കേരളത്തിലെ കർഷകർക്ക് അവരുടെ വിളകൾ ഇൻഷുർ ചെയ്യാനുള്ള സമയം ജൂലൈ 31ന് അവസാനിക്കും.വിളകൾ ഇൻഷുർ ചെയ്താൽ, നിർദിഷ്ട വിളവ് ലഭിച്ചില്ലെങ്കിൽ കർഷകന് ഉണ്ടായ നഷ്ടം സർക്കാർ നിശ്ചയിക്കുന്ന ഇൻഷുറൻസ് കമ്പനി കർഷകന് നൽകും. പ്രധാൻ മന്ത്രി ഫസൽ ബീമാ യോജന (പ്രധാന മന്ത്രി വിള ഇൻഷുറൻസ് പദ്ധതി ) എന്ന പദ്ധതിയിലൂടെയാണ് ഈ സൗകര്യം കർഷകർക്ക് ലഭ്യമാകുന്നത്. കേന്ദ്ര സർക്കാരിന് കീഴിലുള്ള അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനിയാണ് കേരളത്തിൽ സർക്കാരിന് വേണ്ടി പദ്ധതി നടപ്പിലാക്കുന്നത്. കൂടിയ താപനില, കാറ്റ്, മഴക്കുറവ്, കാലം തെറ്റിയ മഴ, രോഗ കീട ബാധ, വരൾച്ച എന്നീ അവസ്ഥകൾ കൃഷിയെ ബാധിക്കുന്നതു കണക്കിലെടുത്താണു സംരക്ഷണം.ഓരോ കൃഷിക്കും ശരിയായ ഉൽപാദനക്ഷമത വരുന്നതിനു കൃത്യമായ കാലാവസ്ഥാ കണക്കുകൾ കാർഷിക സർവകലാശാലയിലെ കൃഷി ശാസ്ത്രജ്ഞർ രേഖപ്പെടുത്തിയിട്ടുണ്ട്.അതിന്റെ വ്യതിയാനവും ഉൽപാദന നഷ്ടവും കണക്കുകൂട്ടിയാണ് കർഷകന് ക്ലെയിം കൊടുക്കുന്നത്.
ഇൻഷുർ ചെയ്യുന്ന തുക ഒരു ഹെക്ടറിന് നെല്ലിന് 80,000 രൂപ, കവുങ്ങ് ഒരു ലക്ഷം രൂപ, കുരുമുളക്, ജാതിക്ക എന്നിവയ്ക്ക് 50,000രൂപ , ഇഞ്ചിക്ക് ഒരു ലക്ഷം രൂപ, കരിമ്പ്, മഞ്ഞൾ, പൈനാപ്പിൾ 60,000 രൂപ, വാഴ 1,75,000.ഏലം 45,000 രൂപ എന്നിങ്ങനെ. നെല്ലിന് ഇൻഷുറൻസ് തുകയുടെ 2%, ബാക്കി എല്ലാ വിളകൾക്കും 5% എന്നിങ്ങനെയാണ് പ്രീമിയം തുക അടയ്ക്കേണ്ടത്.പ്രധാന്‍മന്ത്രി ഫസൽ ബീമ യോജന പദ്ധതി പ്രകാരം, വാഴയ്ക്കും മരച്ചീനിക്കും 2.7% മുതൽ 4% വരെയാണു പ്രീമിയം തുക അടയ്ക്കേണ്ടത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ നെൽകർഷകർ 1.5% മാത്രം പ്രീമിയം അടച്ചാൽ മതി. കൃഷി ഭവനുകൾ, പാടശേഖര സമിതികൾ, കർഷകരുടെ സംഘടനകൾ, കൃഷിക്കാർ എന്നിവർ മുൻകൈ എടുത്ത് നടപ്പാക്കേണ്ട ഈ പദ്ധതി കേരളത്തിൽ നടപ്പാക്കുന്നത് കൃഷി ഭവനുകൾ മുഖേനയാണ്.
ഇൻഷുർ ചെയ്യാനുള്ള പ്രീമിയം ആകട്ടെ നെല്ലിന്, ഇൻഷുർ ചെയ്ത തുകയുടെ രണ്ടു ശതമാനം മാത്രം നൽകിയാൽ മതി. വാഴ, കാപ്പ എന്നിവക്ക് അഞ്ചു ശതമാനം നൽകണം. ബാക്കി പ്രീമിയം കേന്ദ്ര സർക്കാരും കേരളം സർക്കാരും തുല്യമായി വഹിക്കും. ചെറിയ ഒരു തുക മുടക്കി പ്രകൃതി ക്ഷോഭം മൂലം വിളകൾക്കുണ്ടാകുന്ന നഷ്ടത്തിൽ നിന്നും കർഷകർക്ക് രക്ഷ നേടാം.അംഗീകൃത സാമ്പത്തിക സ്ഥാപനങ്ങളിൽ നിന്നും കാർഷിക ലോൺ എടുത്തിട്ടുള്ള കർഷകരുടെ മേൽ സൂചിപ്പിച്ച വിളകൾക്കു ഇൻഷുറൻസിന്റെ പരിരക്ഷ സ്വാഭാവികമായി ലഭിക്കും. പ്രത്യേകം ചേരേണ്ട. അവരുടെ ലോൺ തുകയിൽ നിന്നും പ്രീമിയം കിഴിച്ചു ആ തുക ഇൻഷുറൻസ് കമ്പനിക്ക് നൽകുന്നത് കൊണ്ടാണിത്.
ഇത്തരം ഒരു ലോണും എടുക്കാത്ത കർഷകർക്ക് അടുത്തുള്ള ബാങ്ക്, അക്ഷയ കേന്ദ്രം, ഇൻഷുറൻസ് ഏജന്റ്, അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനിയുടെ ഓഫീസ്, എന്നിവിടങ്ങളിൽ ചെന്ന് വേണ്ടുന്ന രേഖകൾ നൽകി ഇൻഷുറൻസ് എടുക്കാവുന്നതാണ്. കൂടാതെ ഓൺലൈൻ ആയി www.pmfby.gov.in എന്ന വെബ്സൈറ്റ് മുഖേന ഇൻഷുറൻസ് എടുക്കാവുന്നതാണ്. ഭൂമിയുടെ കൈവശാവകാശ സർട്ടിഫിക്കറ്റ്, ഉടമസ്ഥത സർട്ടിഫിക്കറ്റ്, കരം അടച്ച രസീതു, ആധാർ നമ്പർ, പാട്ടകരാർ, ബാങ്ക് അക്കൗണ്ട് പാസ് ബുക്ക് തുടങ്ങിയ രേഖകൾ ആണ് ആവശ്യം വരിക.
സ്വന്തമായി സ്ഥലം ഉള്ള കർഷകർക്ക് മാത്രമല്ല പദ്ധതിയിൽ ചേരാൻ സാധിക്കുക. പാട്ടക്കൃഷി ചെയ്യുന്നവർക്കും, സർക്കാർ അനുവദിച്ച സ്ഥലങ്ങളിൽ കൃഷി ചെയ്യുന്നവർക്കും മുകളിൽ പറഞ്ഞ വിളകൾക്ക് ഇൻഷുറൻസ് ലഭിക്കും. വനിതാ കർഷകരെയും, പട്ടിക ജാതി പട്ടിക വർഗത്തിൽ പെട്ട കർഷകരെയും കൂടുതൽ പദ്ധതിയിൻ കീഴിൽ കൊണ്ട് വരണം എന്ന് പദ്ധതിയുടെ മാർഗരേഖകൾ പറയുന്നുണ്ട്.
വിത്ത് നട്ടത് മുതൽ വിളവെടുക്കുന്ന വരെയുള്ള എല്ലാ ഘട്ടങ്ങളിലും വിളകൾക്ക് പരിരക്ഷ ലഭിക്കും എന്നതാണ് പദ്ധതിയുടെ പ്രത്യേകത. വിത്ത് നടാൻ സാധിക്കാതിരിക്കുക, മുളക്കാതിരിക്കുക, നട്ടതിനു ശേഷം വിളവെടുക്കുന്നതിനിടയിൽ ഉണ്ടാകുന്ന വേനൽ, പ്രളയം , വെള്ളപ്പൊക്കം, വലിയ തോതിലുള്ള കീടാണുബാധ, അഗ്നിബാധ, ഇടിമിന്നൽ, കൊടുങ്കാറ്റു തുടങ്ങിയവ മൂലം ഉണ്ടാകുന്ന നഷ്ടങ്ങൾ എന്നിവക്കും ഇൻഷുറൻസ് പരിരക്ഷ ലഭ്യമാകും.
വിളവെടുപ്പ് കഴിഞ്ഞു കേരള സർക്കാർ ഓരോ വിളകളുടെയും ജില്ല/ബ്ലോക്ക്/പഞ്ചായത്തു തിരിച്ചുള്ള കണക്കു ഇൻഷുറൻസ് കമ്പനിക്ക് നൽകിയാൽ 21 ദിവസത്തിനുള്ളിൽ കമ്പനി അർഹരായ കർഷകർക്ക് ഇൻഷുറൻസ് നൽകണം എന്നാണു നിയമം. വൈകിയാൽ പിഴ നൽകേണ്ടിവരും.