സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ പുതിയ വായ്പ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. വനിത സഹകരണ സംഘങ്ങള്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന പ്രത്യേക വായ്പ പദ്ധതിയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.
വനിതകളുടെ സാമ്പത്തിക ശക്തീകരണത്തിന് പുറമെ സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളില്‍ കൂടി അവരുടെ പങ്കാളിത്തം ഉറപ്പു വരുത്താനാണ് വനിതാ വികസന കോര്‍പ്പറേഷന്‍ രണ്ട് വായ്പ പദ്ധതികള്‍ക്ക് തുടക്കമിട്ടതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.
സംസ്ഥാനത്തെ വനിതാ സഹകരണ സംഘങ്ങള്‍ക്ക് വേണ്ടിയുള്ള വായ്പ സഹായ പദ്ധതിയ്ക്കും ദേശീയ സഫായ് കരംചാരി ധനകാര്യ വികസന കോര്‍പ്പറേഷന്റെ മഹിളാ സമൃദ്ധി യോജന വായ്പാ പദ്ധതിയ്ക്കുമാണ് തുടക്കമിട്ടത്.
വനിതകള്‍ക്ക് വേണ്ടിയുള്ള നിരവധി സാമ്പത്തിക ശാക്തീകരണ, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഈ രണ്ട് വായ്പാ പദ്ധതികളും കൂടുതല്‍ കരുത്ത് പകരുമെന്നും മന്ത്രി വ്യക്തമാക്കി.
വനിതാ സഹകരണ സംഘങ്ങളുടെ സംസ്ഥാനതല അപെക്സ് ബോഡിയായ വനിതാ ഫെഡിനോട് സഹകരിച്ച് കൊണ്ടാണ് സഹകരണ സംഘങ്ങള്‍ക്ക് വേണ്ടി 6 ശതമാനം പലിശ നിരക്കില്‍ പരമാവധി 10 ലക്ഷം രൂപ വരെ ലഭിക്കുന്ന വായ്പാ പദ്ധതി നടപ്പാക്കുന്നത്
കുടുംബശ്രീയുമായി സഹകരിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വനിതാ ഗ്രൂപ്പുകള്‍ക്ക് 4% പലിശ നിരക്കില്‍ ഒരു ഗ്രൂപ്പിന് പരമാവധി 6 ലക്ഷം രൂപയും ഒരു സിഡിഎസിന് പരമാവധി 50 ലക്ഷം രൂപയും വരെ നല്‍കുന്ന ലഘു വായ്പ പദ്ധതിയാണ് മഹിളാ സമൃദ്ധി യോജന.
യന്ത്രസഹായത്തോടെ ശുചീകരണം മികച്ചതാക്കാന്‍ ഉതകുന്ന വിവിധ പദ്ധതികളും ദേശീയ സഫായ് കരംചാരി ധനകാര്യ വികസന കോര്‍പ്പറേഷന്റെ ഫണ്ട് ഉപയോഗിച്ച് വരും ദിവസങ്ങളില്‍ കോര്‍പ്പറേഷന്‍ നടപ്പിലാക്കും. എന്റെ കൂട് പദ്ധതി വിജയം കണ്ടതിനാല്‍ എല്ലാ ജില്ലകളിലും ആരംഭിക്കാന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.
വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലുകള്‍, ഷോര്‍ട്ട് സ്റ്റേ ഹോമുകള്‍ എന്നിവ ആരംഭിക്കുന്നതാണ്. കേരളത്തിലെ വനിത സംഘങ്ങള്‍ വിചാരിച്ചാല്‍ കുറഞ്ഞ ചെലവില്‍ ഏറ്റവും നല്ല സുരക്ഷ ഒരുക്കാന്‍ സാധിക്കും. കോര്‍പ്പറേഷന്റെ മികച്ച പ്രവര്‍ത്തനം മുന്‍നിര്‍ത്തി 2017 മുതല്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം എന്‍.എസ്.സി.എഫ്.ഡി.സിയുടെ പെര്‍ഫോമന്‍സ് എക്സലന്‍സ് ദേശീയ പുരസ്‌കാരം വനിത വികസന കോര്‍പറേഷന് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ആദ്യ വായ്പ ചുങ്കത്തറ വനിത സഹകരണ സംഘത്തിന് മന്ത്രി കൈമാറി. മഹിളാ സമൃദ്ധി യോജന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടര്‍ എസ്. ഹരി കിഷോറിന് കൈമാറിക്കൊണ്ട് മന്ത്രി നിര്‍വഹിച്ചു.