ആലപ്പുഴ : 'ലോകമേ തറവാട്' കലാപ്രദര്‍ശനത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായിരിക്കുകയാണ് നഗരവല്‍ക്കരണവും കുടിയേറ്റവുമെന്ന കലാസൃഷ്ടി. ജോര്‍ജ്ജ് മാര്‍ട്ടിന്‍ എന്ന ചിത്രകാരനാണ് ഈ കലാസൃഷ്ടി ഒരുക്കിയിരിക്കുന്നത്.
നഗരവത്കരണത്തിന്റെ ഭാഗമായി ലോകത്ത് ഉണ്ടായിട്ടുള്ള മാറ്റങ്ങളാണ് തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചതെന്ന് ജോര്‍ജ് മാര്‍ട്ടിന്‍ പറയുന്നു. സമൂഹത്തില്‍ നിശ്ചലമല്ലാത്ത ഓരോ സംഭവങ്ങള്‍ക്കും രണ്ടു തലങ്ങള്‍ ഉണ്ടെന്നാണ് ജോര്‍ജിന്റെ പക്ഷം. താമസം.
വര്‍ണ്ണശബളമായ കാര്യങ്ങള്‍ക്ക് മറ്റൊരു തലം കൂടി ഉണ്ടാകും. ഇവ രണ്ടും ചേര്‍ന്നാല്‍ ദര്‍ശിക്കാന്‍ കഴിയുന്ന പ്രതിബിംബം ഏറ്റവും ഭംഗിയുള്ളതായിരിക്കും. അതാണ് തന്റെ സൃഷികളില്‍ കാണാന്‍ കഴിയുന്നതെന്ന് കലാകാരന്‍ പറയുന്നു. സമൂഹത്തിന്റെ പല കോണുകളില്‍ നിന്നും പലപ്പോഴായി ദര്‍ശിക്കാന്‍ സാധിച്ചിട്ടുള്ള സംഭവങ്ങള്‍ മറ്റൊരു തലത്തില്‍ പകര്‍ത്തിയെഴുതാനാണ് ഈയൊരു ചിത്രത്തിലൂടെ കലാകാരന്‍ ശ്രമിച്ചിട്ടുള്ളത്.
ജോര്‍ജ് മാര്‍ട്ടിന്റെ രണ്ട് കലാസൃഷ്ടികളാണ് കലാ പ്രദര്‍ശന വേദിയിലുള്ളത്. അങ്കമാലി സ്വദേശിയായ ജോര്‍ജ് മാര്‍ട്ടിന്‍ ഉപരി പഠനത്തിന്റെ ഭാഗമായി കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനത്തേക്ക് കുടിയേറിയതാണ്.
കുട്ടിക്കാലം മുതല്‍ ഇപ്പോള്‍ ഡല്‍ഹിയിലെ ജീവിതം വരെയുള്ള യാത്രയില്‍ സമൂഹത്തില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങളാണ് കലാസൃഷ്ടിയില്‍ പ്രതിഫലിക്കുന്നത്.
കുട്ടിക്കാലം മുതല്‍ ചിത്രരചന അഭ്യസിക്കുന്ന ജോര്‍ജ് മാര്‍ട്ടിന്‍ തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളജില്‍ നിന്നും ബിരുദവും കൊല്‍ക്കത്ത ഗവണ്‍മെന്റ് കോളേജില്‍ നിന്നും മാസ്റ്റര്‍ ബിരുദവും പൂര്‍ത്തിയാക്കി. മുഴുവന്‍ സമയം കലാ പ്രദര്‍ശനവും കലാപ്രവര്‍ത്തനവുമൊക്കെയായി ഡല്‍ഹിയിലാണ് ജോര്‍ജ് മാര്‍ട്ടിന്റെ സ്ഥിരതാമസം.