ഇന്ത്യൻ നിർമ്മിത ഉത്പന്നങ്ങൾ ഉപയോഗിച്ച് ഇന്ത്യയെ സ്വയം പര്യാപ്തതയിലെത്തിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പിന്തുണച്ച് സൈന്യം. പാരാ മിലിട്ടറി ക്യാന്റീനുകളിൽ ഇനി മേഡ് ഇൻ ഇന്ത്യ ഉത്പന്നങ്ങൾ മാത്രമേ വിൽക്കുകയുള്ളൂവെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ചാണ് തീരുമാനമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
പത്തുലക്ഷം സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ് കുടുംബങ്ങളിലെ അൻപത് ലക്ഷത്തോളം അംഗങ്ങൾ മേഡ് ഇൻ ഇന്ത്യ ഉത്പന്നങ്ങൾ മാത്രം ഉപയോഗിക്കാൻ തീരുമാനിച്ചുവെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. ജൂൺ ഒന്ന് മുതലാണ് ക്യാന്റീനുകളിൽ തീരുമാനം നടപ്പാക്കുക.
വർഷത്തിൽ മൂവായിരം കോടി രൂപയുടെ കച്ചവടം നടക്കുന്ന മേഖലയാണ് സൈനിക ക്യാന്റീനുകൾ. ബി.എസ്.എഫ്, സി.ഐ.എസ്.എഫ്, സി.ആർ.പി.എഫ്, ഐ.ടി.ബി.പി, സശസ്ത്ര സീമാ ബൽ , എൻ.എസ്.ജി , അസം റൈഫിൾസ് എന്നീ സായുധ വിഭാഗങ്ങൾ സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിന്റെ കീഴിലാണ്. എല്ലാ ഇന്ത്യക്കാരും ഇന്ത്യൻ നിർമ്മിത ഉത്പന്നങ്ങൾ കൂടുതലായുപയോഗിച്ചാൽ രാജ്യം സ്വയം പര്യാപ്തമാകുമെന്നും ആഭ്യന്തര മന്ത്രാലയം പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.