എറണാകുളം: ജില്ലയില്‍ കുടുംബശ്രീ ഓണച്ചന്തകള്‍ വഴി ഏറ്റവുമധികം ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചത് വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്തില്‍. ബ്ലോക്കിലെ അഞ്ച് സി.ഡി.എസുകളില്‍ നടത്തിയ ചന്തകളിലായി 43,35,374 രൂപയുടെ ഉല്‍പ്പന്നങ്ങളായിരുന്നു കുടുംബശ്രീ പ്രവര്‍ത്തകര്‍ വിറ്റഴിച്ചത്. മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ നീണ്ടുനിന്ന ഓണ വിപണികളിലായി 2.9 കോടി രൂപയുടെ വില്‍പ്പനയായിരുന്നു ജില്ലയില്‍ നടന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ഒന്നാന്തരം പൂക്കള്‍, പൂവിപണിയില്‍ കുടുംബശ്രീ നേടിയത് ഒന്നര ലക്ഷം രൂപ
സംസ്ഥാന തലത്തില്‍ തന്നെ കുടുംബശ്രീ നടത്തിയ ഓണച്ചന്തകളില്‍ ഏറ്റവുമധികം വിറ്റുവരവ് എറണാകുളത്തായിരുന്നു. ഇതിനായി ജില്ലാതലത്തില്‍ നാലും സി.ഡി.എസ് തലത്തില്‍ 101 വിപണന മേളകളുമായിരുന്നു സംഘടിപ്പിച്ചത്. ബ്ലോക്ക് അടിസ്ഥാനത്തില്‍ 25,13,639 രൂപയുടെ വിറ്റുവരവ് നടന്ന വടവുകോട് രണ്ടാമതെത്തിയപ്പോള്‍ പറവൂരില്‍ 25,07,369 രൂപയുടെയും മുവാറ്റുപുഴയില്‍ 24,47,085 രൂപയുടെയും കോതമംഗലത്ത് 24,48,571 രൂപയുടെയും ഉല്‍പ്പന്നങ്ങളാണ് ഓണത്തിന് കുടുംബശ്രീ വിറ്റഴിച്ചത്.
ആലങ്ങാട് (20,14,286), അങ്കമാലി (15,72,234), ഇടപ്പള്ളി (10,30,660), കൂവപ്പടി (13,65,802), മുളന്തുരുത്തി (9,03,671), പള്ളുരുത്തി (5,79,390), പാമ്പാക്കുട (4,83,819), പാറക്കടവ് (6,54,735), വാഴക്കുളം (18,99,132) എന്നിങ്ങനെയാണ് മറ്റു ബ്ലോക്കുകളിലെ വിറ്റുവരവ്. നഗര പ്രദേശങ്ങളിലെ 19 സി.ഡി.എസുകളില്‍ നിന്നായി 36,93,218 രൂപയുടെയും 4 ജില്ലാ വിപണന മേളകളില്‍ നിന്നായി 6,04,417 രൂപയുടെ ഉല്‍പ്പന്നങ്ങളുമാണു വില്‍പ്പന നടത്തിയത്.
വൈപ്പിന്‍ ബ്ലോക്ക് പരിധിയില്‍ വരുന്ന പള്ളിപ്പുറം, ഞാറക്കല്‍ സി.ഡി.എസുകളിലായിരുന്നു ഏറ്റവുമധികം കച്ചവടം നടന്നത്. പള്ളിപ്പുറത്തെ വിപണിയില്‍ 19.23 ലക്ഷം രൂപയുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചപ്പോള്‍ ഞാറക്കലില്‍ 13.19 ലക്ഷം രൂപയുടെ വിപണനമായിരുന്നു നടന്നത്. മൂന്നാം സ്ഥാനത്തുള്ള പറവൂര്‍ ബ്ലോക്കിലെ ചിറ്റാറ്റുകര സി.ഡി.എസില്‍ 9.59 ലക്ഷം രൂപയാണു വില്‍പന വഴി ലഭിച്ചത്. വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം നീണ്ടുനിന്ന ഓണച്ചന്തകളില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ കൃഷി ചെയ്ത 55 ലക്ഷം രൂപയുടെ പച്ചക്കറിയും 26 ലക്ഷത്തിന്റെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുമാണു വിറ്റുപോയത്. 2800 കുടുംബശ്രീ സംരംഭകളുടെയും 1500 ജെ.എല്‍.ജി ഗ്രൂപ്പുകളുടെയും ഉല്‍പ്പന്നങ്ങളാണ് വില്‍പ്പനക്കുണ്ടായിരുന്നത്. പച്ചക്കറികള്‍ക്കും ഭക്ഷ്യ വസ്തുക്കള്‍ക്കും പുറമേ വസ്ത്രങ്ങള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങിയവും ഓണ വിപണികളില്‍ ഇടംപിടിച്ചിരുന്നു.