1. സംസ്ഥാനത്തെ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള റേഷൻകാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് നടപടികൾ ഒക്ടോബർ 25 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ശ്രീ.ജി.ആർ.അനിൽ. മുൻഗണനാകാർഡുകളായ മഞ്ഞ, പിങ്ക് കാർഡംഗങ്ങൾക്ക് മസ്റ്ററിംഗ് നടത്താനായി സർക്കാർ നിശ്ചയിച്ചിട്ടുള്ള സമയപരിധി അവസാനിച്ചിട്ടും ഇനിയും ആളുകൾ മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ളതിനാൽ സമയപരിധി ദീർഘിപ്പിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇ.കെ.വിജയൻ എം.എൽ.എ നൽകിയ ശ്രദ്ധക്ഷണിക്കൽ നോട്ടീസിന് മറുപടിയായാണ് മന്ത്രി നിയമസഭയിൽ അറിയിച്ചത്. സെപ്റ്റംബർ 18 ന് ആരംഭിച്ച് ഒക്ടോബർ എട്ടിന് അവസാനിക്കുന്ന വിധത്തിലായിരുന്നു മസ്റ്ററിങ് ഷെഡ്യൂൾ തയ്യാറാക്കിയിരുന്നത്. എട്ടാം തീയതി വരെ 79.79% മുൻഗണനാ ഗുണഭോക്താക്കളുടെ അപ്ഡേഷൻ മാത്രമാണ് പൂർത്തിയായിട്ടുള്ളത്. മുൻഗണാകാർഡിലെ 20 ശതമാനത്തോളം അംഗങ്ങൾക്ക് വിവിധ കാരണങ്ങളാൽ മസ്റ്ററിംഗിൽ പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ല. മുൻഗണനാകാർഡിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ പേർക്കും മസ്റ്ററിംഗിൽ പങ്കെടുക്കുവാനുള്ള അവസരം ഒരുക്കുവാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
2. മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഹരിത അയൽക്കൂട്ടങ്ങളുമായി കുടുംബശ്രീ. സംസ്ഥാനത്തെ മൂന്നുലക്ഷം വരുന്ന അയൽക്കൂട്ടങ്ങളെയും ഇതിലൂടെ സമ്പൂർണ ഹരിത അയൽക്കൂട്ടങ്ങളാക്കും. ഇതിന്റെ ഭാഗമായി കുടുംബശ്രീ സംസ്ഥാന മിഷൻ വിപുലമായ പ്രവർത്തനങ്ങൾ ആരംഭിച്ചു. സർവേയും ഗ്രേഡിങ്ങും നടത്തി 2025 ഫെബ്രുവരി 15-ന് സമ്പൂർണ ഹരിത അയൽക്കൂട്ടങ്ങളെ പ്രഖ്യാപിക്കുന്നതിനായാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ഒക്ടോബർ രണ്ടിന് ആരംഭിച്ച് ഡിസംബർ 30 വരെ നടത്തുന്ന ഗ്രേഡിങ്ങിൽ നാൽപ്പതിനായിരത്തോളം കുടുംബശ്രീ പ്രവർത്തകരായിരിക്കും സർവേ നടത്തുന്നത്. മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുന്ന കുടുംബശ്രീയുടെ നൂതന ചുവടുവയ്പ്പാണ് ഹരിത അയൽക്കൂട്ടങ്ങളുടെ രൂപവത്കരണം.
3. സംസ്ഥാനത്ത് മഴ തുടരുന്നു. ഇന്ന് ഏഴ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. നാളെ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു. അതേസമയം തമിഴ്‌നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.1 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.