1. News

റേഷൻ കുടിശിക ഡിസംബർ 23നകം നൽകണം: ഹൈക്കോടതി..കൂടുതൽ കൃഷി വാർത്തകൾ

ഓണക്കിറ്റ് വിതരണത്തിലെ കമ്മിഷനടക്കം വ്യാപാരികൾക്ക് നൽകണമെന്ന് ഭക്ഷ്യ സിവിൽ സെക്രട്ടറിക്കും സിവിൽ സപ്ലൈസ് കമ്മിഷണർക്കും നിർദേശം

Darsana J

1. റേഷൻ വ്യാപാരികൾക്കുള്ള കുടിശിക ഡിസംബർ 23നകം കൊടുത്ത് തീർക്കണമെന്ന് ഹൈക്കോടതി. ഓണക്കിറ്റ് വിതരണത്തിലെ കമ്മിഷനടക്കം വ്യാപാരികൾക്ക് നൽകണമെന്ന് ഭക്ഷ്യ സിവിൽ സെക്രട്ടറിക്കും സിവിൽ സപ്ലൈസ് കമ്മിഷണർക്കുമാണ് നിർദേശം നൽകിയത്. കുടിശിക തീർക്കാൻ വൈകിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഹാജകരാകണമെന്നാണ് കോടതി ഉത്തരവ്. കുടിശിക വിതരണം ചെയ്യാൻ കഴിഞ്ഞ ഫെബ്രുവരിയിൽ ഉത്തരവ് നൽകിയിട്ടും അത് സാധിച്ചില്ല. ഇതോടെ റേഷൻ വ്യാപാരികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം വെട്ടിക്കുറച്ച കമ്മിഷൻ പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് റേഷൻ വ്യാപാരികൾ നടത്താനിരുന്ന സമരം ഭക്ഷ്യമന്ത്രി ഇടപെട്ടതോടെ മാറ്റിവച്ചു.

ബന്ധപ്പെട്ട വാർത്തകൾ: പിഎം കിസാൻ സമ്മാൻ നിധിയിൽ നിന്ന് 67 ശതമാനം കർഷകരും പുറത്ത്..കൃഷി വാർത്തകളിലേക്ക്

2. കാർഷിക മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ നടന്ന കൃഷിദർശൻ പരിപാടിയുടെ സമാപന ചടങ്ങ് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷിക ഉൽപന്നങ്ങളെ മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റുമെന്നും കർഷകരുടെ വരുമാനത്തിൽ 50 ശതമാനം വർധനവ് ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

3. 1100 മൂല്യവർധിത ഉൽപന്നങ്ങളുടെ ഉൽപാദനം 6 മാസത്തിനുള്ളിൽ ആരംഭിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. കൃഷിദർശൻ പരിപാടിയുടെ ഭാഗമായി കണ്ണൂരിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാല്യു ആഡഡ് അഗ്രികൾച്ചർ മിഷന്റെ 'ഒരു കൃഷിഭവൻ ഒരു ഉൽപന്നം' എന്ന പദ്ധതിയുടെ ഭാഗമായാണ് ഉൽപാദനം നടത്തുകയെന്നും കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം തുടങ്ങി 11 വകുപ്പുകളുടെ സഹകരണത്തോടെ ഉൽപാദന യൂണിറ്റുകൾ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

4. ക്ഷീരോത്പ്പാദന മേഖലയിൽ കേരളത്തിന് മികച്ച മുന്നേറ്റമെന്ന് ക്ഷീരവികസനമന്ത്രി ജെ.ചിഞ്ചുറാണി. പേരാമ്പ്ര ബ്ലോക്കിൽ സംഘടിപ്പിച്ച ക്ഷീര കർഷക സം​ഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പാലുത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്നും കർഷകരുടെ അഭിപ്രായം കൂടി പരി​ഗണിച്ച് ഗുണമേന്മയുള്ള കാലിത്തീറ്റകൾ ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

5. പുരസ്കാരങ്ങളുടെ ഇരട്ടത്തിളക്കത്തിൽ കുടുംബശ്രീ. മികച്ച വെബ്സൈറ്റിനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഇ-ഗവേണന്‍സ് അവാര്‍ഡും കോവിഡ് കാലത്ത് വയോജന സുരക്ഷയ്ക്കായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള എം-ഗവേണന്‍സ് അവാര്‍ഡുമാണ് കുടുംബശ്രീ നേടിയത്. അനായാസമായ ഉപയോഗം, മികച്ച രൂപകല്‍പന, കൃത്യമായ ഇടവേളകളില്‍ ഏറ്റവും പുതിയ വിവരങ്ങള്‍, ആഴത്തിലുള്ള വിവരശേഖരം എന്നിവ പരിഗണിച്ചാണ് മികച്ച വെബ്സൈറ്റിനുള്ള അവാര്‍ഡ് കുടുംബശ്രീക്ക് ലഭിച്ചത്. അവാര്‍ഡുകള്‍ ഡിസംബര്‍ മൂന്നിന് വിതരണം ചെയ്യും.

6. ഇന്ത്യയുടെ പാലുത്പാദന മേഖലയിലും കർഷക ക്ഷേമ പ്രവർത്തനങ്ങളിലും മിൽമ വഹിക്കുന്ന പങ്ക് വളരെ വലുതെന്ന് ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ. കേരള സഹകരണ ക്ഷീര വിപണന ഫെഡറേഷൻ ലിമിറ്റഡ് സംഘടിപ്പിച്ച ദേശീയ ക്ഷീരദിനാചാരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. കർഷകരെ സംരക്ഷിക്കുന്ന ശക്തമായ സഹകരണ പ്രസ്ഥാനം പാലുത്പാദന മേഖലയിലുള്ളത് കേരളത്തിന്റെ പ്രത്യേകതയാണെന്നും അന്താരാഷ്ട്ര ബ്രാൻഡുകളുടെ നിലവാരത്തിലേക്ക് മിൽമ ഉത്പന്നങ്ങൾ മാറുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

7. കേരള ബാംബൂ ഫെസ്റ്റ് 2022ന് കൊച്ചിയിൽ തുടക്കം. മുള ഉത്പന്ന നിര്‍മ്മാതാക്കള്‍, കരകൗശല വിദഗ്ധര്‍, പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍, ഏജന്‍സികള്‍ തുടങ്ങി മുള ഉത്പന്ന മേഖലയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളും മേളയിൽ പങ്കെടുക്കുന്നുണ്ട്. 180 സ്റ്റാളുകളുകളിലായി കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും നിന്നുള്ള 300ഓളം കരകൗശല വിദഗ്ധർ മേളയിൽ അണിനിരക്കുന്നുണ്ട്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിൽ നടക്കുന്ന മേള ഡിസംബർ നാലിന് അവസാനിക്കും.

8. ആലങ്ങാടന്‍ ശര്‍ക്കര 2024ല്‍ വിപണിയിലിറക്കുമെന്ന് വ്യവസായമന്ത്രി പി. രാജീവ്. കൃഷിക്കൊപ്പം കളമശ്ശേരിയുടെ ഭാഗമായി മണ്ഡലതല കരിമ്പ് കൃഷിയുടെ നടീല്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലങ്ങാടന്‍ ശര്‍ക്കരയ്ക്ക് ഭൗമസൂചികാ പദവി നേടിയെടുക്കാന്‍ ശ്രമിക്കുമെന്നും പാല്‍, മുട്ട, മാംസം എന്നിവയും കളമശ്ശേരി പദ്ധതിയുടെ ഭാഗമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

9. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയ്ക്ക് തുടക്കം കുറിച്ച് മലപ്പുറം നീലാഞ്ചേരി ഗവ. ഹൈസ്കൂൾ. നൂതന കൃഷി രീതികൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്. തുവൂർ ഗ്രാമപഞ്ചായത്ത്‌ ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ ടി. ജലീൽ പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂളിന്റെ ടെറസിൽ സജ്ജമാക്കിയ 120 പ്രകൃതി സൗഹൃദ ഗ്രോ ബാഗുകളിലായാണ് കൃഷി ചെയ്യുന്നത്.

10. ആലപ്പുഴ ജില്ലയിൽ കാര്‍ഷികയന്ത്ര പ്രവർത്തനങ്ങളിൽ പരിശീലനം നൽകുന്നു. അപേക്ഷകരിൽ നിന്നും തിരഞ്ഞെടുക്കുന്ന 20 പേര്‍ക്ക് കാര്‍ഷികയന്ത്ര പ്രവര്‍ത്തനം, അറ്റകുറ്റപണി എന്നിവയില്‍ 20 ദിവസത്തെ പരിശീലനം നേടാം. ഐ.ടി.ഐ./വി.എച്ച്.എസി.ഇ. (ഓട്ടോമൊബൈല്‍ എന്‍ജിനീയറിംഗ്/ ഡീസല്‍ മെക്കാനിക്ക്/മെക്കാനിക്ക് അഗ്രിക്കള്‍ച്ചര്‍ മെഷിനറി/ മെക്കാനിക്കല്‍ സര്‍വീസിംഗ്/അഗ്രോ മെഷിനറി/ഫാം പവര്‍ എന്‍ജിനീയറിംഗ്/ട്രാക്ടര്‍ മെക്കാനിക്ക്) എന്നീ ട്രേഡുകള്‍ പാസായവര്‍ക്കാണ് അവസരം. പ്രായപരിധി 18നും 35 വയസിനും ഇടയിലാണ്. താത്പര്യമുള്ളവര്‍ ഡിസംബര്‍ അഞ്ചിന് വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ spokksasc1@gmail.com എന്ന വിലാസത്തില്‍ അപേക്ഷിക്കണം. വിശദ വിവരങ്ങൾക്ക് വിളിക്കാം: 8281200673.

11. ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് 2022-23 ജനകീയാസൂത്രണ പദ്ധതിയിലേക്ക്, ഗ്രാമസഭ ഗുണഭോക്തൃ ലിസ്റ്റില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. പച്ചക്കറിക്കൃഷി വികസനം, തെങ്ങിന് വളം, വാഴകൃഷി വികസനം, മട്ടുപ്പാവ് കൃഷി, ഇടവിള കൃഷി, പച്ചക്കറി കൃഷി വനിത ഗ്രൂപ്പ് എന്നിങ്ങനെയാണ് പദ്ധതികള്‍. അപേക്ഷ കൃഷിഭവനില്‍ ലഭ്യമാണ്. ഈ മാസം 28 മുതല്‍ ഡിസംബര്‍ എട്ട് വരെ കൃഷി ഭവനില്‍ അപേക്ഷ നൽകാം. പദ്ധതി ഗുണഭോക്തൃ വിഹിതം, 2022-23 വര്‍ഷത്തെ കരം തീര്‍ത്ത രസീത്, ആധാര്‍ കാര്‍ഡിന്റെ കോപ്പി, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം.

12. പൊതുവിദ്യാലയങ്ങളിലെ കാലാവസ്ഥാ നിലയങ്ങൾ നൂതനമായ ആശയമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. കായണ്ണ ​ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. കേരളത്തിലെ ഇരുന്നൂറ്റി നാൽപത് പൊതുവിദ്യാലയങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ഇത്തരം കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിലൂടെ കാലാവസ്ഥയെ കുറിച്ച് നേരിട്ടുള്ള പഠനം വിദ്യാർഥികൾക്ക് സാധ്യമാകുമെന്നും ചടങ്ങിൽ മന്ത്രി പറഞ്ഞു.

13. കാർഷിക മേഖലയിലെ പുരോഗമനം ലക്ഷ്യമിട്ട് പുന്നപ്ര തെക്ക് പഞ്ചായത്ത് കൃഷിഭവനില്‍ വിവിധ പദ്ധതികള്‍ക്ക് തുടക്കം. പദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് കിഴങ്ങ് വര്‍ഗവും വളവും അടങ്ങുന്ന ഇടവിള കിറ്റ്, പച്ചക്കറി കൃഷിക്കാവശ്യമായ ചട്ടികള്‍, ചണം, പയര്‍ വിത്തുകള്‍, ശീമക്കൊന്ന തണ്ട്, നെല്‍ വിത്ത് എന്നിവ വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം എച്ച്. സലാം എം.എല്‍.എ നിർവഹിച്ചു.

14. ഭക്ഷ്യോൽപന്നങ്ങളുടെ ഇറക്കുമതി കുറയ്ക്കുന്നതിന്റെ ഭാഗമായി സ്മാർട്ട് ഫാമിങ്ങിലേക്ക് ചുവടുവച്ച് ഒമാൻ. ദക്ഷിണ കൊറിയൻ കമ്പനിയായ നോങ്ഷീമുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇലക്ട്രോണിക്സ് സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ചെയ്യുന്ന കൃഷിയാണ് സ്മാർട്ട് ഫാമിങ്. ഈ സംവിധാനത്തിലൂടെ ഒരു വർഷത്തിൽ 18 തവണ വരെ വിളവെടുക്കാൻ സാധിക്കും. ഒമാനിൽ സ്മാർട്ട് ഫാം സിസ്റ്റം ഒരുക്കുന്നതിനുള്ള ടെൻഡർ ലഭിച്ചതായി നോങ്ഷിം അറിയിച്ചു.

15. കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നൽ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

English Summary: Ration dues to be paid by December 23 High Court order More malayalam Agriculture News

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds