സംസ്ഥാനത്ത് ഉത്‌പാദിപ്പിക്കുന്ന കേരള ഫാം ഫ്രഷ് പഴങ്ങൾക്കും പച്ചക്കറികൾക്കും തറവിലയായി. ഉത്പാദനച്ചെലവിനൊപ്പം 20 ശതമാനം തുക കൂട്ടിയാണ് തറവില നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ പൈനാപ്പിളിന് മാത്രം അധികവില പറഞ്ഞിട്ടില്ല. അടുത്ത ദിവസം ചേരുന്ന മന്ത്രിതലയോഗത്തിൽ മാത്രമേ തറവില അന്തിമമായി പ്രഖ്യാപിക്കൂ. നവംബർ ഒന്നുമുതൽ തറവില നിലവിൽ വരും.
മരച്ചീനി മുതൽ ഏത്തപ്പഴവും പൈനാപ്പിളും വെളുത്തുള്ളിയും വരെ 16 ഇനങ്ങൾക്കാണ് തറവില. ഇതിൽ പൈനാപ്പിൾ, മരച്ചീനി എന്നിവയ്ക്കുള്ള തറവില കുറവാണെന്ന് കർഷകർ പറയുന്നു. പൈനാപ്പിളിന്റെ ഉത്‌പാദനച്ചെലവ് 15.79 രൂപയാവുമ്പോൾ തറവില 15 രൂപയാണ്.
സംഭരിക്കാനും സംസ്കരിക്കാനുമുള്ള പ്രയാസം കണക്കിലെടുത്താണ് ഈ രീതിയിൽ വില ക്രമീകരിച്ചത് എന്നാണ് കൃഷി വകുപ്പ് പറയുന്നത്. പക്ഷേ, ഇത് കർഷകർക്ക് ഗുണം ചെയ്യില്ല. മരച്ചീനിക്ക് 12 രൂപയാണ് തറവില. ഇതും അപര്യാപ്തമാണ്. അന്തിമമായി അംഗീകരിക്കാത്തതിനാൽ വില മാറ്റാനും സാധ്യതയുണ്ട്.
ഓരോ വർഷത്തേക്കുമാണ് തറവില. കൃഷി വകുപ്പ് തിരഞ്ഞെടുക്കുന്ന മാർക്കറ്റുകളിൽ, വിളകളുടെ സംഭരണവില തറവിലയേക്കാൾ കുറഞ്ഞാൽ വിലയിലെ വ്യത്യാസം കർഷകർക്ക് അക്കൗണ്ടിൽ നൽകും.