കോഴിക്കോട്: ജില്ലയിലെ കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതിയിൽ 2022-23 വർഷത്തെ മികച്ച പഞ്ചായത്തിനുള്ള പുരസ്‌കാരം കരസ്ഥമാക്കി മണിയൂർ പഞ്ചായത്ത്. വിവിധ ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന പ്രാദേശിക ഉൽപ്പന്നങ്ങളുടെ ഉൽപാദനവും വിപണനവും ഏകോപിപ്പിച്ച് 1500 ഓളം വനിതകൾക്ക് തൊഴിൽ ലഭ്യമാക്കുന്ന പദ്ധതിയാണ് കുടുംബശ്രീ ഹോംഷോപ്പ്.
കോഴിക്കോട് ജില്ലാ കുടുംബശ്രീമിഷന് കീഴിൽ കഴിഞ്ഞ 13 വർഷങ്ങളായി വിജയകരമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഹോംഷോപ്പ് പദ്ധതിയുടെ വാർഷികാഘോഷ പരിപാടി 'അത്തപ്പൂമഴ' ബാലുശ്ശേരി ഗ്രീൻ അരീന ഓഡിറ്റോറിയത്തിൽ നടന്നു.
'അത്തപ്പൂമഴ'യുടെ ഉദ്ഘാടനം കെ.എം സച്ചിൻ ദേവ് എംഎൽഎ നിർവഹിച്ചു. എംഎൽഎമാരായ ടി.പി രാമകൃഷ്ണൻ, കാനത്തിൽ ജമീല തുടങ്ങിയവർ സംസാരിച്ചു.
ബന്ധപ്പെട്ട വാർത്ത: കുടുംബശ്രീ സാമൂഹിക -സാമ്പത്തിക പുരോഗതിയിലേക്ക് നയിച്ചു; മന്ത്രി
കുടുംബശ്രീ ഗവേർണിങ് ബോഡി അംഗം കെ.കെ ലതികയിൽ നിന്നും മികച്ച പഞ്ചായത്തായ മണിയൂർ പഞ്ചായത്തിന് വേണ്ടി പ്രസിഡന്റ് ടി കെ അഷ്‌റഫ്, വൈസ് പ്രസിഡന്റ് എം ജയപ്രഭ, സിഡിഎസ് ചെയർപേഴ്‌സൺ കെ സജിത, ബ്ലോക്ക് കോർഡിനേറ്റർ ശ്രീജിഷ എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി. ബ്ലോക്കിലെ 2022-23 വർഷത്തെ മികച്ച ഹോം ഷോപ്പ് ഓണർക്കുള്ള പുരസ്‌കാരം മണിയൂർ പഞ്ചായത്തിലെ എ കെ സുലേഖയും കരസ്ഥമാക്കി.