പ്രമുഖ ഇന്ത്യൻ ബ്രാൻഡുകളായ ഡാബർ, പതഞ്ജലി, സാണ്ടു എന്നിവ ഉൾപ്പെടുള്ളവ തേനിൽ മായം ചേർക്കുന്നതായി കണ്ടെത്തി. ചൈനീസ് പഞ്ചസാര സിറപ്പ് ആണ് ഈ കമ്പനികൾ തേനിൽ ചേർക്കുന്നത്.
ഇത് ചേർക്കുന്നത് വഴി തേനിന്റെ പരിശുദ്ധി പരിശോധിക്കുന്നതിന്റെ ഭാഗമായുള്ള അടിസ്ഥാന പരിശോധനകളിൽ നിന്ന് രക്ഷപ്പെടാനാകുമെന്ന് Center For Science and Environment (CSE) ഗവേഷകർ വെളിപ്പെടുത്തി.
13 ബ്രാൻഡുകൾ 13 ബ്രാൻഡുകളുടെ സംസ്കരിച്ചതും അസംസ്കൃതവുമായ തേൻ ഇന്ത്യയിൽ വിൽക്കുന്നുണ്ട്. ഇന്ത്യൻ വിപണിയിൽ വിൽക്കുന്ന മിക്കവാറും എല്ലാ തേൻ ബ്രാൻഡുകളും പഞ്ചസാര സിറപ്പ് ഉപയോഗിക്കുന്നതായി ഗവേഷണത്തിൽ കണ്ടെത്തി. എന്നാൽ എല്ലാ ആരോപണങ്ങളും നിരസിച്ച ഡാബർ, പതഞ്ജലി, സാൻഡു തുടങ്ങി ബ്രാൻഡുകൾ തങ്ങളുടെ തേൻ ഉൽപന്നങ്ങളിൽ മായം ചേർത്തിട്ടില്ലെന്നും Food Safety and Standards Authority of India (FSSAI) അംഗീകാരം ലഭിച്ചിട്ടുള്ളതായും അവകാശപ്പെട്ടു.
കൊറോണ വൈറസ് സമയത്ത് തേൻ വിൽപ്പനയിൽ വർധനവുണ്ടായിട്ടും ഉത്തരേന്ത്യയിലെ തേനീച്ച വളർത്തലിൽ ലാഭം കുറഞ്ഞതോടെയാണ് സംഘടന അന്വേഷണം ആരംഭിച്ചതെന്ന് CSE ഡയറക്ടർ ജനറൽ സുനിത നരേൻ പറഞ്ഞു. 2003 ൽ കണ്ടെത്തിയതിനേക്കാൾ കൂടുതലാണ് ഇപ്പോൾ മായം ചേർക്കുന്നവരുടെ എണ്ണമെന്നും അവർ പറഞ്ഞു. കൊവിഡ് കാലത്ത് ആരോഗ്യത്തെ കൂടുതൽ വഷളാക്കുന്ന ഇത്തരം ഉത്പന്നങ്ങൾ വളരെയധികം ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിപണിയിൽ വിൽക്കുന്ന തേനിൽ ഭൂരിഭാഗവും പഞ്ചസാര സിറപ്പ് ഉപയോഗിച്ച് മായം ചേർക്കുന്നതായാണ് ഗവേഷണങ്ങൾ കണ്ടെത്തിയിരിക്കുന്നത്. അതിനാൽ, തേനിന് പകരം ആളുകൾ കൂടുതൽ പഞ്ചസാര കഴിക്കുന്നു. ഇത് കൊവിഡ് -19 ന്റെ അപകടസാധ്യത വർദ്ധിപ്പിക്കും. പഞ്ചസാര കഴിക്കുന്നത് അമിതവണ്ണവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
ഗവേഷണ പ്രകാരം കണ്ടെത്തിയ 'ചൈനീസ് പഞ്ചസാര' ന്യൂക്ലിയർ മാഗ്നെറ്റിക് റെസൊണൻസ് (എൻഎംആർ) എന്ന പരിശോധനയിലൂടെ മാത്രമേ കണ്ടെത്താനാകൂ. പരീക്ഷിച്ച 13 ബ്രാൻഡുകളിൽ, എപിസ് ഹിമാലയ ഒഴികെ മിക്കവാറും എല്ലാ ബ്രാൻഡുകളും അടിസ്ഥാന പരിശുദ്ധി പരീക്ഷണങ്ങളിൽ വിജയിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ തേനിന്റെ വിപണി വിഹിതം കുറയ്ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് പതഞ്ജലി ആയുർവേദ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ ആചാര്യ ബാൽകൃഷ്ണ വിശേഷിപ്പിച്ചു.