്യും. അടുത്ത മാസത്തോടെ ജില്ലയിൽ കൃഷിദർശൻ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്,
മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയായാണ് കൃഷിദർശൻ ആസൂത്രണം ചെയ്തിരിക്കുന്നത്. ജില്ലയിലെ കാർഷിക മേഖലയിലെ സാധ്യതകൾ, ഞങ്ങളും കൃഷിയിലേക്ക്, കൃഷികൂട്ടങ്ങളുടെ സ്ഥിതി, കാർഷിക പ്രശ്‌നങ്ങൾ, നടത്തിപ്പ് പ്രശ്‌നങ്ങൾ എന്നിവ അവലോകനം ചെയ്യും. മന്ത്രി പങ്കെടുക്കുന്ന കാർഷിക അദാലത്തും നടത്തും. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളെയും ഉദ്യോഗസ്ഥരെയും കണ്ട് കാർഷികമേഖലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലുകൾ എന്നിവ വിലയിരുത്തും.
പരിപാടിയുടെ ഭാഗമായി ബ്ലോക്കിലെ ഒരു പഞ്ചായത്ത് കേന്ദ്രമാക്കി മന്ത്രിയുടെ 'ഞങ്ങളും കൃഷിയിലേക്ക് - ഗൃഹസന്ദർശനം', ഒരു കർഷക ഭവനം കേന്ദ്രീകരിച്ച് 'ഭവനകൂട്ടായ്മ', കാർഷിക സാംസ്‌കാരിക പരിപാടികൾ എന്നിവയുമുണ്ടാകും. ബ്ലോക്കിലെ ഒരു പഞ്ചായത്തിനെ മാതൃകാ ഹരിത പോഷക ഗ്രാമമായും ജില്ലയിലെ ഒരു കൃഷിഭവനെ സ്മാർട്ട് കൃഷിഭവനായും പ്രഖ്യാപിക്കുന്ന പരിപാടിയും ഇതോടൊപ്പം തന്നെ സംഘടിപ്പിക്കും. ഏറ്റവും നല്ല കാർഷിക കർമസേനാംഗം, ഏറ്റവും നല്ല പ്ലാന്റ് ഹെൽത്ത് ക്ലിനിക്, ഏറ്റവും നല്ല കർഷക /കർഷകൻ/ കുട്ടിക്കർഷകൻ, ഏറ്റവും നല്ല ഹരിത സ്‌കൂൾ, മാധ്യമ റിപ്പോർട്ടിംഗ്, നവീന കൃഷിരീതി കർഷകൻ, കർഷക സൗഹൃദ ബാങ്ക്, ഏറ്റവും നല്ല സംയോജിത ജൈവ പ്ലോട്ട്, ഏറ്റവും നല്ല പ്രാഥമിക കാർഷിക സഹകരണ സംഘം എന്നിവയ്ക്ക് പുരസ്‌കാരം നൽകുകയും ചെയ്യും.
പരുപാടിയുടെ ഭാഗമായി കേരള കാർഷിക സർവകലാശാല വിദ്യാർത്ഥികളുമുണ്ടാകും. കൃഷിദർശന്റെ ഭാഗമായുള്ള മൂന്ന് ദിവസത്തെ പ്രദർശനത്തിൽ കൃഷിവകുപ്പിന് കീഴിലുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും കേരള കാർഷിക സർവ്വകലാശാലയും മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പും പങ്കെടുക്കും. സംസ്ഥാനത്തെ മുഴുവൻ കൃഷി ബ്ലോക്കുകളിലും ഘട്ടംഘട്ടമായാണ് പരിപാടി നടത്തുന്നത്. കൃഷിദർശൻ വിളംബരജാഥ ചിങ്ങം ഒന്നിന് എല്ലാ കൃഷിഭവനുകളും കേന്ദ്രീകരിച്ച് നടത്തിയിരുന്നു.