ഇന്ന് പുക അടുപ്പുകൾ ഉപയോഗിക്കുന്നവർ വളരെ വിരളമാണെന്ന് തന്നെ പറയാം. അതായത്, കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സബ്സിഡി ഉൾപ്പെടെ അനുവദിക്കുന്ന പശ്ചാത്തലത്തിൽ എൽപിജി സിലിണ്ടറുകളാണ് (LPG Cylinder) മിക്കവരും അടുക്കള ആവശ്യത്തിനായി ഉപയോഗിക്കുന്നത്.
ഇപ്പോഴിതാ, ഇന്ത്യയിൽ ഗ്യാസ് സിലിണ്ടർ (gas cylinder) സംബന്ധിച്ച് പുതിയ നിയമം വന്നിരിക്കുകയാണ്. ഉപഭോക്താക്കൾക്ക് എത്ര എൽപിജി സിലിണ്ടറുകൾ വാങ്ങാമെന്നതിൽ നിയന്ത്രണം കൊണ്ടുവന്നു.
ബന്ധപ്പെട്ട വാർത്തകൾ: പാൽ ഗുണനിലവാരം അന്താരാഷ്ട്ര നിലവാരത്തിലേക്ക്: ജെ ചിഞ്ചുറാണി
ഇതുവരെ സിലിണ്ടർ ബുക്ക് ചെയ്യുന്നതിന് പ്രത്യേക കണക്കുകൾ ഇല്ലായിരുന്നു. ഇനി മുതൽ ഒരു വർഷത്തിൽ 15 സിലിണ്ടറുകൾ മാത്രം (only 15 gas cylinders) ബുക്ക് ചെയ്യാനാകൂ എന്നതാണ് പുതിയ നിബന്ധന. ഇതനുസരിച്ച് പ്രതിമാസം 2 സിലിണ്ടറുകളിൽ കൂടുതൽ വാങ്ങാൻ സാധിക്കില്ല. അതുപോലെ 15 സിലിണ്ടറുകളിൽ 12 എണ്ണത്തിന് മാത്രമാണ് ഇനി സബ്സിഡി ലഭിക്കുകയുള്ളൂ.
അതേ സമയം, ഒക്‌ടോബർ 1 മുതൽ വാണിജ്യ സിലിണ്ടറുകളുടെ വിലയിലും മാറ്റം വന്നിരുന്നു. 25 രൂപ 50 പൈസയാണ് കുറച്ചത്. പുതിയ ഗ്യാസ് വില അനുസരിച്ച് ഡൽഹിയിൽ സിലിണ്ടറിന്റെ വില 1053 രൂപയും മുംബൈയിൽ 1052.5 രൂപയുമാണ്. ചെന്നൈയിൽ 1068.5 രൂപയും കൊൽക്കത്തയിൽ 1079 രൂപയുമായി വില കുറഞ്ഞു. എന്നാൽ വീട്ടാവശ്യത്തിനുള്ള എൽപിജി സിലിണ്ടറുകളുടെ വില കുറച്ചിരുന്നില്ല.
അതേ സമയം, എൽപിജി സിലിണ്ടറുകൾക്ക് സബ്സിഡി നൽകുന്ന കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്ക് കീഴിൽ രാജ്യവ്യാപകമായി ഇതുവരെ 9.49 കോടി ഗ്യാസ് കണക്ഷനുകൾ വിതരണം ചെയ്തിട്ടുണ്ടെന്നാണ് കഴിഞ്ഞ ആഴ്ച ബിജെപി അവകാശപ്പെട്ടത്.
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള അഞ്ച് കോടി കുടുംബങ്ങൾക്ക് സൗജന്യ എൽപിജി കണക്ഷൻ നൽകുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന (Pradhan Mantri Ujjwala Yojana). 2016ലായിരുന്നു പദ്ധതിയ്ക്ക് തുടക്കമായത്.
ഇതിന് രണ്ട് വർഷം കഴിഞ്ഞ് പദ്ധതിയുടെ കീഴിൽ കൂടുതൽ ഗുണഭോക്താക്കളെ ഉൾപ്പെടുത്തി. പട്ടിക ജാതി പട്ടിക വർഗക്കാര്‍, പ്രധാന്‍മന്ത്രി ആവാസ് യോജനയുടെ ഗുണഭോക്താക്കള്‍, അന്ത്യോദയ അന്ന യോജന മറ്റു പിന്നാക്ക വിഭാഗങ്ങള്‍, തോട്ടം തൊഴിലാളികള്‍, വനവാസികള്‍, ദ്വീപുകളില്‍ താമസിക്കുന്നവര്‍ എന്നിവരെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.