നാടിന്റെ ജൈവഘടന നിലനിര്‍ത്തുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ കയര്‍ ഭൂവസ്ത്ര വിതാനത്തിന്റെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു.
കയര്‍ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടന്ന കയര്‍ ഭൂവസ്ത്രം പദ്ധതി അവലോകന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. മണ്ണൊലിപ്പ് തടയാനും മണ്ണിന്റെ ജലസംഭരണ ശേഷി വര്‍ധിപ്പിക്കാനും കയര്‍ ഭൂവസ്ത്രത്തിന് കഴിയും. കയര്‍ ഭൂവസ്ത്രം വിരിച്ചയിടങ്ങളില്‍ മണ്ണിന്റെ ജൈവികത ഏറുന്നതായാണ് പഠനങ്ങള്‍ പറയുന്നത്.
തീരസംരക്ഷണത്തിനും ബണ്ട് സംരക്ഷണത്തിനും കയര്‍ ഭൂവസ്ത്ര വിതാനം ഏറെ പ്രയോജനപ്പെടുന്നുണ്ട്. ഈ സാധ്യതകള്‍ ജില്ലയിലും ഉപയോഗപ്പെടുത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കഴിയണം - പി പി ദിവ്യ പറഞ്ഞു. തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കണമെന്നും തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി വികസന പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഇടപെടാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു കഴിയണമെന്നും അവര്‍ പറഞ്ഞു.
കൊവിഡിനെ തുടര്‍ന്ന് മന്ദഗതിയിലായ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി കയര്‍ ഭൂവസ്ത്ര വിതാന പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കുന്നതിനായാണ് കയര്‍ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ പദ്ധതി അവലോകന സെമിനാര്‍ സംഘടിപ്പിച്ചത്.
മണ്ണൊലിപ്പ് തടയല്‍, ചരിവ് പ്രദേശത്തെ കൃഷി സംരക്ഷണം, തോടുകളുടെയും നീര്‍ച്ചാലുകളുടെയും കുളങ്ങളുടെയും തീരസംരക്ഷണം, കാര്‍ഷികാവശ്യങ്ങള്‍ക്ക് കയര്‍ പുതയിടല്‍ വസ്തുക്കളുടെ ഉപയോഗം, റോഡ്, താങ്ങ് ചുമര്‍ എന്നിവയുടെ നിര്‍മാണം തുടങ്ങി കയര്‍ ഭൂവസ്ത്രത്തിന്റെ വിവിധങ്ങളായ ഉപയോഗ സാധ്യതകള്‍ സെമിനാര്‍ ചര്‍ച്ച ചെയ്തു. മണ്ണിനോടും പ്രകൃതിയോടും ഇണങ്ങിക്കൊണ്ടുള്ള നിര്‍മാണ പ്രവൃത്തികള്‍ക്ക് അനുയോജ്യമായ വസ്തുവാണെന്ന നിലയില്‍ കയര്‍ ഭൂവസ്ത്ര വിതാനം ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി നടപ്പാക്കുന്നതിനാല്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും കയര്‍ തൊഴിലാളികള്‍ക്കും തൊഴിലും വരുമാനവും നല്‍കാന്‍ സാധിക്കുമെന്നും സെമിനാര്‍ വിലയിരുത്തി. കയര്‍ ഭൂവസ്ത്രത്തിന്റെ പ്രാധാന്യവും സാധ്യതകളും ഉപയോഗരീതികളും സെമിനാര്‍ അവലോകനം ചെയ്തു.
ജില്ലയില്‍ 64 പഞ്ചായത്തുകളിലായി 881602ചതുരശ്ര അടി കയര്‍ ഭൂവസ്ത്രം വിതാനം ചെയ്യുന്നതിന് 5.73 കോടി രൂപയുടെ ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 352042ചതുരശ്ര മീറ്റര്‍ കയര്‍ ഭൂവസ്ത്ര വിതാന പദ്ധതികള്‍ നടപ്പാക്കുന്നതിന് കയര്‍ ഭൂവസ്ത്ര ഏജന്‍സിയായ കയര്‍ ഫെഡിന് സപ്ലൈ ഓര്‍ഡര്‍ നല്‍കാനും തീരുമാനമായി. സെമിനാറിനോടനുബന്ധിച്ച് കയര്‍ഫെഡ് ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും നടന്നു.
കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. കയര്‍ വികസന ഡയറക്ടര്‍ വി ആര്‍ വിനോദ് മുഖ്യ പ്രഭാഷണം നടത്തി. കയര്‍ പ്രൊജക്ട് ഓഫീസര്‍ എസ് കെ സുരേഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തൊഴിലുറപ്പും കയര്‍ ഭൂവസ്ത്ര സംയോജിത പദ്ധതിയും എന്ന വിഷയത്തില്‍ മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോ. പ്രോഗ്രാം കോ ഓഡിനേറ്റര്‍ ടി പി ഹൈദരലി, കയര്‍ ഭൂവസ്ത്ര വിതാനം-സാങ്കേതിക വശങ്ങള്‍ എന്ന വിഷയത്തില്‍ കയര്‍ഫെഡ് മാര്‍ക്കറ്റിംഗ് മാനേജര്‍ ശ്രീവര്‍ധന്‍ നമ്പൂതിരി എന്നിവര്‍ ക്ലാസ്സെടുത്തു.
കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷമീമ ടീച്ചര്‍, പഞ്ചായത്ത് അസി.ഡയറക്ടര്‍ പി എം ധനീഷ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയിലെ തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ഗ്രാമവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു