കൊറോണയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച വായ്പാ പദ്ധതിയിൽ ഒരു കുടുംബത്തിന് ലഭിക്കുന്നത് 20,000 രൂപവരെ. കുറഞ്ഞ വായ്പ 5000 രൂപയാണ്.
2000 കോടിയുടെ മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതി കുടുംബശ്രീ അയൽക്കൂട്ടങ്ങൾ വഴിയാകും നടപ്പാക്കുക. പദ്ധതിക്കായി കുടുംബശ്രീ ബാങ്കുകളിൽനിന്ന് വായ്പയെടുക്കും. അയൽക്കൂട്ട അംഗത്തിനുണ്ടായ സാമ്പത്തിക പ്രയാസത്തിന് ആനുപാതികമായാവും വായ്പ തുക നിശ്ചയിക്കുക.
8.5 മുതൽ 9 ശതമാനംവരെ പലിശയ്ക്ക് അയൽക്കൂട്ടങ്ങൾക്ക് ബാങ്കുകൾ വായ്പ ലഭ്യമാക്കും. ആറുമാസം മൊറട്ടോറിയം ഉൾപ്പെടെ 36 മാസമായിരിക്കും വായ്പയുടെ കാലാവധി. മൊറട്ടോറിയം കാലാവധിക്കുശേഷം അയൽക്കൂട്ടങ്ങൾ പലിശ സഹിതമുള്ള മാസത്തവണ തിരിച്ചടച്ചു തുടങ്ങണം.
പലിശ തുക മൂന്ന് വാർഷിക ഗഡുക്കളായി സർക്കാരിൽനിന്ന് അയൽക്കൂട്ടങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകും. കൊറോണ കാരണം കഷ്ടത അനുഭവിക്കുന്ന ഒരാളെയും പദ്ധതിയിൽനിന്ന് ഒഴിവാക്കാൻ പാടില്ല. എന്നാൽ പ്രതിമാസം 10,000 രൂപയ്ക്ക് മുകളിൽ വരുമാനമുള്ളവർക്ക് വായ്പ നൽകില്ല.