ആലപ്പുഴ: കൃഷിമന്ത്രി പി. പ്രസാദ് നയിക്കുന്ന പ്രാദേശിക കാർഷിക വിലയിരുത്തൽ പരിപാടിയായ കൃഷിദർശൻ ഹരിപ്പാട് ആരംഭിച്ചു. കൃഷിദർശന്റെ ആലപ്പുഴ ജില്ലയിലെ ആദ്യ പരിപാടിയാണിത്. ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച കാർഷിക പ്രദർശന നഗരിയുടെ ഉദ്ഘാടനം രമേശ് ചെന്നിത്തല എം.എൽ.എ ഓൺലൈനായി നിർവഹിച്ചു.
കൂടുതൽ വാർത്തകൾ: PM KISAN; അടുത്ത ഗഡുവിൽ 4000 രൂപ ലഭിക്കുമോ?
കർഷകർക്കും കാർഷിക മേഖലയ്ക്കും ഗുണകരമായ നിരവധി പ്രവർത്തനങ്ങൾ സംയോജിപ്പിച്ചു കൊണ്ടാണ് കൃഷിദർശൻ പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളതെന്നും ഹരിപ്പാട് സ്വദേശികളായ എല്ലാ കർഷകർക്കും പരിപാടിയുടെ ഗുണം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കിസാൻ മേളയുടെ ഉദ്ഘാടനം തോമസ് കെ. തോമസ് എം.എൽ.എ. നിർവഹിച്ചു. കർഷകന് ആത്മവിശ്വാസവും ഉത്തേജനവും പകരുന്ന പ്രവർത്തനങ്ങളാണ് കൃഷിദർശനിൽ സംഘടിപ്പിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കൃഷിദർശന്റെ ഭാഗമായി കാർഷിക പ്രദർശനം, കൃഷിയിട സന്ദർശനം, ബി ടു ബി മീറ്റ്, ഡി.പി.ആർ. ക്ലിനിക്, കാർഷിക സെമിനാറുകൾ തുടങ്ങി ഒട്ടേറെ പരിപാടികളാണ് നടത്തുന്നത്.
കൃഷിമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് കൃഷിയിടങ്ങൾ സന്ദർശിക്കുന്നത്. മൂല്യ വർധിത മേഖലയിലെ സംരംഭങ്ങൾ, കേന്ദ്ര- സംസ്ഥാന സർക്കാർ ഗവേഷണ കേന്ദ്രങ്ങളിലെ നൂതന സാങ്കേതിക വിദ്യകൾ, കാർഷിക യന്ത്ര വത്ക്കരണ രംഗത്തെ പുത്തൻ ആശയങ്ങൾ തുടങ്ങി 5ഓളം സ്റ്റാളുകളാണ് മേളയിൽ ഒരുക്കിയിട്ടുള്ളത്. കാർഷിക പ്രദർശനം ഏപ്രിൽ 29ന് സമാപിക്കും. എല്ലാ ദിവസവും വൈകുന്നേരം 5 മണി മുതൽ വേദിയിൽ വിവിധ കലാ സാംസ്‌കാരിക പരിപാടികൾ നടക്കും.
ചടങ്ങിൽ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് പ്രസിഡന്റ് ശ്രീജ കുമാരി, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ എ. ശോഭ, ടി.എസ്. താഹ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. വിനോദ് കുമാർ, അശ്വതി തുളസി, ഷീജ സുരേന്ദ്രൻ, എബി മാത്യു, ഒ. സൂസി, പ്രിൻസിപ്പൽ കൃഷി ഓഫീസർ സിബി റ്റി. നീണ്ടിശ്ശേരി, ജില്ല പഞ്ചായത്ത് അംഗം ജോൺ തോമസ്, കൗൺസിലർ വൃന്ദ എസ്. കുമാർ, കർഷക സംഘടന നേതാക്കളായ ഇ.ബി. വേണുഗോപാൽ, പി. ചന്ദ്രൻ, ഫക്രുദ്ദീൻ അലി അഹമ്മദ്, രതീശൻപിള്ള ആർ. അനിരാജ്, മുതിർന്ന കർഷകൻ കൃഷ്ണൻകുട്ടി, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ടി.സി. ഷീന തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന കാർഷിക സെമിനാറിൽ കൃഷി വകുപ്പ് മുൻ അസിസ്റ്റന്റ് ഡയറക്ടർ സി.കെ. വേണുഗോപാൽ ക്ലാസെടുത്തു. അഡീഷണൽ ഡയക്ടർമാരായ ആർ. ശ്രീരേഖ, എസ്.ആർ. രാജേശ്വരി എന്നിവർ സംസാരിച്ചു.