എറണാകുളം: നൂതന സാധ്യതകൾ മുന്നിൽ കണ്ടുള്ള സംരംഭകത്വ വികസനമാണ് കുടുംബശ്രീ ലക്ഷ്യമിടേണ്ടതെന്ന് പി വി.ശ്രീനിജിൻ എം.എൽ.എ പറഞ്ഞു. കുന്നത്തുനാട് നിയോജക മണ്ഡലം ഓണാഘോഷ പരിപാടി കുന്നത്തുനാട് ഫെസ്റ്റ് ലാവണ്യം 2023 ന്റെ ഭാഗമായി നടന്ന വലിയ ലോകവും സംരംഭ സാധ്യതകളും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരമ്പരാഗത രീതികൾ വിട്ട് പുതിയ ലക്ഷ്യങ്ങളിലേക്ക് വഴിമാറി സഞ്ചരിക്കാൻ കുടുംബശ്രീ അംഗങ്ങൾ ശ്രമിക്കേണ്ടതുണ്ട്. ഇതിനാവശ്യമായ മുഴുവൻ പരിസരങ്ങളും സർക്കാർ ഒരുക്കുന്നുണ്ടെന്നും എം എൽ എ പറഞ്ഞു.
കുടുംബശ്രീ മിഷൻ ജില്ലാ കോ ഓഡിനേറ്റർ ടി.എം.റെജീന സെമിനാർ ഉദ്ഘാടനം ചെയ്തു. വെല്ലുവിളികളെ അതിജയിക്കാനുള്ള പരിശീലനവും കരുത്തും കുടുംബശ്രീ അംഗങ്ങൾക്കുണ്ടെന്നും നവീനമായ ആശയങ്ങളും കാഴ്ചപ്പാടുകളും പരമാവധി കുടുംബശ്രീ സംരംഭകരിലേക്ക് പകർന്ന് നൽകുന്നുണ്ടെന്നും ടി.എം റെജീന പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി ഇനി മങ്കടയിലും
പ്രവാസി സഹകരണ സംഘം പ്രസിഡന്റ് നിസാർ ഇബ്രാഹീം സെമിനാർ നയിച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി, നവകേരളം കർമ്മ പദ്ധതി ജില്ലാ കോ ഓഡിനേറ്റർ എസ് രഞ്ജിനി, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ആർ.സംഗീത, കുടുംബശ്രീ എൻ.ആർ.ഒ മെന്റർ മായ ശശിധരൻ എന്നിവർ പങ്കെടുത്തു.
ഓഗസ്റ്റ് 26 വരെ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് മൈതാനിയിലാണ് കുന്നത്തുനാട് ഫെസ്റ്റ് നടക്കുന്നത്. വ്യവസായ വാണിജ്യ പ്രദർശന മേള, കുടുംബശ്രീ ജില്ലാതല ഓണം വിപണമേള, കാർഷിക വിപണന മേള, ഭക്ഷ്യമേള, രാത്രികാല വിപണനമേള, സെമിനാറുകൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാദിവസവും വൈകിട്ട് കേരളത്തിലെ പ്രശസ്തരായ കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടാകും.