എൽഐസി ഹൗസിങ് ഫിനാൻസ് ഭവന വായ്പ പലിശ നിരക്ക് കുറച്ചു. 50 ലക്ഷം രൂപവരെയുള്ള ഭവന വായ്പയുടെ പലിശ നിരക്ക് 6.66 ശതമാനമായാണ് കുറച്ചത്.
പുതുക്കിയ നിരക്കുകൾ ഓഗസ്റ്റ് 31 വരെ പ്രാബല്യത്തിലുണ്ടാകും. സിബിൽ സ്കോർ, ക്രെഡിറ്റ് യോഗ്യത എന്നിവയുടെ അടിസ്ഥാനത്തിലാണ് വായ്പ അനുവദിക്കുക.
കൊവിഡ് പ്രതിസന്ധിക്കിടെയുണ്ടായ സാമ്പത്തിക ആഘാതം കണക്കിലെടുത്താണ് എൽഐസി ഹൗസിങ് ഫിനാൻസ് ഭവന വായ്പ പലിശ നിരക്ക് കുറച്ചത്.
കൂടുതൽ വ്യക്തികൾക്ക് സ്വന്തമായി ഒരു വീട് സ്വന്തമാക്കാനുള്ള ആഗ്രഹം പൂർത്തീകരിക്കാൻ ഇതിലൂടെ സാധിക്കുമെന്ന് എൽഐസി എച്ച്എഫ്എൽ അറിയിച്ചു. ഭവനവായ്പ പലിശ നിരക്കിൽ കുറവ് വരുത്തുന്നത് ഉപഭോക്താക്കളുടെ ആത്മവിശ്വാസം വർധിപ്പിക്കുമെന്നും മാനേജിങ് ഡയറക്ടറും സിഇഒയുമായ വൈ വിശ്വനാഥ ഗൗഡ് പറഞ്ഞു.
ഭവന വായ്പകൾക്ക് എക്കാലത്തെയും കുറഞ്ഞ പലിശ നിരക്കാണ് നിലവിൽ വാഗ്ദാനം ചെയ്യുന്നത്. പരമാവധി 30 വർഷമാണ് വായ്പ കാലാവധി. എൽഐസി എച്ച്എഫ്എൽ ആപ്പ് വഴി ഉപഭോക്താക്കൾക്ക് ഭവന വായ്പയ്ക്ക് അപേക്ഷിക്കാം. ഓൺലൈനിലൂടെയാണ് വായ്പ അംഗീകരിക്കുന്നതടക്കമുള്ള നടപടികൾ പൂർത്തിയാക്കുക.
കൂടാതെ ആപ്പ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് എൽഐസി എച്ച്എഫ്എൽ ഓഫീസുകൾ സന്ദർശിക്കാതെ തന്നെ വായ്പാ അപേക്ഷകൾ ട്രാക്ക് ചെയ്യാനും സാധിക്കും.