ഓണം വിപണിയില്‍ സംസ്ഥാനത്തെ കുടുംബശ്രീ യൂണിറ്റുകള്‍ ഇത്തവണ നേടിയത് 19.88 കോടി രൂപ. പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കേന്ദ്രീകരിച്ച് ഒരുക്കിയ ഓണച്ചന്തകളിലൂടെയാണ് ഈ നേട്ടം. പഞ്ചായത്ത് തലത്തില്‍ 16.01 കോടി രൂപയും മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ തലത്തില്‍ 3.87 കോടി രൂപയുമാണ് ഓണച്ചന്തകളിലൂടെ നേടിയത്.കഴിഞ്ഞ വര്‍ഷം മൂന്നു കോടി രൂപയും 2017-ല്‍ 27 കോടി രൂപയുമായിരുന്നു ഓണച്ചന്തകളില്‍നിന്നുള്ള വരുമാനം. ഇത്തവണ ഓണത്തിന് 15-20 കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യമിട്ടിരുന്നത്. ഉദ്ദേശിച്ച വില്പനനേട്ടം കൈവരിക്കാനായെന്നും മികച്ച പ്രതികരണമാണ് ഓണച്ചന്തകള്‍ക്ക് ലഭിച്ചതെന്നും കുടുംബശ്രീ സ്റ്റേറ്റ് മിഷന്‍ പ്രോഗ്രാം ഓഫീസര്‍ എന്‍.എസ്. നിരഞ്ജന അറിയിച്ചു.
എറണാകുളം ജില്ലയിലെ ഓണച്ചന്തകളില്‍നിന്നാണ് കുടംബശ്രീ ഏറ്റവും കൂടുതല്‍ വരുമാനം നേടിയത്, 8.73 കോടി രൂപ. ഏറ്റവും കൂടുതല്‍ ചന്തകള്‍ സംഘടിപ്പിച്ചതും എറണാകുളത്താണ് - 103 ഓണച്ചന്തകള്‍. 4,169 കുടുംബശ്രീ യൂണിറ്റുകള്‍ ജില്ലയിലെ ഓണച്ചന്തകളില്‍ പങ്കെടുത്തു. ഏറ്റവും കൂടുതല്‍ യൂണിറ്റുകളുടെ പങ്കാളിത്തമുണ്ടായത് കണ്ണൂര്‍ ജില്ലയിലാണ്, 5,370. തിരുവനന്തപുരത്ത് 4,599 കുടുംബശ്രീ യൂണിറ്റുകള്‍ മേളകളില്‍ പങ്കെടുത്തു. പാലക്കാട് ജില്ലയില്‍ സംഘടിപ്പിച്ച ചന്തകളില്‍നിന്ന് 8.13 കോടി രൂപയും ആലപ്പുഴയില്‍നിന്ന് 8.02 കോടി രൂപയും കണ്ണൂര്‍ ജില്ലയിലെ മേളകളില്‍നിന്ന് 7.4 കോടി രൂപയുമാണ് ലഭിച്ചത്.
പ്രാദേശിക ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക വിപണികള്‍ ലക്ഷ്യമിട്ടുമാണ് ഓണച്ചന്തകള്‍ സംഘടിപ്പിച്ചത്. പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത രീതിയില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു വില്പന. സംസ്ഥാനത്ത് മൊത്തം 1,015 ഓണച്ചന്തകളാണ് കുടുംബശ്രീ സംഘടിപ്പിച്ചത്. 27,413 കുടുംബശ്രീ യൂണിറ്റുകള്‍ മേളകളില്‍ പങ്കെടുത്തു.