എറണാകുളം: വിഷരഹിത പച്ചക്കറികളും പഴങ്ങളും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ വെജിറ്റബിൾ കിയോസ്ക് ആരംഭിക്കുന്നു. നേച്ചേഴ്‌സ് ഫ്രഷ് എന്ന പേരിൽ ആരംഭിക്കുന്ന കിയോസ്കിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ നിർവഹിച്ചു.
കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ഫാം ലൈവ്‌ലിഹുഡ് പദ്ധതിയുടെ ഭാഗമായാണ് ഇത്തരം കാർഷിക ഔട്ട്ലെറ്റുകൾ ആരംഭിക്കുന്നത്. കുടുംബശ്രീയുടെ കാർഷിക സംരംഭകർ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്താനും പൊതുജനങ്ങൾക്ക് വിഷരഹിത പച്ചക്കറികൾ ലഭ്യമാക്കാനും ഏകീകൃത സ്വഭാവത്തിൽ പ്രവർത്തിക്കുന്ന കിയോസ്കുകൾ പ്രവർത്തനമാരംഭിക്കുന്നതോടെ സാധിക്കുന്നതാണ്.
ജില്ലയിൽ വെങ്ങോല, കോട്ടപ്പടി, ആവോലി, പാറക്കടവ്, മുളന്തുരുത്തി, കരുമാലൂർ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ നേച്ചേഴ്‌സ് ഫ്രഷ് ഔട്ട്ലെറ്റുകൾ ആരംഭിക്കുന്നത്.
വെങ്ങോല ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് പളളിക്കൽ അധ്യക്ഷത വഹിച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അന്‍വർ അലി ആദ്യവിൽപ്പന നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീമ റഹീം, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ ടി. എം. ജോയി, പി. പി.എൽദോസ്, പ്രീതി വിനയൻ, കുടുംബശ്രീ ജില്ലാമിഷൻ കോ-ഓഡിനേറ്റർ ടി.എം.റെജീന, സിഡിഎസ് ചെയർപേഴ്സൺ അനിത സഞ്ജു എന്നിവർ പങ്കെടുത്തു.