കൊല്ലം: തൊഴിലാളികൾക്ക് താങ്ങായി തൊഴിൽ വകുപ്പ്. വിവിധ മേഖലകളിലെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്താൻ നിരവധി സഹായ പദ്ധതികൾ നടപ്പിലാക്കുകയാണ് കൊല്ലം ജില്ലാ ലേബര്‍ ഓഫീസ്. അപകടം സംഭവിച്ച മരം കയറ്റ തൊഴിലാളികള്‍ക്ക് ഒറ്റത്തവണ ചികിത്സാ ധനസഹായമായി 50,000 രൂപയും, മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 1,00,000 രൂപയും ധനസഹായം നല്‍കിവരുന്നു.
കൂടുതൽ വാർത്തകൾ: ആദായം കൊയ്യാൻ മികച്ച വഴി; വീട്ടിൽ തുടങ്ങാം കാടക്കൃഷി
ഈ വിഭാഗത്തില്‍ 2022-23 സാമ്പത്തിക വര്‍ഷം 12 ലക്ഷം രൂപയാണ് അനുവദിച്ചത്. കൂടാതെ, മരം കയറ്റ തൊഴിലിനിടെ അപകടം സംഭവിച്ച തൊഴിലാളികള്‍ക്കും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും 1600 രൂപ പ്രതിമാസ പെന്‍ഷനും വിതരണം ചെയ്യുന്നുണ്ട്. അസംഘടിത മേഖലയിലെ ഗുരുതര രോഗബാധിതരായ തൊഴിലാളികള്‍ക്ക് ഒറ്റത്തവണ ധനസഹായമായി 2000 രൂപ വീതം നല്‍കുന്നു. ഒരു വര്‍ഷത്തിലേറെയായി പൂട്ടിക്കിടക്കുന്ന തോട്ടങ്ങള്‍, കയര്‍ സഹകരണ സംഘങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ 406 തൊഴിലാളികള്‍ക്ക് 2000 രൂപ നിരക്കില്‍ 8,12,000 രൂപ എക്‌സ്‌ഗ്രേഷ്യയായി വിതരണം ചെയ്തു. ഓണക്കാലത്ത് പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ഓണക്കിറ്റും നല്‍കി.
സ്വദേശികളായ തൊഴിലാളികള്‍ക്കൊപ്പം ഇതര സംസ്ഥാന തൊഴിലാളികളെയും ക്ഷേമ പദ്ധതികളുടെ ഭാഗമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായുള്ള 'ആവാസ്' ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 24,642 ഇതരസംസ്ഥാന തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജോലിക്കിടെ അപകടമുണ്ടായാല്‍ ചികിത്സാ ആവശ്യങ്ങള്‍ക്കായി 25,000 രൂപയും അംഗവൈകല്യം സംഭവിച്ചാല്‍ 1 ലക്ഷം രൂപയും മരണം സംഭവിച്ചാല്‍ 2 ലക്ഷം രൂപയും ഉറപ്പാക്കുന്നു.
ജോലിക്കിടെ മരണപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ചെലവഴിച്ചത് 7,12,604 രൂപയാണ്. ആവാസ് പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി കൊല്ലം മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ വകയായി പോളയത്തോട് ഫെസിലിറ്റേഷന്‍ സെന്ററും പ്രവര്‍ത്തനം ആരംഭിച്ചു. ബാലവേല തടയുന്നതിനായി ജില്ലാ കലക്ടര്‍ ചെയര്‍മാനും ജില്ലാ ലേബര്‍ ഓഫീസര്‍ കണ്‍വീനറുമായി നിരീക്ഷണ സമിതിക്കും രൂപം നല്‍കി.
അപകടസാധ്യതയുള്ള തൊഴില്‍ മേഖലകളില്‍ കുട്ടികളും കൗമാരക്കാരും തൊഴില്‍ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ജില്ലയിലുടനീളം പരിശോധനകൾ നടക്കുന്നുണ്ട്. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ വിവരശേഖരണത്തിനുള്ള ഇ-ശ്രം പദ്ധതിയില്‍ ജില്ലയില്‍ നിന്നും 4,16,517 പേര്‍ രജിസ്റ്റര്‍ ചെയ്തു. സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ലേബര്‍ കമ്മീഷണറുടെ ഓഫീസില്‍ 'സഹജ' എന്ന പേരില്‍ കോള്‍ സെന്റർ തുറന്നിട്ടുണ്ട്. അതിക്രമം, വിവേചനം, ഇരിപ്പിട ലഭ്യതക്കുറവ് തുടങ്ങിയവ 180042555215 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാം.