കേന്ദ്ര സർക്കാറിന്റെ 'അവസർ' പദ്ധതിയിലൂടെ സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുംബശ്രീ ആരംഭിക്കുന്ന ഉത്പന്ന വിപണന ശാല ഇന്നലെ (നവംബർ 10 ) വൈകീട്ട് 3.45 ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്‌തു. ടി.വി ഇബ്രാഹിം എം.എൽ.എ അധ്യക്ഷനായി. എം. പി അബ്‌ദുൾ സമദ് സമദാനി എം.പി മുഖ്യഥിതിയായി.
സിഗ്നേച്ചർ സ്റ്റോർ എന്ന പേരിലാണ് വിപണന ശാല ആരംഭിക്കുന്നത്.
സ്വാശ്രയസംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി കേന്ദ്രസർക്കാർ ആരംഭിച്ച 'അവസർ' പദ്ധതിക്ക് കീഴിലാണ് സ്റ്റാൾ ആരംഭിക്കുന്നത്. വിമാനത്താവള അതോറിറ്റിക്ക് കീഴിലെ വിമാനത്താവളങ്ങളിലാണ് സ്വാശ്രയ സംഘങ്ങൾക്ക് ഇത്തരത്തിൽ ഉത്പന്ന വിതരണത്തിനും പ്രദർശനത്തിനും അവസരം നൽകുന്നത്. ഇതുപ്രകാരം സംസ്ഥാനത്ത് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിനെ മാത്രമാണ് അവസർ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അന്താരാഷ്ട്ര പുറപ്പെടൽ ഹാളിൽ 80 ചതുരശ്ര അടിയാണ് കുടുംബശ്രീയുടെ സിഗ്നേചർ സ്റ്റോറിനായി അനുവദിച്ചിരിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: സ്ത്രീകൾക്കും കുട്ടികൾക്കും മാനസികപിന്തുണ ഉറപ്പാക്കി കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലിംഗ്
ജില്ലയിലെയും സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളിലേയും കുടുംബശ്രീ യൂണിറ്റുകൾ ഉത്പാദിപ്പിക്കുന്ന മികച്ച ഉത്പന്നങ്ങളാണ് സിഗ്നേച്ചർ സ്റ്റോറിൽ ലഭ്യമാവുക. ആദ്യ ഘട്ടത്തിൽ വിവിധ ഭക്ഷ്യ ഉത്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, വസ്ത്രങ്ങൾ തുടങ്ങിയവയാണ് സ്റ്റോറിൽ ലഭിക്കുക.
പ്രവർത്തനങ്ങൾ ആരംഭിച്ച് 25 വർഷങ്ങൾ പൂർത്തിയാക്കുന്ന കാലയളവിൽ പങ്കാളിത്താധിഷ്ഠിത സാമൂഹ്യ സാമ്പത്തിക വികസനത്തിനും സ്ത്രീ ശക്തീകരണത്തിനും ലോക മാതൃകയായ കുടുംബശ്രീയുടെ പുതിയൊരു കയ്യൊപ്പുകൂടെ പതിക്കുകയാണ് കരിപ്പൂരിൽ. നൂതനവും അസൂയാവഹവുമായ മറ്റൊരു കാൽ വെപ്പാണ് കുടുംബശ്രീ സിഗ്നേച്ചർ സ്റ്റോറിലൂടെ നടപ്പാക്കാൻ പോവുന്നത്. ലോക യാത്രികരുടെ ശ്രദ്ധ ലഭിക്കുന്നതോടൊപ്പം ഉത്പന്നങ്ങളുടെ തനിമയും പരിശുദ്ധിയും നേരിട്ട് മനസിലാക്കി വിദേശ സഞ്ചാരികളിലൂടെ രാജ്യത്തിന്റെ ബ്രാൻഡ് ആവാൻ സാധിക്കുന്ന അസുലഭ അവസരമാണ് കുടുംബശ്രീക്ക് ഇവിടെ ലഭിക്കുന്നത്.
ഇതോടൊപ്പം അന്താരാഷ്ട്ര തലത്തിൽ സംരംഭകർക്ക് കൂടുതൽ അവസരവും തൊഴിലും ഇതു വഴി ലഭിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ശല്യക്കാരായി നമ്മൾ കണക്കാക്കുന്ന കടൽ ഒച്ചുകളിൽ നിന്നും പണം ലഭ്യമാക്കാം
പരിപാടിയിൽ എയർപോർട്ട് ഡയറക്ടർ എസ്. സുരേഷ് ആദ്യ വിൽപ്പന നിർവഹിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്, പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദലി ചെമ്പൻ, പെരുവള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.അബ്ദുൾ കലാം മാസ്റ്റർ, കൊണ്ടോട്ടി നഗരസഭാ ചെയർപേഴ്സൺ സി.ടി ഫാത്തിമത്ത് സുഹറാബി, എയർപോർട്ട് ഓപറേഷൻസ് ജോയിന്റ് ജനറൽ മാനേജർ - എസ് സുന്ദർ, സി.ഐ എഫ് ഡെപ്യൂട്ടി കമാണ്ടന്റ് എ.വി കിഷോർ, കൊമേഷ്യൽ ജോയിന്റ് ജനറൽ മാനേജർ ആർ രാജേഷ്, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ എ.എസ് ശ്രീകാന്ത്, കുടുംബശ്രീ സ്റ്റേറ്റ് അസി. പ്രോഗ്രാം മാനേജർ എസ് എസ് മുഹമ്മദ് ഷാൻ, ജില്ലാ കോർഡിനേറ്റർ ജാഫർ കെ കക്കൂത്ത്, ജില്ലാ പ്രോഗ്രാം മാനേജർ പി. റെനീഷ്, കൊണ്ടോട്ടി നഗരസഭാ സിഡിഎസ് ചെയർ പേഴ്സൺ സി.പി ഫാത്തിമാ ബീവി, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയർ പേഴ്സൺ പി. ഇ സൽമത്ത്, സംരംഭക പ്രതിനിധി കെ.ടി ശ്രീജ, കുടുംബശ്രീ ഗവേണിങ് ബോഡി അംഗം പി.കെ സൈനബ തുടങ്ങിയവർ പങ്കെടുത്തു.