മുംബൈ: ഇന്ത്യയുടെ ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കര്‍ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡാനന്തര അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 92 വയസായിരുന്നു. ഇക്കഴിഞ്ഞ ജനുവരി എട്ടിനാണ് കോവിഡ് ബാധയെത്തുടര്‍ന്ന് ദക്ഷിണ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനിടെ ന്യുമോണിയയും സ്ഥിരീകരിച്ചിരുന്നു.
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച പിന്നണി ഗായികമാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ലതാ മങ്കേഷ്‌കര്‍ 1942-ല്‍ 13-ാം വയസ്സിലാണ് തന്റെ കരിയര്‍ ആരംഭിച്ചത്. വിവിധ ഇന്ത്യന്‍ ഭാഷകളിലായി 30,000-ലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്
ആലാപനമാധുരി കൊണ്ട് ലോകത്തിന്റെ ഹൃദയം കീഴടക്കിയ സമാനതയില്ലാത്ത സംഗീതജ്ഞയായിരുന്നു ലതാ മങ്കേഷ്കറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവരുടെ പാട്ടിനൊപ്പം വളർന്ന പല തലമുറകൾ ഉണ്ട്. അവരുടെയെല്ലാം മനസ്സിൽ മായ്ക്കാനാവാത്ത സ്ഥാനമാണ് ലതാമങ്കേഷ്കർക്കുള്ളതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
പല പതിറ്റാണ്ടുകൾ മറ്റാരുമായും താരതമ്യപ്പെടുത്താൻ ആവാത്തത്ര ഉയരത്തിൽ നിന്ന ഈ ഗായിക ഹിന്ദിയിൽ മാത്രമല്ല ഇന്ത്യയിലെ വ്യത്യസ്തങ്ങളായ നിരവധി ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചു. മലയാളിക്കും അവരുടെ നാവിൻതുമ്പിലെ മലയാളത്തിന്റെ മധുരം അനുഭവിക്കാൻ ഭാഗ്യമുണ്ടായി. ലതാ മങ്കേഷ്കറുടെ വിയോഗത്തിൽ ദുഃഖിക്കുന്ന സംഗീത ലോകത്തെയാകെ ദുഃഖം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.