എറണാകുളം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്‍റേയും ജില്ലാ ഭരണകൂട ത്തിന്‍റേയും ഡി റ്റി പി സി യുടേയും സംയുക്താഭി മുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 27 ന് ആരംഭിക്കും.
ഏഴു ദിവസങ്ങളിലായാണ് ഓണഘോഷ പരിപാടികൾ. ലാവണ്യം 2023 എന്ന പേരിൽ നടക്കുന്ന ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ഓഗസ്റ്റ് 27 ന് എറണാകുളം ദര്‍ബാര്‍ ഹാളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ വ്യവസായ വകുപ്പു മന്ത്രി പി. രാജീവ് നിര്‍വഹിക്കും.
ലാവണ്യം 2023 ലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ എൻ എസ് കെ ഉമേഷ് അറിയിച്ചു. ജില്ലാ തല ഓണാഘോഷപരിപാടികളുമായി ബന്ധപ്പെട്ട് ഡി റ്റി പി സി ചെയർമാൻ കൂടിയായ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.
കളക്ടറുടെ ഔദ്യോഗിക വസതിയിൽ ചേർന്ന യോഗത്തില്‍ കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ മേയർ എം.അനിൽകുമാർ, എം എൽ എ മാരായ കെ ജെ മാക്സി, പി വി ശ്രീനിജിൻ, ആന്റണി ജോൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കൊച്ചിന്‍ കോര്‍പ്പറേഷന്‍ വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയര്‍മാന്‍ പി ആർ റെനീഷ്, തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ്, കുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് രാധാകൃഷ്ണൻ, ഡി എഫ് ഒ കാലടി ആർ. രഞ്ജിത്, ഡിവൈഎസ്പി വി എസ് നവാസ്, എ സി പി ജയകുമാർ, ടി.എ. സതീഷ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ജോർജ് ഇടപ്പരത്തി, ടി.കെ. ഷബീബ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ സത്യജിത്ത് ശങ്കർ, ഡിടിപിസി സെക്രട്ടറി പി.ജി. ശ്യാം കൃഷ്ണൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
മുഖ്യ വേദിയായ എറണാകുളം ദര്‍ബാര്‍ ഹാള്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിനു പുറമെ ജില്ലയുടെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍പെട്ട വേദികളും ഓണാഘോഷ പരിപാടികള്‍ക്കായി സജ്ജമാകും.
ആഘോഷത്തിന്‍റെ ഭാഗമായി ഓഗസ്റ്റ് 25ന് കുട്ടമ്പുഴ ആദിവാസി കോളനിയിലെ നിവാസികള്‍ക്ക് ഓണ സദ്യയും ഓണക്കോടി വിതരണവും ഡിറ്റിപിസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കും. കൂടാതെ എറണാകുളം കളക്ടറേറ്റ്, എറണാകുളം ജില്ലയിലെ പോലീസ് സ്റ്റേഷനുകൾ, കടമ്പ്രയാർ ടൂറിസം പ്രോജക്ട് എന്നിവിടങ്ങളിൽ ഓണാഘോഷ നാളുകളിൽ ദീപാലങ്കാരങ്ങളും ഉണ്ടായിരിക്കും.