മാതൃകാ പ്രവര്‍ത്തനങ്ങളുമായി മുന്നേറുകയാണ് വൈപ്പിന്‍ ബ്ലോക്കിലെ കുഴുപ്പിളളി കൃഷി ഭവന്‍. വൈപ്പിന്‍ കരയിലെ ഏറ്റവും ചെറിയ ഗ്രാമപഞ്ചായത്തായ കുഴുപ്പിള്ളിയില്‍ 53 ഹെക്ടറിലാണ് ഇത്തവണ പൊക്കാളി കൃഷി ഇറക്കിയിരിക്കുന്നത്.
പടിഞ്ഞാറ് കടലിനോട് ചേര്‍ന്നുള്ള തുണ്ടിപ്പുറം, കുറുപ്പം തൊടി, തൊള്ളായിരം, സായിന്റൊടി, ചേരടി, ചുള്ളിക്കണ്ടം, ഗ്രേസ് ലാന്‍ഡ് എന്നീ കൃഷി സമാജങ്ങളും കിഴക്ക് അയ്യമ്പിളളി, അരങ്ങില്‍ എന്നീ സമാജങ്ങളുമാണ് ഞങ്ങളും കൃഷിയിലേക്കു പദ്ധതിയുടെ ഭാഗമായി കുഴുപ്പിളളിയില്‍ പൊക്കാളി കൃഷി ഇറക്കിയിരിക്കുന്നത്.
ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭൂവിസ്തൃതിയുടെ പകുതിയോളം വരുന്ന കുഴുപ്പിളളിയിലെ പൊക്കാളി പാടശേഖരങ്ങള്‍ ഇത്തവണ പച്ചപ്പണിഞ്ഞത്. കടലിനോട് ചേര്‍ന്നുള്ള പാടങ്ങളില്‍ മണ്‍സൂണ്‍ കാലങ്ങളില്‍ വെള്ളത്തിന്റെ അളവ് നിയന്ത്രണാതീതമായി ഉയരുന്നത് പൊക്കാളി കൃഷിക്ക് ഭീഷണിയായിരുന്നു. ആ മേഖലയിലെ പാടശേഖരങ്ങളെ കൃഷിയില്‍ നിന്ന് പിന്തിരിപ്പിച്ചുകൊണ്ടിരുന്ന പ്രധാന കാരണം കൂടിയാണിത്. എന്നാല്‍ 2021 -22 വര്‍ഷത്തില്‍ തുണ്ടിപ്പുറം സമാജത്തില്‍ പുതിയ പെട്ടിയും പറയും വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാറ്റി സ്ഥാപിച്ചത് ഈ വര്‍ഷം പടിഞ്ഞാറന്‍ പാടങ്ങളില്‍ കൃഷി വര്‍ധിക്കാന്‍ കാരണമായി.
കൂടാതെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പൂ കൃഷിയും മികച്ച രീതിയിലാണ് കൃഷി ഭവന്റെ നേതൃത്വത്തില്‍ ചെയ്തത്. ഗുണമേന്മയുള്ള ഹൈബ്രിഡ് തൈകള്‍ വാങ്ങി നല്‍കി കൃഷി പരിപാലനത്തില്‍ ക്ലാസും നല്‍കിയതോടെ പൂ കൃഷികൊണ്ട് പൂക്കളം മാത്രമല്ല അത്യാവശ്യം വരുമാനവും ഉണ്ടാക്കാന്‍ കഴിയുമെന്ന തിരിച്ചറിവ് കര്‍ഷകര്‍ക്കു നല്‍കാന്‍ കൃഷി ഭവന് സാധിച്ചു. 1000 ചെണ്ടുമല്ലി തൈകളാണ് കൃഷി ഭവന്റെ നേതൃത്വത്തില്‍ വിവിധയിടങ്ങളിലായി കൃഷി ചെയ്തത്. കരനെല്‍ കൃഷി, സ്ഥാപനങ്ങളില്‍ പച്ചക്കറി കൃഷി, കാര്‍ഷിക യന്ത്രങ്ങളുടെ പരിശീലനം എന്നിവയും കൃഷി ഭവന്റെ നേതൃത്വത്തില്‍ നടത്തി. ഇതിന്റെ ഭാഗമായി കുഴുപ്പിളളി സര്‍വീസ് സഹകരണ ബാങ്കിന്റെ മട്ടുപ്പാവില്‍ ഭരണ സമിതി അംഗങ്ങളും ഉദ്യോഗസ്ഥരും 150 ഗ്രോ ബാഗുകളിലായി പച്ചക്കറി കൃഷിയും പൂക്കൃഷിയും ചെയ്യുന്നുണ്ട്.
ഞങ്ങളും കൃഷിയിലേക്ക്
സർക്കാരിന്റെ രണ്ടാം 100 ദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി ഭക്ഷ്യ സ്വയംപര്യാപ്തതയും സുരക്ഷിത ഭക്ഷ്യ ഉല്പാദനത്തിനുമായി കുടുംബങ്ങളെ സജ്ജമാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന കൃഷിവകുപ്പ് ആരംഭിച്ച ജനകീയ പദ്ധതിയാണ് ‘ഞങ്ങളും കൃഷിയിലേക്ക്’. ഓരോ വ്യക്തികളെയും അതിലൂടെ കുടുംബത്തെയും തുടർന്ന് സമൂഹത്തെയും കൃഷിയിലേക്ക് ഇറക്കുന്നതാണ് പദ്ധതി. കൃഷിവകുപ്പിനൊപ്പം തദ്ദേശസ്വയംഭരണം, ജലസേചനം, സഹകരണം, വ്യവസായം, മൃഗ സംരക്ഷണം തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. കൃഷിയിലേക്കുള്ള താല്പര്യം ജനിപ്പിക്കാനും കാർഷിക സംസ്കാരം വീണ്ടെടുക്കാനുമുള്ള വിവിധ പ്രചാരണ പരിപാടികൾ കൂടി ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
അതാത് സ്ഥലത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻതല സമിതികൾ രൂപീകരിച്ചാണ് പ്രവർത്തനം നടക്കുന്നത്. ക്യാമ്പയിന്റെ പ്രചാരണം, ഏകോപനം വിലയിരുത്തൽ എന്നിവയ്ക്കും വിള നിർണ്ണയവും ഉത്പാദനവും വാർഡ്തലത്തിൽ ക്രോഡീകരിച്ച് തദ്ദേശ തലത്തിൽ തയാറാക്കാനും സമിതി മേൽനോട്ടം വഹിക്കുന്നുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം; മന്ത്രി ആന്റണി രാജു