സംസ്ഥാനത്ത് സെപ്തംബർ 20ന് മുൻപ് വാക്‌സിനേഷൻ യജ്ഞം ആരംഭിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. തെരുവ് നായ വിഷയത്തിൽ സെപ്റ്റംബർ 20 മുതലാണ് തീവ്ര വാക്‌സിനേഷൻ ഡ്രൈവ് നടത്താൻ ഔദ്യോഗികമായി തീരുമാനിച്ചത്.
ബന്ധപ്പെട്ട വാർത്തകൾ: നായ പ്രേമികൾക്ക് എന്നും പ്രിയം ബീഗിലിനോട്
എന്നാൽ, സംസ്ഥാനത്തെ ബഹുഭൂരിപക്ഷം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും അതിനേക്കാൾ മുൻപ് തന്നെ വാക്‌സിനേഷൻ യജ്ഞം ആരംഭിക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. എങ്കിലും ഇതിനകം തന്നെ നിരവധി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വാക്‌സിനേഷൻ ഡ്രൈവുകൾ ആരംഭിച്ചു കഴിഞ്ഞു.
കൊല്ലം കോർപ്പറേഷൻ സെപ്റ്റംബർ 16നും തിരുവനന്തപുരം കോർപ്പറേഷൻ സെപ്റ്റംബർ 18നും തെരുവ് നായകൾക്ക് വാക്‌സിൻ വിതരണം ചെയ്യാനുള്ള തീവ്രയജ്ഞം ആരംഭിക്കും. കൊല്ലത്ത് വെള്ളിയാഴ്ച നടക്കുന്ന പരിപാടിയിൽ തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പങ്കെടുക്കും. ഗുരുവായൂർ മുൻസിപ്പാലിറ്റിയിൽ നാളെ മുതൽ തെരുവ് നായകൾക്കുള്ള വാക്‌സിനേഷൻ തീവ്ര യജ്ഞം ആരംഭിക്കുകയാണ്. ഇതിന് പുറമേ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ വളർത്തുനായകൾക്കുള്ള വാക്‌സിനേഷൻ പരിപാടിയും നടക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. സർക്കാരിൻറെ ആഹ്വാനപ്രകാരം വാക്‌സിനേഷൻ പ്രവർത്തനങ്ങൾ അതിവേഗം ഏറ്റെടുത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ മന്ത്രി അഭിനന്ദിച്ചു.
ഇന്നും സെപ്തംബർ 20നും ഇടയിൽ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഭരണസമിതി യോഗം ചേർന്ന് തെരുവുനായ ശല്യം പരിഹരിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യും. ഈ യോഗത്തിൽ പ്രോജക്ട് ഭേദഗതിയും ആക്ഷൻ പ്ലാനും തീരുമാനിക്കും. എംഎൽഎമാരുടെ നേതൃത്വത്തിൽ മണ്ഡലാടിസ്ഥാനത്തിൽ ജനപ്രതിനിധികളുടെയും സർവകക്ഷി പ്രതിനിധികളുടെയും യോഗവും വിളിച്ചുചേർക്കും.
സംസ്ഥാനത്തെ എല്ലാ ബ്ലോക്കിലും പട്ടികൾക്കായി എബിസി (അനിമൽ ബെർത്ത് കൺട്രോൾ) സ്റ്റെറിലൈസേഷൻ കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. ആദ്യഘട്ടത്തിൽ രണ്ട് ബ്ലോക്ക് പഞ്ചായത്തിന് ഒരു കേന്ദ്രം എന്ന നിലയിലാണ് ഒരുക്കുക. നിലവിൽ സജ്ജമായ എബിസി കേന്ദ്രങ്ങൾ ഉടൻ തുറക്കും. മറ്റുള്ള സ്ഥലങ്ങളിൽ ഇവ ആരംഭിക്കാനുള്ള നടപടികൾ അതിവേഗം തുടരുകയാണ്.
നായക്കുഞ്ഞുങ്ങളെ പിടികൂടി ചെറുപ്രായത്തിൽ തന്നെ വാക്‌സിനേഷനും ABCയും നടത്താനും നടപടിയും സ്വീകരിക്കും.
നായകളെ പിടികൂടാൻ സന്നദ്ധ പ്രവർത്തകരെ ഉപയോഗിക്കാനുള്ള ശ്രമവും തുടരുകയാണ്. കുടുംബശ്രീ ഇത്തരത്തിൽ താത്പര്യമുള്ളവരുടെ എണ്ണമെടുക്കുന്ന പ്രവർത്തി ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വെറ്റിനറി സർവകലാശാലയാണ് പരിശീലനം നൽകുന്നത്. എബിസി പ്രോഗ്രാമിന് വെറ്റിനറി സർവ്വകലാശാല പിജി വിദ്യാർത്ഥികളെയും ഫൈനൽ ഇയർ വിദ്യാർത്ഥികളെയും ഉപയോഗിക്കും.
തെരുവ് നായകളെ പാർപ്പിച്ച് പരിപാലിക്കുന്നതിന് ഷെൽട്ടറുകൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ആരംഭിക്കാനുള്ള നിർദേശവും നൽകിയിട്ടുണ്ട്. ഇതിനായി ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ ജനകീയ ഇടപെടലിലൂടെ കണ്ടെത്തും. തെരുവ് നായകളുടെ വൻകൂട്ടമുള്ള ഹോട്ട്‌സ്‌പോട്ടുകൾ നിർണയിച്ച് നിരന്തര ഇടപെടൽ നടത്തി നായശല്യം പരിഹരിക്കാൻ നടപടികളെടുക്കും.
മൃഗങ്ങളെയും മനുഷ്യരെയും പട്ടികൾ കടിച്ചതിന്റെ വിശദാംശങ്ങൾ മൃഗ സംരക്ഷണ വകുപ്പിൽ നിന്നും ആരോഗ്യവകുപ്പിൽ നിന്നും ലഭ്യമാക്കിയാണ് ഈ ഹോട്ട്‌സ്‌പോട്ടുകൾ നിർണയിക്കുന്നത്. തെരുവ് നായ വിഷയത്തിൽ ഊർജിത ഇടപെടൽ നടത്താൻ എല്ലാ തദ്ദേശ സ്ഥാപനങ്ങളും രംഗത്തിറങ്ങണമെന്ന് മന്ത്രി ആഹ്വാനം ചെയ്തു.