ലോക വിപണിയില്‍ ജൈവ ഉല്പന്നങ്ങള്‍ക്ക് ആവശ്യകത വര്‍ദ്ധിച്ച സാഹചര്യത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ജൈവകൃഷി പ്രോത്സാഹന പദ്ധതിയാണ് പരമ്പരാഗത കൃഷിവികാസ് യോജന. ഇന്ത്യയില്‍ ഏകദേശം അറുപത് ജില്ലകളില്‍ ഈ പദ്ധതി നടപ്പാക്കിവന്നിരുന്നു. . കേരളത്തില്‍ ആദ്യഘട്ടത്തില്‍ ആറ് ജില്ലകളിലെ നൂറ് ക്ലസ്റ്ററുകളിലും രണ്ടാംഘട്ടത്തില്‍ 130 ക്ലസ്റ്ററുകളും ഉള്‍പ്പടെ 500 ക്ലസ്റ്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇരുപത് ഹെക്ടര്‍ സ്ഥലമോ അമ്പത് കര്‍ഷകരോ ഉള്‍പ്പെടുന്നതാണ് ഓരോ ക്ലസ്റ്ററും. കര്‍ഷകര്‍ക്ക് ജൈവകൃഷി അനുവര്‍ത്തിക്കുന്നതിനും ജൈവസര്‍ട്ടിഫിക്കറ്റേ നേടിയെടുക്കുന്നതിനും വരുന്ന ചിലവ് മൂന്ന് വര്‍ഷത്തേക്ക് സര്‍ക്കാര്‍ വഹിക്കുന്നതാണ് പദ്ധതി. മണ്ണ് പരിശോധന, ജീവാണുവളപ്രയോഗം, ജൈവവള നിര്‍മ്മാണ യൂണിറ്റ്, ജൈവോത്പന്ന നിര്‍മ്മാണം, മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണം, പാക്കിംഗ്, ലേബലിംഗ്, വിപണി തുടങ്ങിയവ ഇവയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉത്പന്ന സംഭരണകേന്ദ്രം, സംസ്‌കരണ കേന്ദ്രം, വില്‍പന കേന്ദ്രം , വാഹനങ്ങള്‍, വിപണന മേളകള്‍ എന്നിവയും ഇതിന്റെ ഭാഗമായി ഉണ്ട്.
ഓരോ കൃഷിഭവനിലെയും കൃഷിഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ഓരോ ക്ലസ്റ്ററുകള്‍ക്കും ലീഡ് റിസോഴ്സ് പേഴ്സണ്‍ അഥവാ എല്‍.ആര്‍.പി.മാര്‍ ഉണ്ടാകും. ബ്ലോക്ക് തലത്തില്‍ കൃഷി വകുപ്പ്അസിസ്റ്റന്റ് ഡയറക്ടര്‍മാരും ജില്ലാ തലത്തില്‍ കൃഷി വകുപ്പിലെ ഒരു ഡെപ്യൂട്ടി ഡയറക്ടറും പ്രവര്‍ത്തന പുരോഗതി വിലയിരുത്തും. ജൈവകൃഷി രീതിയികളെക്കുറിച്ചും മൂല്യവര്‍ദ്ധിത ഉത്പന്ന നിര്‍മ്മാണങ്ങളെക്കുറിച്ചുമുള്ള പരിശീലനങ്ങളും പഠനയാത്രകളും പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഒരു വര്‍ഷംകൊണ്ട് അമ്പത് ശതമാനം കാര്‍ഷികമേഖലയിലെ വളര്‍ച്ചയാണ് പദ്ധതികൊണ്ട് ലക്ഷ്യംവെയ്ക്കുന്നത്. ജൈവിക് ഭാരത് എന്ന വെബ്സൈറ്റ് മുഖേനയും ജൈവിക് ഖേദി എന്ന പോര്‍ട്ടല്‍ മുഖേനയും വില്‍പ്പനകള്‍ നടത്താം. പാര്‍ട്ടിസിപ്പേറ്ററി ഗ്യാരണ്ടി സിസ്റ്റം അഥവാ പി.ജി.എസ്. ഇന്ത്യ ആണ് ജൈവസര്‍ട്ടിഫിക്കറ്റുകള്‍ കര്‍ഷകര്‍ക്ക് നല്‍കുന്നത്.
ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്ന എല്ലാ കര്‍ഷകര്‍ക്കും പി.ജി.എസ്. ഇന്ത്യ ഓര്‍ഗാനിക് സര്‍ട്ടിഫിക്കറ്റ് സൗജന്യമായി ലഭിക്കും.
ആദ്യഘട്ടത്തില്‍ തന്നെ പി.ജി.എസ്. ഗ്രീന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് ലോഗോ വെച്ച് വിപണനം തുടങ്ങാന്‍ കഴിയും. രണ്ടാംഘട്ടത്തില്‍ മാര്‍ക്കറ്റിംഗിനുള്ള സഹായങ്ങളും ഓണ്‍ലൈനായി മൊത്തവ്യാപാരത്തിനുള്ള അവസരവും ഒരുങ്ങും. അതേ ഘട്ടത്തില്‍ തന്നെ ജൈവോത്പന്നങ്ങള്‍ വില്‍ക്കുന്നതിനായി മേളകളും സംഘടിപ്പിക്കാവുന്നതാണ്. ഓരോ ക്ലസ്റ്ററിലെയും കര്‍ഷകരന്റെ പൂര്‍ണ്ണ വിവരങ്ങള്‍ ശേഖരിക്കുന്നതും രേഖപ്പെടുത്തുന്നതും നിരീക്ഷിക്കുന്നതും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ അടക്കമുള്ള കാര്യങ്ങള്‍ ചെയ്യുന്നതും ഡാറ്റാ എന്‍ട്രി നടത്തുന്നതും എല്‍.ആര്‍.പി.മാരാണ്. ഇവരുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്ക് നല്‍കുന്ന പരിശീലനത്തിന്റെ മുഴുവന്‍ ചിലവും പദ്ധതിയില്‍ നിന്ന് വഹിക്കും. വര്‍ഷം മൂന്ന് പരിശീലനങ്ങളും ഒരു പഠനയാത്രയും മണ്ണ് പരിശോധനയും നടത്താവുന്നതാണ്. നിലവില്‍ രാസവള കീടനാശിനികള്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്ന കര്‍ഷകര്‍ക്ക് ജൈവകൃഷിയിലേക്ക് മാറുന്നതിന് അമ്പതിനായിരം രൂപ വരെ ഒരു ഹെക്ടറിന് കര്‍ഷകന് നേരിട്ട് സഹായം നല്‍കും. നേഴ്സറി, പരമ്പരാഗത വളങ്ങള്‍, ജൈവവേലി, ജൈവവിവിധ്യം നിലനിര്‍ത്തല്‍, ദ്രവരൂപത്തിലുള്ള മിശ്രിതങ്ങള്‍ നിര്‍മ്മിക്കല്‍, വെര്‍മികമ്പോസ്റ്റ് തുടങ്ങിയവയെല്ലാം പദ്ധതിയിലുണ്ട്. കൃഷിസ്ഥലത്തിന്റെ മൊത്തം വിസ്തീര്‍ണ്ണവും പദ്ധതിയില്‍ ഉള്‍പ്പെടുന്നില്ലെങ്കിലും മൊത്തം സ്ഥലത്തിനും സര്‍ട്ടിഫിക്കറ്റ് ലഭിക്കും. നാഷണല്‍ സെന്റര്‍ ഫോര്‍ ഓര്‍ഗാനിക് ഫാമിംഗിന്റെ സഹായങ്ങളും ലഭിക്കും. ഓരോ കര്‍ഷകന്റെയും ആധാര്‍ കാര്‍ഡിലെ നമ്പര്‍ ചേര്‍ത്താണ് രജിസ്ട്രേഷന്‍ എന്നതിനാല്‍ മറ്റ് ജൈവപദ്ധതികളില്‍ അംഗങ്ങളായവര്‍ക്ക് ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല.
(സി.വി.ഷിബു
ഫാം ജേണലിസ്റ്റും വയനാട് ജില്ലയിലെ ക്ലസ്റ്റര്‍ എല്‍ .ആര്‍ .പി.യുമാണ് ലേഖകന്‍
9656347995).