തൃശ്ശൂർ: കുടുംബശ്രീ സംസ്ഥാനതല ത്രിദിന സാഹിത്യ ശില്പശാല "സർഗ്ഗം 2023" ന് തുടക്കമായി. മുളങ്കുന്നത്തുകാവ് കിലയിൽ നടക്കുന്ന പരിപാടി കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്തു. നാം ഉപയോഗിക്കുന്ന ഭാഷ അനേകം തലമുറകളിലൂടെ കൈമാറിവന്നതാണ്. മറ്റുള്ളവരുടെ അനുഭവം സംവേദക്ഷമം ആകുന്നിടത്താണ് ഭാഷ അതിനെ അതേ അർത്ഥത്തിൽ ഉൾക്കൊള്ളുന്നത്. എഴുത്ത് അസാധ്യമാകുന്ന സാഹചര്യങ്ങങ്ങളിൽ സാഹിത്യകാരൻ അതിനെക്കുറിച്ചും എഴുതുന്നു. ചുറ്റുമുള്ള മനുഷ്യൻ അനുഭവിക്കുന്ന അസ്വാതന്ത്ര്യം ഉൾപ്പെടെയുള്ള ഘടകങ്ങൾ അവിടെ ചർച്ച ചെയ്യുന്നെന്നും ഉദ്ഘാടന പ്രസംഗത്തിൽ കെ സച്ചിദാനന്ദൻ പറഞ്ഞു.
കുടുംബശ്രീ വനിതകൾക്ക് അവരുടെ സർഗ്ഗശേഷി വളർത്തുന്നതിനും സാഹിത്യ മേഖലയിൽ നൂതന ആശയങ്ങളും അറിവും നൽകുന്നത് ലക്ഷ്യമിട്ടാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കലാസാഹിത്യ മേഖലകളിലെ പ്രമുഖരായ വ്യക്തികളുമായി പരിചയപ്പെടുന്നതിനും ആശയങ്ങൾ പങ്കുവയ്ക്കുന്നതിനും സംവദിക്കുന്നതിനും സർഗ്ഗം വേദിയാകും.
വനിതകളുടെ സാഹിത്യാഭിരുചി തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുകയാണ് കുടുംബശ്രീ ക്യാമ്പുകളിലൂടെ. മൂന്ന് ദിവസങ്ങളിലായി വിവിധ സെക്ഷനുകളിൽ സാഹിത്യ വിഷയങ്ങളുടെ അവതരണങ്ങളും നടക്കും. കേരള സാഹിത്യ അക്കാദമിയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനും സഹകരിച്ചാണ് ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത്.
പരിപാടിയിൽ കുടുംബശ്രീ ഡയറക്ടർ കെ എസ് ബിന്ദു അധ്യക്ഷയായി. പബ്ലിക് റിലേഷൻസ് ഓഫീസർ നാഫി മുഹമ്മദ്, കില ഡയറക്ടർ ജനറൽ ജോയ് ഇളമൺ, ഐ ആൻഡ് പി ആർ ഡി മേഖല ഡെപ്യൂട്ടി ഡയറക്ടർ വി ആർ സന്തോഷ്, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ഡോ എ കവിത തുടങ്ങിയവർ പങ്കെടുത്തു.