വഴിതെറ്റി ഡയറി ഫാമിൽ കയറിയ പുള്ളിപ്പുലി കുട്ടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. മുംബൈയിലെ ആരെ മിൽക്ക് കോളനിയിൽ ചൊവ്വാഴ്ചയാണ് സംഭവം. വഴിതെറ്റിയ പുള്ളിപ്പുലി കുട്ടി കോളനിയിലെ ഡയറി ഫാമിനുള്ളിൽ പ്രവേശിക്കുകയായിരുന്നു.
ആരെ മിൽക്ക് കോളനി നിവാസികൾ മൃഗത്തെ ഓടിക്കാൻ ശ്രമിക്കുന്നതാണ് വീഡിയോ ദൃശ്യത്തിൽ കാണാനാകുന്നത്. വന പ്രദേശമായതിനാൽ ഇവിടെ പുള്ളിപ്പുലികൾ എത്തുന്നത് ഇതാദ്യമല്ല. എന്നാൽ, ഫാമിനുള്ളിൽ പുലി പ്രവേശിക്കുന്നത് ഇവിടുത്തെ നിവാസികൾക്ക് ഒരു പുതിയ കാഴ്ചയാണ്.
ആരെ മിൽക്ക് കോളനി
ഈ പ്രദേശത്തെ പാൽ ഉൽപാദനം വർദ്ധിപ്പിക്കുന്നതിനായി 1940കളിൽ നഗരത്തിൽ ആരംഭിച്ച ഒന്നാണ് മിൽക്ക് കോളനി. പരിസ്ഥിതി സംരക്ഷണ മേഖലയായ സഞ്ജയ് ഗാന്ധി നാഷണൽ പാർക്കുമായി അതിർത്തി പങ്കിടുന്ന ആരെ കോളനിയിൽ ഇതിനു മുൻപും പുള്ളിപ്പുലി ഉൾപ്പെടെയുള്ള വന്യജീവികളെ കണ്ടിട്ടുണ്ട്. നഗരത്തിൽ അവശേഷിക്കുന്ന അവസാനത്തെ ഹരിത ഇടങ്ങളിൽ ഒന്നുകൂടിയാണ് ഈ പ്രദേശം.
2020 സെപ്റ്റംബർ രണ്ടിന് മഹാരാഷ്ട്ര സർക്കാർ ആരെ വനങ്ങളുടെ അഞ്ചിലൊന്ന് - 600 ഏക്കറോളം ഹരിത ഭൂമി ഒരു റിസർവ്വ് വനമായി പ്രഖ്യാപിച്ചിരുന്നു. ഇതുകൂടാതെ, ആരെ മിൽക്ക് കോളനി, സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക്, മഹാരാഷ്ട്രയിലെ സേവിരി മുഡ്‌ഫ്ലാറ്റുകൾ തുടങ്ങിയ സ്ഥലങ്ങളുടെ ജൈവവൈവിധ്യത്തെ പ്രദർശിപ്പിക്കുന്ന ഒരു പദ്ധതി ആരംഭിക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി വൈൽഡ് മുംബൈ 'എന്ന ഡോക്യുമെന്ററിയും തയാറാക്കിയിരുന്നു.'വൈൽഡ് കർണാടക'യുടെ മാതൃകയിലാണ് ഡോക്യുമെന്ററി തയാറാക്കിയിരിക്കുന്നത്. ''പുറം ലോകമറിയാത്ത മുംബൈയുടെ ഭംഗിയുള്ള പ്രദേശങ്ങൾ പുറത്തുകൊണ്ടുവരാൻ ഇതിലൂടെ സാധിക്കുമെന്ന് കരുതുന്നു. ഇത് നമ്മെ പ്രകൃതിയോട് അടുപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.” -സംസ്ഥാന പരിസ്ഥിതി, ടൂറിസം മന്ത്രി ആദിത്യ താക്കറെ പറഞ്ഞിരുന്നു.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
ബാങ്ക് ഓഫ് ബറോഡയുടെ പശു കിസാൻ ക്രെഡിറ്റ് കാർഡ് - ഒരു പശുവിന് 60000 രൂപ ലഭിക്കും