രജത ജൂബിലി ആഘോഷങ്ങളുടെ നിറവിലെത്തിയ കുടുംബശ്രീക്ക് കരുത്തു പകർന്ന് സർക്കാരിൻറെ പിന്തുണ. കുടുംബശ്രീ ഇരുപത്തഞ്ച് വർഷം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി ഇനി വരും വർഷങ്ങളിൽ മെയ് 17 കുടുംബശ്രീ ദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ് (സ.ഉ.(സാധാ) നം.139/2023/ത.സ്വ.ഭ.വ തീതി തിരുവനന്തപുരം 17-1-2023) പുറപ്പെടുവിച്ചു.
കുടുംബശ്രീ സ്ഥാപകദിനമാണ് മെയ് 17. കേവല ദാരിദ്ര്യ നിർമാർജനം, സ്ത്രീകളുടെ സാമ്പത്തിക സാമൂഹ്യ ശാക്തീകരണം എന്നിവ ലക്ഷ്യമിട്ടു കൊണ്ട് 1998ൽ സംസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ച കുടുംബശ്രീ 2023 മെയ് 17ന് ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കും.
ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ തിളക്കമുള്ള ഒരു അധ്യായം എഴുതിച്ചേർത്ത കുടുംബശ്രീക്ക് ആശംസകൾ. - മുഖ്യമന്ത്രി
ഇതിൻറെ അടിസ്ഥാനത്തിൽ മെയ് 17 കുടുംബശ്രീ ദിനമായി ആചരിക്കുന്നതിനായി പ്രഖ്യാപിക്കണമെന്ന് അഭ്യർത്ഥിച്ച് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ 8-12-2022ൽ സർക്കാരിന് നൽകിയ കത്ത് പരിഗണിച്ചാണ് പുതിയ പ്രഖ്യാപനം.
രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമിട്ട് ജനുവരി 26ന് സംസ്ഥാനത്തെ മൂന്നു ലക്ഷം അയൽക്കൂട്ടങ്ങളിലും സംഘടിപ്പിക്കുന്ന അയൽക്കൂട്ട സംഗമ പരിപാടികൾക്ക് ഊർജ്ജമേകുന്നതാണ് സർക്കാരിന്റെ പുതിയ പ്രഖ്യാപനം. വൈവിധ്യമാർന്ന പരിപാടികളുമായി 46 ലക്ഷം കുടുംബശ്രീ വനിതകൾ ഒരേ സമയം പങ്കെടുക്കുന്ന അയൽക്കൂട്ട സംഗമം സ്ത്രീകൂട്ടായ്മയുടെ കരുത്തുറ്റ ചുവട് വയ്പ്പായി മാറ്റുന്നതിനുള്ള മുന്നൊരുക്കത്തിലാണ് കുടുംബശ്രീ.